ജി20 ഉച്ചകോടിയോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും തമ്മില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ പ്രതിരോധ സഹകരണം ശക്തിപ്പെടുത്താന്‍ ധാരണയായി. നൂതന പ്രതിരോധ സാങ്കേതികവിദ്യകളുടെയും സംവിധാനങ്ങളുടെയും രൂപകൽപ്പന, വികസനം, പരീക്ഷണം, നിര്‍മ്മാണം എന്നിവയിലെ പങ്കാളിത്തത്തിലൂടെയാണ് പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുക.
ഇതിന് പുറമെ ഇന്‍ഡോ-പസഫിക്കിലെ മൂന്നാം രാജ്യങ്ങൾക്ക് ആവശ്യമായ പ്രതിരോധ സംവിധാനങ്ങളുടെ ഉല്‍പാദനം ഇന്ത്യയില്‍ വിപുലീകരിക്കാനുമുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ചു. ഈ സാഹചര്യത്തില്‍, പ്രതിരോധ വ്യാവസായിക മാർഗരേഖയ്‌ക്ക് എത്രയും വേഗം അന്തിമരൂപം നല്‍കണമെന്നും ഇരുനേതാക്കളും ആവശ്യപ്പെട്ടു.
ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ മാക്രോണിന്റെ അഭിനന്ദനം
ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയത്തിന് ഫ്രഞ്ച് പ്രസിഡന്‍റ് മാക്രോണ്‍ മോദിയെ അഭിനന്ദിച്ചു. ആറ് ദശാബ്ദമായി ബഹിരാകാശ മേഖലയില്‍ നിലനില്‍ക്കുന്ന ഇന്ത്യ- ഫ്രാന്‍സ് സഹകരണത്തെ ഇരുവരും അനുസ്മരിച്ചു. 2023 ജൂണില്‍ ആദ്യത്തെ തന്ത്രപ്രധാന ബഹിരാകാശ സംഭാഷണം നടത്തിയതിന് ശേഷമുള്ള പുരോഗതി ഇരുവരും അവലോകനം ചെയ്തു.
ശക്തമായ ഇന്ത്യ-ഫ്രാന്‍സ് സിവില്‍ ആണവബന്ധം, ജയ്താപുര്‍ ആണവനിലയ പദ്ധതിക്ക് വേണ്ടിയുള്ള ചര്‍ച്ചയിലെ മികച്ച പുരോഗതി എന്നിവ നേതാക്കൾ അംഗീകരിച്ചു. എസ്എംആര്‍-എഎംആര്‍ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിനായി ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും തുടര്‍ച്ചയായ ഇടപെടലിനെ നേതാക്കള്‍ സ്വാഗതം ചെയ്തു. ആണവ വിതരണ സംഘത്തിൽ ഇന്ത്യയുടെ അംഗത്വത്തിനായി ഉറച്ചതും അചഞ്ചലവുമായ പിന്തുണ ഫ്രാന്‍സ് ആവര്‍ത്തിച്ചു.
ഡിജിറ്റല്‍, ശാസ്ത്രം, സാങ്കേതിക നവീകരണം, വിദ്യാഭ്യാസം, സംസ്‌കാരം, ആരോഗ്യം, പരിസ്ഥിതി സഹകരണം തുടങ്ങിയ മേഖലകളില്‍ ഊന്നല്‍ നല്‍കി, ഇന്തോ-പസഫിക്കിനായുള്ള ഇന്തോ-ഫ്രഞ്ച് ക്യാമ്പസിന്റെ മാതൃകയില്‍, ഈ മേഖലകളിലെ സ്ഥാപനപരമായ ബന്ധം ശക്തിപ്പെടുത്തണമെന്ന് ഇരു നേതാക്കളും ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍, സാംസ്‌കാരിക വിനിമയം വിപുലീകരിക്കാനും മ്യൂസിയങ്ങളുടെ വികസനത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനുമുള്ള പ്രതിബദ്ധതയും നേതാക്കൾ ആവര്‍ത്തിച്ചു.
ആഗോള വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനും കൂടുതല്‍ സുസ്ഥിരമായ ആഗോള ക്രമം കെട്ടിപ്പടുക്കുന്നതിനുമുള്ള അന്താരാഷ്‌ട്ര ശ്രമങ്ങളില്‍ സമഗ്രതയും ഐക്യവും യോജിപ്പും വികസിപ്പിച്ച ഇന്ത്യയുടെ ജി20 അധ്യക്ഷതയ്‌ക്ക് ഫ്രാന്‍സ് നിരന്തരം നല്‍കുന്ന പിന്തുണയ്‌ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന് നന്ദി പറഞ്ഞു. ഇന്ത്യയും ഫ്രാന്‍സും ആഫ്രിക്കന്‍ യൂണിയന്റെ ജി-20 അംഗത്വത്തെ സ്വാഗതം ചെയ്യുകയും ആഫ്രിക്കയുടെ പുരോഗതിക്കും അഭിവൃദ്ധിയ്‌ക്കും വികസനത്തിനുമായി ആഫ്രിക്കന്‍ യൂണിയനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിലേക്ക് ഉറ്റുനോക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: