തിരുവനന്തപുരം: സോളാർ വിഷയത്തിൽ കെ.ബി ഗണേഷ് കുമാറിന് എതിരെയുള്ള വെളിപ്പെടുത്തലിൽ നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിൽ ചർച്ച. ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്നു മണിവരെയാണ് ചർച്ച. സോളാർ ലൈംഗികാരോപണത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോർട്ടിൽ ചർച്ച വേണമെന്ന പ്രതിപക്ഷ എം. എൽ എ ഷാഫി പറമ്പിലിന്റെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിക്കുകയായിരുന്നു.
പരാതിക്കാരി ആവശ്യപ്പെട്ട പ്രകാരമാണ് സോളാർ കേസിൽ അന്വേഷണം സിബിഐയെ ഏൽപ്പിച്ചതെന്നും സിബിഐ കോടതിവിധി സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന കാര്യം മാത്രമേ സർക്കാരിന് അറിയൂവെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ഇതുസംബന്ധിച്ച റിപ്പോർട്ട് സർക്കാറിന് ലഭിച്ചിട്ടില്ല. അതുകൊണ്ട് ഇതിന് നിയമസഭയിൽ സർക്കാർ മറുപടി പറയണം എന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ മറുപടി പറയാൻ സാധിക്കില്ല. എന്നാലും വിഷയത്തിൽ ചർച്ച ആകാമെന്നാണ് മുഖ്യമന്ത്രി നിലപാട് എടുത്തത്. തുടർന്നാണ് രണ്ടു മണിക്കൂർ ചർച്ചയ്ക്ക് സ്പീക്കർ അനുമതി നൽകുകയായിരുന്നു.
സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കെ.ബി ഗണേഷ് കുമാറും ബന്ധു ശരണ്യ മനോജും ഗൂഡാലോചന നടത്തിയെന്ന് സിബിഐ റിപ്പോർട്ട് വന്നിരുന്നു. പരാതിക്കാരിയുടെ പേരില്‍ പുറത്തുവന്ന കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും സാമ്പത്തികനേട്ടത്തിനായി പരാതിക്കാരി ഉന്നയിച്ച വ്യാജ ആരോപണമായിരുന്നു ഇതെന്നും സി.ബി.ഐ. കണ്ടെത്തി. കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ., അദ്ദേഹത്തിന്റെ ബന്ധു ശരണ്യാ മനോജ്, വിവാദ ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ ഇതിനായി ഇടപെടല്‍ നടത്തിയെന്നും റിപ്പോട്ടില്‍ പറയുന്നു.
പരാതിക്കാരിയുടെ കത്ത് തന്റെ സഹായിയെ വിട്ട് ഗണേഷ് കുമാർ കൈവശപ്പെടുത്തുകയായിരുന്നുവെന്നും ശരണ്യ മനോജ് നൽകിയ മൊഴിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നുമാണ് സിബിഐ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: