മാറനല്ലൂര്‍: നാടിനെ നടുക്കിയ പത്താം കഌസുകാരന്റെ മരണം ആസൂത്രിത കൊലപാതകം. സൈക്കിളോടിച്ച ബാലന് കാറിടിച്ചു മരിച്ച സംഭവത്തിലാണ് വഴിത്തിരിവ്. കുട്ടിയെ പിന്നില്‍ നിന്ന് കാര്‍ കൊണ്ടിടിച്ചു വീഴ്ത്തി കയറ്റിയിറക്കി കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കുട്ടിയോടുള്ള പകയ്ക്കു കാരണം ക്ഷേത്രത്തിനു സമീപത്തെ മദ്യപാനവും മൂത്രമൊഴിക്കലും ചോദ്യം ചെയ്തത്. സംഭവത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് ബന്ധുക്കള്‍.
ആഗസ്റ്റ് 30 ന് വൈകിട്ട് ആറരയോടെയാണ് പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) ജില്ലാ സെക്രട്ടറി എ. അരുണ്‍കുമാറിന്റെയും സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ഐ.ബി. ഷീബയുടെയും ഇളയ മകന് കാട്ടാക്കട ചിന്മയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖര്‍ ദാരുണമായി കൊല്ലപ്പെട്ടത്. തിരുവോണത്തിന്റെ പിറ്റേന്ന് ബന്ധുവായ പൂവച്ചല്‍ ഭൂമികയില്‍ പ്രിയരഞ്ജന്റെ കാറിടിച്ച് മരണമടഞ്ഞ ആദിയുടേത് മനഃപൂര്‍വമല്ലാത്ത അപകടമാണെന്ന് ആദ്യം കരുതിയെങ്കിലും പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് സംഭവം കൊലപാതകമാണെന്ന സൂചനകള്‍ പുറത്തുവന്നത്. ആദി പുളിങ്കോട് ക്ഷേത്രത്തിലെ നിത്യസന്ദര്‍ശകനും തികഞ്ഞ ഈശ്വരവിശ്വാസിയുമായിരുന്നു. പ്രിയരഞ്ജന് ക്ഷേത്രത്തോട് ചേര്‍ന്ന പറമ്പില്‍ സ്ഥിരമായി മദ്യപിക്കുന്നതും ക്ഷേത്രമതിലില്‍ മൂത്രമൊഴിക്കുന്നതും ശ്രദ്ധയില്‍പെട്ട ആദി പ്രതികരിച്ചതാണ് പ്രതികാരത്തിന് കാരണമെന്നു പറയുന്നു.
പലവട്ടം നടത്തിയ ശ്രമത്തിനൊടുവിലാണ് ആദിയെ പ്രിയരഞ്ജന് വകവരുത്താന്‍ അവസരമൊരുങ്ങിയത്. സംഭവദിവസം ക്ഷേത്രത്തിനു സമീപമുള്ള കൂട്ടുകാരന്റെ വീട്ടിലെത്തിയ ആദി മടങ്ങുന്നതും കാത്ത് പ്രിയരഞ്ജന് കെഎല്‍ 19 എന്‍ 6957 നമ്പര്‍ കാറുമായി കാത്തുനില്‍ക്കുന്നത് സിസി ടിവി ദൃശ്യങ്ങളിലുണ്ട്. ആദി കൂട്ടുകാരനുമൊത്ത് പുറത്തു വരുന്നതും സൈക്കിളില്‍ കയറുന്നതുമായ സമയം കാര്‍ പതുക്കെ മുന്നോട്ടെടുക്കുന്നതും സൈക്കിളില്‍ സഞ്ചരിക്കാന്‍ തുടങ്ങവെ കാര്‍ അതിവേഗം മുന്നോട്ടെടുത്ത് ഇടിച്ചുവീഴ്ത്തി കയറ്റിയിറക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ആദിയെ ഇടിച്ചിട്ട ശേഷം പ്രിയരഞ്ജന് മൊബൈല്‍ ഓഫാക്കി കാര്‍ കാട്ടാക്കടയില്‍ ഉപേക്ഷിച്ച് മുങ്ങി.
തിരുവനന്തപുരം നഗരത്തില്‍ ഫ്ലാറ്റില്‍ താമസിക്കുന്ന പ്രിയരഞ്ജന് ഓണാവധിക്കാണ് നാട്ടില്‍ വന്നത്. ദുബായില്‍ ടാറ്റൂ സെന്റര്‍ നടത്തുന്ന ഇയാളുടെ ഭാര്യ കൊലപാതകത്തിന്റെ പിറ്റേദിവസം നാട്ടിലെത്തി. ഇവരാണ് ഭര്‍ത്താവിന്റെ കാറിന്റെ താക്കോല്‍ കാട്ടാക്കട പോലീസ് സ്റ്റേഷനില്‍ കൊണ്ടുകൊടുത്തത്. ഇതും ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് നിഗമനം. സംഭവം നടന്ന് ഇത്രയും നാളായിട്ടും പ്രിയരഞ്ജനെ പിടിക്കാന്‍ പോയിട്ട് എവിടെയാണെന്ന് കണ്ടെത്താന്‍ പോലും കാട്ടാക്കട പോലീസിനായിട്ടില്ല. ഒന്നാം ഓണത്തിനും പ്രിയരഞ്ജന് പുളിങ്കോട് ക്ഷേത്രപരിസരത്ത് എത്തിയതായി ദൃക്സാക്ഷികള്‍ പറയുന്നു. എല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ ആദിയെ മനപൂര്‍വ്വം വകവരുത്തിയതെന്ന് വ്യക്തം.
സ്വയം തീരുമാനമെടുത്ത് മത്സ്യമാംസാഹാരങ്ങള്‍ ഉപേക്ഷിച്ച ആദി ചെണ്ടമേളത്തിലും അഭിനയത്തിലും സാംസ്ക്കാരിക രംഗത്തും ചെറുപ്രായത്തിലേ കഴിവ് തെളിയിച്ചിരുന്നു. കൊലപാതകത്തിനു പിന്നില്‍ മറ്റു വിഷയങ്ങള്‍ ഉണ്ടോ എന്നത് പ്രിയരഞ്ജനെ അറസ്റ്റ് ചെയ്ത് വിശദമായ ചോദ്യം ചെയ്യലിലൂടെയേ പുറത്തുവരൂ. അസ്വാഭാവിക മരണത്തിന് ആദ്യം കേസെടുത്ത പോലീസ് സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കൊലപാതകമാണെന്ന നിഗമനത്തിലാണ് അന്വേഷണം നടത്തുന്നത്. പ്രതിക്കെതിരെ നരഹത്യക്ക് കേസെടുത്തുവെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ പ്രതിക്ക് ചില കേന്ദ്രങ്ങളില്‍ നിന്ന് സഹായമെത്തുന്നതിനാലാണ് നാളിതുവരെയും ഇയാളെ കണ്ടെത്താനാകാത്തത് എന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആക്ഷേപം. ആദിയുടെ അകാല മരണത്തിന്റെ ഞെട്ടലില്‍ നിന്ന് കുടുംബം ഇതുവരെയും മുക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: