നീലേശ്വരം: നീലേശ്വരം എഫ്‌സിഐ ഗോഡൗണില്‍ വാഗണുകളില്‍നിന്ന് ചരക്കിറക്കുന്ന സ്ഥലത്തെ തകര്‍ന്ന റോഡിലെ വെള്ളക്കെട്ട് ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്നു. ചരക്കിറക്കുമ്പോള്‍ ചാക്കില്‍നിന്ന് ധാന്യങ്ങള്‍ ഉതിര്‍ന്ന് ചെളിവെള്ളത്തിലാണ് വീഴുന്നത്. ഇത് കുതിരുമ്പോള്‍ ദുര്‍ഗന്ധവും കൊതുകുകള്‍ പെറ്റുപെരുകാനും ഇടയാക്കുന്നു. എഫ്‌സിഐയിലെ തൊഴിലാളികള്‍ക്കു പുറമെ തീവണ്ടി യാത്രക്കാര്‍ക്കുമാണ് ഇത് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തതോടെ റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞു. ദിവസവും 60 ലോറികള്‍ ധാന്യങ്ങള്‍ കയറ്റാനും ഇറക്കാനും ഇവിടെ എത്തുന്നു. ജില്ലയിലെ മുഴുവന്‍ റേഷന്‍ കടകളിലേക്കുമുള്ള അരി, പഞ്ചസാര, ഗോതമ്പ്, മറ്റ് ധാന്യങ്ങള്‍ എന്നിവ ലോറിയില്‍ കയറ്റി തകര്‍ന്ന റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. റെയില്‍വേയുടെ അധീനതയിലുള്ള സ്ഥലത്തുള്ള റോഡായതിനാല്‍, തങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് നഗരസഭയും പൊതുമരാമത്ത് വകുപ്പും പറയുന്നു. അതിനാല്‍ ഇക്കാര്യത്തില്‍ റെയില്‍വേ അടിയന്തരമായും ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: