തിരുവനന്തപുരം: സ്വന്തമായി ഉപഗ്രഹം വികസിപ്പിച്ച് വുമണ്‍സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍. തിരുവനന്തപുരം പൂജപ്പുരയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി കോളേജിലെ പെണ്‍കുട്ടികളാണ് വിമണ്‍ എഞ്ചിനീയേര്‍ഡ് സാറ്റ്ലൈറ്റ് എന്ന് പേരിട്ടിരിക്കുന്ന (വിസെറ്റ്) ഉപഗ്രഹം നിര്‍മ്മിച്ചത്. ഇസ്രോയുമായി കൈകോര്‍ത്ത് വിക്ഷേപണത്തിനൊരുങ്ങുകയാണ് വിസെറ്റ്. രാജ്യത്ത് ആദ്യമായാണ് പൂര്‍ണമായും സ്ത്രീകള്‍ നിര്‍മ്മിച്ച ഉപഗ്രഹം വിക്ഷേപണത്തിനൊരുങ്ങുന്നത്.
ഈ വര്‍ഷാവസാനത്തില്‍ പിഎസ്എല്‍വി വഴി വിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്. ഒരു കിലോഗ്രാം ഭാരം വരുന്ന സാറ്റ്ലൈറ്റ് കോപാസഞ്ചര്‍ സാറ്റ്ലൈറ്റ് ആയിട്ടായിരിക്കും വിക്ഷേപണം നടത്തുക. ഭൂമിയില്‍ പതിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികളും അവ കാലാവസ്ഥ വ്യതിയാനത്തെ എങ്ങനെ ബാധിക്കുന്നു എന്നതില്‍ പഠനം നടത്തുകയാണ് ഉപഗ്രഹത്തിന്റെ ലക്ഷ്യം.
മൂന്ന് വര്‍ഷമെടുത്താണ് വിദ്യാര്‍ത്ഥികള്‍ ഉപഗ്രഹം നിര്‍മ്മിച്ചത്. കോളേജിലെ ബഹിരാകാശ ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. അസിസ്റ്റന്റ് പ്രഫസറും കോളേജ് ബഹിരാകാശ ക്ലബ് കോര്‍ഡിനേറ്ററും ആയ ലിസി എബ്രഹാം ആണ് കുട്ടികളുടെ ഗവേഷണത്തിന് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: