ന്യൂദല്‍ഹിയില്‍ രണ്ട് ദിവസമായി ചേര്‍ന്ന ജി-20 ഉച്ചകോടി ഭാരതത്തിന്റെ ലോകനേതൃത്വം വിളംബരം ചെയ്യുന്നതായിരുന്നു. അടുത്ത അധ്യക്ഷപദവി ബ്രസീല്‍ പ്രസിഡന്റ് ലുല ഡി സില്‍വയ്‌ക്ക് കൈമാറിയതോടെയാണ് ലോകരാജ്യങ്ങള്‍ മുഴുവന്‍ ഉറ്റുനോക്കിയ സമ്മേളനത്തിന്റെ സമാപനം കുറിച്ചത്. ഇതുവരെ ഭാരതം വഹിച്ചുപോന്ന അധ്യക്ഷപദവിയുടെ കാലാവധി അടുത്ത നവംബറില്‍ അവസാനിക്കും. ഡിസംബറില്‍ ബ്രസീല്‍ ഔദ്യോഗികമായി പദവി ഏറ്റെടുക്കുകയും ചെയ്യും. അടുത്ത ഡിസംബറില്‍ ജി-20 രാഷ്‌ട്രങ്ങളുടെ മറ്റൊരു യോഗം ഓണ്‍ലൈനായി ചേരണമെന്നും, ദല്‍ഹി ഉച്ചകോടി പരിഗണിച്ച വിഷയങ്ങള്‍ അന്ന് അവലോകനം ചെയ്യണമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശം അംഗീകരിച്ചത് പുതിയൊരു കീഴ്‌വഴക്കം സൃഷ്ടിച്ചിരിക്കുകയാണ്. ജി-20 ഉച്ചകോടി കേവലമായ ഒരു സമ്മേളനമാവാന്‍ പാടില്ലെന്നും, അതിന്റെ ലക്ഷ്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള ബാധ്യതയുണ്ടെന്നും വിളിച്ചറിയിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. നിരവധി രാഷ്‌ട്രത്തലവന്മാര്‍ പങ്കെടുത്ത സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെയായിരുന്നു. മോദിയുമായി സൗഹൃദം പങ്കിടാനും കൂടിക്കാഴ്ചകള്‍ക്കും ലോകനേതാക്കള്‍ കാണിച്ച താല്‍പര്യം പ്രകടമായിരുന്നു. ജി-20 അധ്യക്ഷപദവി വെറുമൊരു ആഡംബര പദവിയല്ലെന്ന് നരേന്ദ്ര മോദി തെളിയിച്ചിരിക്കുന്നു. ഊഴമനുസരിച്ച് ലഭിക്കുന്ന ഒരു പദവി മാത്രമല്ല ജി-20 അധ്യക്ഷസ്ഥാനമെന്ന് ലോകത്തെ മോദി ബോധ്യപ്പെടുത്തിയിരിക്കുകയാണ്. ഇത് രാഷ്‌ട്രങ്ങളുടെ ഈ കൂട്ടായ്മയെ കൂടുതല്‍ അര്‍ത്ഥപൂര്‍ണമാക്കും.
സംഭവബഹുലമായ നടപടിക്രമങ്ങളും ചരിത്രപരമായ തീരുമാനങ്ങളും ദല്‍ഹി ജി-20 ഉച്ചകോടിയെ വ്യത്യസ്തമാക്കുകയുണ്ടായി. ഇതിലൊന്ന് ആഫ്രിക്കന്‍ യൂണിയന് സ്ഥിരാംഗത്വം നല്‍കിയതാണ്. ആരെയും പിന്നിലാക്കരുതെന്നും, എല്ലാ ശബ്ദവും കേള്‍ക്കണമെന്നുമുള്ള നയത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി മോദി മുന്‍കയ്യെടുത്താണ് ഈ തീരുമാനമുണ്ടായത്. 100 കോടി ജനങ്ങളുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതോടെ ലോകത്തെ രാഷ്‌ട്രങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്മയായി ജി-20 മാറും. വന്‍ശക്തികള്‍ നോക്കുകുത്തികളായി നില്‍ക്കുന്ന ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സംയുക്ത പ്രഖ്യാപനമുണ്ടായതാണ് മറ്റൊന്ന്. ഇന്നത്തെ കാലം യുദ്ധത്തിന്റേതല്ല എന്ന ഭാരതത്തിന്റെ നിലപാടാണ് ഇക്കാര്യത്തില്‍ സമവായത്തില്‍ എത്തിച്ചേരാന്‍ ഇടയാക്കിയത്. ഇവിടെയും പ്രധാനമന്ത്രി മോദിയുടെ നേതൃത്വം നിര്‍ണായകമായി. ഭാരതത്തെയും ഗള്‍ഫ് രാജ്യങ്ങളെയും യൂറോപ്പിനെയും ഉള്‍പ്പെടുത്തി സാമ്പത്തിക ഇടനാഴി സജ്ജമാക്കാന്‍ തീരുമാനിച്ചത് വലിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചേര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ്‌ജോ ബൈഡനും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചത് വര്‍ത്തമാന ലോകത്തിന്റെയും ഭാവികാലത്തിന്റെയും ഗതിയെ നിയന്ത്രിക്കും. ഭാരതത്തിന്റെ താല്‍പര്യങ്ങള്‍ക്കെതിരെ ചൈന മുന്‍കയ്യെടുത്ത് നടപ്പാക്കുന്ന ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയെ നിഷ്പ്രഭമാക്കുന്നതാണ് ഈ കരാര്‍. ഭാരതത്തെ ഒറ്റപ്പെടുത്താനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണിത്.
‘ഇന്ത്യ’ ഇനിമുതല്‍ ‘ഭാരതം’ ആവുകയാണെന്ന ചൂടേറിയ ചര്‍ച്ചകള്‍ക്ക് നടുവിലാണ് ജി-20 ഉച്ചകോടിക്ക് രാജ്യ തലസ്ഥാനത്ത് തുടക്കം കുറിച്ചത്. ഭാരതീയ സംസ്‌കൃതിയുടെയും ദര്‍ശനസമഗ്രതയുടെയും പ്രതീകമായ കൂറ്റന്‍ നടരാജ വിഗ്രഹത്തെ സമ്മേളനം നടക്കുന്ന വേദിക്ക് പുറത്ത് സാക്ഷിയാക്കി നിര്‍ത്തിയാണ് ജി-20 ഉച്ചകോടി നടന്നത്. പ്രധാനമന്ത്രി മോദിയുടെ ഇരിപ്പിടത്തിന് മുന്നില്‍ വച്ചിരുന്നത് ഭാരത് എന്ന ബോര്‍ഡാണ്. ഇതിനു മുന്‍പുള്ള അന്താരാഷ്‌ട്ര സമ്മേളനങ്ങളില്‍ ഇന്ത്യ എന്നാണുണ്ടായിരുന്നത്. ഇതില്‍നിന്ന് ഇപ്പോഴത്തെ മാറ്റം പ്രകടമാണ്. ഇനി ഐക്യരാഷ്‌ട്രസഭയിലും ഇന്ത്യ, ഭാരത് ആയിമാറുന്ന കാലം വിദൂരമല്ല. നടപടിക്രമങ്ങള്‍ പാലിച്ച് അഭ്യര്‍ത്ഥിക്കുകയാണെങ്കില്‍ ഭാരതം എന്ന പേര് അംഗീകരിക്കാന്‍ യാതൊരു തടസ്സവുമില്ലെന്ന് ഐക്യരാഷ്‌ട്രസഭാ അധികൃതര്‍തന്നെ വ്യക്തമാക്കിയിരിക്കുന്നു. ഇന്ത്യ, ഭാരതം ആവുകയും, ഭാരതത്തിലേക്ക് ലോകം വന്നുചേരുകയും ചെയ്യുന്ന ഒരു കാലത്തെയാണ് മറ്റ് പലതിനുമൊപ്പം ദല്‍ഹിയിലെ ജി-20 ഉച്ചകോടിയും അടയാളപ്പെടുത്തിയത്. ജനസംഖ്യയുടെ കാര്യത്തില്‍ ഭാരതം ഒരു വന്‍ശക്തിയാണെന്നും, ചൈനയ്‌ക്ക് മുന്നിലാണെന്നുമുള്ള ആഫ്രിക്കന്‍ യൂണിയന്‍ പ്രസിഡന്റ് അസാലി അസൗമനിയുടെ പ്രസ്താവന ഇതിനോട് ചേര്‍ത്തുവായിക്കാവുന്നതാണ്. ലോകത്തിന്റെ ധാര്‍മിക നേതൃത്വം ഭാരതത്തിനാണെന്നും, മറ്റാര്‍ക്കും അതിന് അര്‍ഹതയില്ലെന്നും തെളിയിക്കപ്പെട്ടിരിക്കുന്നു. ഇനിയങ്ങോട്ടുള്ള ഭാരതം പഴയ ഇന്ത്യയായിരിക്കില്ലെന്ന് ഉറപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: