ഭിന്നശേഷി ഉള്ളവരുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ദേശീയ സംഘടനയായ സക്ഷമ ഏറ്റെടുത്ത് നടപ്പാക്കിവരുന്ന പ്രധാന പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് മരണാനന്തര നേത്രദാനം. ലക്ഷക്കണക്കിന് സഹോദരങ്ങളാണ് കാഴ്ച പരിമിതി മൂലം ബുദ്ധിമുട്ടുന്നത്. ഇതില്‍ നിരവധി പേര് കോര്‍ണിയയുടെ തകരാറുമൂലം കാഴ്ച വെല്ലുവിളി നേരിടുന്നവരാണ്. കോര്‍ണിയ മാറ്റിവയ്ക്കുന്നതിലൂടെ ഇത്തരത്തിലുള്ളവരുടെ കാഴ്ച വൈകല്യം പൂര്‍ണ്ണമായും ഭേദമായി മനോഹരമായ ഈ ലോകം കാണുവാനും അവരുടെ കുടുംബത്തിന് ആശ്രയമായി ഒരു പുതുജീവിതം തുടങ്ങുവാനും സാധിക്കും.
കാഴ്ച പരിമിതി മൂലം വിദ്യാഭ്യാസം പോലും തുടരാന്‍ കഴിയാത്ത നിരവധി ചെറുപ്പക്കാര്‍ നമുക്ക് ചുറ്റുമുണ്ട്. മരണാനന്തര നേത്രദാനത്തിലൂടെ കിട്ടുന്ന നേത്രപടലം ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് വച്ചുപിടിപ്പിക്കുവാനുള്ള സാങ്കേതികവിദ്യ വികസിച്ചിരിക്കുന്നു. മരണസമയത്തെ അടിയന്തരമായ ഒരു ഇടപെടലിലൂടെ മാത്രമേ നേത്രദാനം എന്ന മഹദ് കര്‍മ്മം സാധ്യമാകൂ.
ഈ സന്ദേശം സമൂഹത്തില്‍ എത്തിക്കുക എന്ന ദൗത്യം മുന്‍നിര്‍ത്തി ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ 8 വരെ നടക്കുന്ന ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി സക്ഷമ നിര്‍മ്മിച്ചിട്ടുള്ള ഷോര്‍ട്ട് മൂവിയാണ് മായാത്ത മാരിവില്ല്.
മരിച്ചുപോകുന്നവരുടെ കണ്ണുകള്‍ക്ക് അതിജീവനം സാധ്യമാണെന്നും, അത് അന്ധതമൂലം കഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് പകര്ന്നുനല്കി ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് അവരെ കൈപിടിക്കാനുള്ള ആര്‍ദ്രത എല്ലാവരിലും ഉണ്ടാകണമെന്ന് സന്ദേശമാണ് ഈ ചെറുചിത്രം നല്‍കുന്നത്. ഒരു സിനിമയുടെ കെട്ടിലും മട്ടിലും നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം ബോധവല്‍ക്കരണം നിര്‍വഹിക്കുക എന്നതിനോടൊപ്പം ഒരു സിനിമയുടെ ആസ്വാദനവും നിലനിര്‍ത്തുന്നു.
ഈ ചിത്രത്തിന്റെ ഏറ്റവും വലിയ കാഴ്ച വെല്ലുവിളി നേരിടുന്നവരാണ്. ഗാന രചനയും ആലാപനവും നടത്തിയിട്ടുള്ളത് എന്നതാണ്. ഉദയന്‍ കോക്കോടിന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് കീഴ്മാട് ബ്ലൈന്‍ഡ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി അഭിഷേക്, പാലക്കാട് നിന്നുള്ള അഞ്ചു ബാലകൃഷ്ണന്, തിരുവനന്തപുരത്തു നിന്നുള്ള ഐശ്വര്യ എസ് നായര്‍ എന്നിവരാണ്. അനു ബി ഐവര്‍ സംഗീതം നല്കിയ മനോഹരമായ ഗാനം ഇതിനോടകം തന്നെ സമൂഹം ഏറ്റെടുത്തു കഴിഞ്ഞു.
ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുള്ളത് മലയാള സിനിമയില്‍ സഹസംവിധാന രംഗത്ത് പ്രവര്‍ത്തിക്കുന്ന സുനിത് സോമശേഖരന്‍ ആണ്. ക്യാമറ എഡിറ്റിങ്, കളര്‍ എന്നിവ ചെയ്തിരിക്കുന്നത് ആര്. അനന്തകൃഷ്ണ. അസോസിയേറ്റ് ഡയറക്ടര്‍- അഖില്‍ദാസ്, കിഷോര്‍ ഡി. പവിലാല്, കോസ്റ്റ്യൂം – രമ്യശ്രീ, ആര്‍ട്ട്-അനിരുദ്ധ് സജീവ്. വിജയ് ജേക്കബ്, ഉണ്ണിമായ, അഞ്ചു എബ്രഹാം, എസ് മാധവ ശങ്കര്‍, ആല്വിന് മുകുന്ത്, പ്രദീപ് എടത്തല, ഡോക്ടര്‍ ഗോപാല്‍ എസ് പിള്ള, ശിവപ്രസാദ് കൊടുങ്ങല്ലൂര്‍, രോഹിത് എസ്, രോഹിത് ജി, ഗോപാലകൃഷ്ണ പിഷാരടി, മോനിഷ് ഉണ്ണിത്താന്, രാം ഭഗീരത്, നിതാര കൃഷ്ണകുമാര്‍, സന്ധ്യ ഗോപാല്‍ എന്നിവരാണ് അഭിനേതാക്കള്‍.
കേരളത്തിലെ എല്ലാ ജില്ലകളിലും ഈ ദിവസങ്ങളില്‍ കോളേജുകള്‍, യൂണിവേഴ്സിറ്റികള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹിക ശ്രദ്ധ കിട്ടുന്ന പൊതു ഇടങ്ങള്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് നേത്രദാനത്തിന്റെ മഹത്വം വിവരിച്ച് സമൂഹത്തെ നേത്രദാനം എന്ന മഹദ് കര്‍മ്മത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തും.
പകരുന്ന കാഴ്ചയിലൂടെ പടരുന്ന നന്മയാണ് സക്ഷമ ലക്ഷ്യമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: