മലയാളത്തിന്റെ മഹാക്ഷേത്രസന്നിധികളിലെ പഞ്ചവാദ്യ വേദികളിലും കഥകളിയരങ്ങുകളിലും ഒരുപോലെ ശോഭിച്ച മദ്ദളവാദ്യ മാന്ത്രികനായിരുന്ന സാക്ഷാല്‍ ചാലക്കുടി നാരായണന്‍ നമ്പീശന് ജന്മശതാബ്ദി. അരങ്ങുകളില്‍ അരനൂറ്റാണ്ടുപോലും തികയ്‌ക്കാതെ ജീവിതകാലം കൊട്ടിക്കലാശിച്ചെങ്കിലും അരയിലേന്തിയ അനവദ്യവാദ്യമായ മദ്ദളത്തില്‍ അത്ഭുതങ്ങള്‍ തീര്‍ത്ത അനുപമപ്രതിഭയായിരുന്നു ചാലക്കുടി നമ്പീശന്‍. മദ്ദളത്തിന്റെ വലംതലയില്‍ വൈപുല്യവും വൈവിധ്യാത്മകമാര്‍ന്നതുമായ ശബ്ദവിന്യാസങ്ങളാല്‍ സംഗീതാത്മകതയൊരുക്കിയ പ്രതിഭ. ഇടതുകയ്യിന്റെ സ്വാധീനം വലന്തലയില്‍ വിസ്മയശില്‍പങ്ങളുതിര്‍ത്ത നമ്പീശന്‍ അന്നുതുടങ്ങിയ ചാപ്പുപൊത്തുകള്‍ വര്‍ത്തമാനകാലപഞ്ചവാദ്യവേദികളെ ത്രസിപ്പിച്ചുകൊണ്ടിരിക്കുന്നു.
1923 മാര്‍ച്ച് 23 ന് ചാലക്കുടിക്കടുത്ത് മേലൂര്‍ പുഷ്പകത്ത് നീലവേണി ബ്രാഹ്മണിയമ്മയുടെയും കിഴക്കേ പുഷ്പകത്തു നാരായണന്‍ നമ്പീശന്റെയും പുത്രനായാണ് ചാലക്കുടി നമ്പീശന്‍ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസശേഷം മദ്ദളവാദനത്തിലേക്കു തിരിഞ്ഞു. വെള്ളാറ്റഞ്ഞൂര്‍ തെക്കേ പുഷ്പകത്തു ശങ്കരന്‍ നമ്പീശനില്‍ നിന്നും മൂന്നുവര്‍ഷം മദ്ദളം പരിശീലിച്ച് വെള്ളാറ്റഞ്ഞൂര്‍ ശ്രീരാമക്ഷേത്രത്തില്‍ കേളി കൊട്ടി അരങ്ങേറി. വൃശ്ചികത്തിലെ തൃക്കാര്‍ത്തിക നാളില്‍ ചിറ്റണ്ട കാര്‍ത്ത്യായനീക്ഷേത്രത്തിലായിരുന്നു അരങ്ങിലെ ആദ്യപഞ്ചവാദ്യവേദി. പഞ്ചവാദ്യരംഗത്താണ് ദീര്‍ഘകാലവും പ്രവര്‍ത്തിച്ചിരുന്നത്. ആദ്യകാലത്ത് നമ്പീശന്‍കുട്ടി എന്നപേരില്‍ അറിയപ്പെട്ടു. ചെണ്ടയുടെ ആശാനായ കലാമണ്ഡലം കൃഷ്ണ്‍കുട്ടിപൊതുവാളുടെ ശിക്ഷണം മദ്ദളത്തില്‍ ലഭിച്ച അത്ഭൂതപ്രതിഭയാണ് നമ്പീശന്‍. 1135 വൃശ്ചികത്തില്‍ കുഴൂര്‍ സുബ്രഹ്മണ്യക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് പഞ്ചവാദ്യം കഴിഞ്ഞ് മടങ്ങിപ്പോകാനൊരുങ്ങിയ നമ്പീശനെ കുഴൂര്‍ കുട്ടപ്പമാരാരാണ് കഥകളി കണ്ടുമടങ്ങിയാല്‍ മതിയെന്ന് നിര്‍ബന്ധിച്ചത്. കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാളും കലാമണ്ഡലം കൃഷ്ണന്‍നായരുമൊക്കെ സംഗമിക്കുന്ന കളികാണാനായി കുട്ടപ്പമാരാരുടെ വീട്ടില്‍ കൂടുകയായിരുന്നു. കളി തുടങ്ങേണ്ട സമയമായിട്ടും മദ്ദളത്തിനെത്തേണ്ടിയിരുന്ന കലാമണ്ഡലം അപ്പുകുട്ടിപ്പൊതുവാള്‍ എത്തിയിട്ടില്ല. കൊണ്ടുവരാം എന്ന് ഏറ്റിരുന്നതാകട്ടെ, കൃഷ്ണന്‍കുട്ടിപ്പൊതുവാളും. അന്ന് കൃഷ്ണ്‍കുട്ടിപ്പൊതുവാളിന്റെ നിര്‍ബന്ധത്തിനു വഴങ്ങി യാദൃശ്ചികമായി കളിയരങ്ങില്‍ മദ്ദളക്കാരനാകേണ്ടിവന്നു. പുറപ്പാടും മേളപ്പദവും വിസ്തരിച്ചുണ്ടായി. ഇതേത്തുടര്‍ന്ന് കഥകളിരംഗത്തേക്കുവരാന്‍ കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍ നിര്‍ബന്ധിക്കുകയും മാവേലിക്കര വാരണാസി മാധവന്‍നമ്പൂതിരിയുടെ ഇല്ലത്തുവച്ച് കൃഷ്ണന്‍കുട്ടി പൊതുവാളിന്റെ ശിക്ഷണത്തില്‍ കഥകളി മദ്ദളപഠനം തുടങ്ങുകയുമായിരുന്നു. കൊല്ലവര്‍ഷം 1136 ചിങ്ങത്തില്‍ അഷ്ടമിരോഹിണിദിനത്തില്‍ മാവേലിക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ കഥകളിക്കൊട്ടില്‍ അരങ്ങേറി.
ഇരിങ്ങാലക്കുട ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന നമ്പീശന്‍ പിന്നീട് എം.കെ.കെ. നായര്‍ സ്ഥാപിച്ച ഫാക്ട് കഥകളി സ്‌കൂളില്‍ അദ്ധ്യാപകനായി. കഥകളിയിലെ മദ്ദളവാദനത്തിന് നവീനശൈലി കൈവരിക്കാന്‍ കഴിഞ്ഞത് നമ്പീശനിലൂടെയാണ്. സംഗീതാസ്വാദനം പോലെ മദ്ദളവാദനാസ്വാദനവും സാധിക്കണമെന്ന ആഗ്രഹവും അതിനായുള്ള പരിശ്രമങ്ങളുമാണ് നമ്പീശനെ ശ്രദ്ധേയനാക്കിയത്. കഥകളിയിലെ മദ്ദള വാദനചരിത്രം മൂത്തമനയിലൂടെയും വെങ്കിച്ചസ്വാമിയിലൂടെയും അപ്പുക്കുട്ടിപ്പൊതുവാളിലൂടെയും ചാലക്കുടി നമ്പീശനിലൂടെയും പരിണമിച്ചുവെന്നാണ് കഥകളി ചരിത്രകാരന്മാര്‍ അടയാളപ്പെടുത്തുന്നത്.
മദ്ദളത്തിന്റെ വലംതലയിലും ഇടംതലയിലും ഒരുപോലെ വൈഭവമുണ്ടായിരുന്ന നമ്പീശനെ മദ്ദളസവ്യസാചി’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. കഥകളി മദ്ദളക്കളരിയിലെ വാദ്യശകലമായ ‘ചോറിട്ട കൈ’യുടെ പ്രയോഗത്തില്‍ വലംതലയിലെ ‘ചാപ്പ്, പൊത്ത്, തുറന്ന്, വക്ക്’ ഈ നാലു സ്ഥാനങ്ങളിലെ പ്രയോഗം നമ്പീശന്റെ മാത്രം പ്രത്യേകതയായിരുന്നു. മുന്‍പേ പോയവരിലും പിന്നീടു വന്നവരിലും കേള്‍ക്കാത്ത മഹത്വമായിരുന്നു ആ പ്രയോഗം. കേട്ടവര്‍ക്കൊക്കെയും അത്ഭുതം ജനിപ്പിച്ച ആ മായാനാദനിര്‍ഝരി ചാലക്കുടി നാരായണന്‍ നമ്പീശന്‍ എന്ന മദ്ദളമാന്ത്രികനു മാത്രം അവകാശപ്പെട്ടതാണ്.
കേരള സംഗീത നാടക അക്കാദമിയുടേതുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ നമ്പീശനെ തേടിയെത്തി. അമേരിക്കന്‍ ഐക്യനാടുകളിലും യൂറോപ്യന്‍ രാജ്യങ്ങളിലും മദ്ദളവുമായി കഥകളിക്കു കൊട്ടിക്കയറി. ചെണ്ട കഴിഞ്ഞാല്‍ മലയാളി നെഞ്ചേറ്റിയ മദ്ദളം എന്ന മഹാവാദ്യത്തിന്റെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ അനുഭൂതികളുടേയും അത്ഭുതങ്ങളുടേയും അടങ്ങാത്ത അക്ഷരകാലമായിരുന്നു ചാലക്കുടി നമ്പീശന്റെ അരങ്ങുജീവിതം . 1982 ഡിസംബര്‍ 4 ന് നമ്പീശന്‍ എന്ന നാദവിസ്മയം അക്ഷരകാലങ്ങളും താളവട്ടങ്ങളുമില്ലാത്ത ലോകത്തേക്ക് യാത്രയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: