ഇടുക്കി: വള്ളക്കടവില്‍ പെരിയാര്‍ കൈയേറി വീണ്ടും കെട്ടിട നിര്‍മാണം. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ 11 ാം വാര്‍ഡില്‍പ്പെട്ട സ്ഥലത്താണ് പുഴയോരം കൈയേറി ദിവസങ്ങളായി അനധികൃത നിര്‍മാണം. സംഭവത്തില്‍ പരാതി ലഭിച്ചതോടെ വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്കി. എന്നാല്‍ അവധിദിനം മുതലെടുത്ത് ഇന്നലെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
2016 അവസാനം ഇതേ സ്ഥലത്ത് നിര്‍മാണം നടത്തിയിരുന്നു. പിന്നീട് ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് 2017ല്‍ റവന്യൂ അധികൃതരെത്തി പണികള്‍ നിര്‍ത്തിവെപ്പിച്ചിരുന്നു. മുന്‍ കോണ്‍ഗ്രസ് നേതാവിന്റെ പേരിലുള്ള സ്ഥലത്തിനോട് ചേര്‍ന്ന് കിടക്കുന്ന ഭൂമിയാണ് കൈയേറി നിര്‍മാണം നടത്തുന്നത്. നമ്പികൈ സ്പൈസസ് ആന്‍ഡ് കോണ്ടിമെന്റ്സ് എന്ന സ്ഥാപനമാണ് ഇവിടെ പ്രവര്‍ത്തിച്ച് വരുന്നത്. ഇവരാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അതേസമയം 25 വര്‍ഷത്തേയ്ക്ക് ഈ സ്ഥലം പാട്ടത്തിന് നല്കി എന്നാണ് മുന്‍ കോണ്‍ഗ്രസ് നേതാവ് പറയുന്നത്.
വിഷയം വാര്‍ഡ് മെമ്പറുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും തനിക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് അവരും ഇടപെടാന്‍ തയ്യാറായില്ല. പീരുമേട് തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവരേയും വിവരം അറിയിച്ചെങ്കിലും ഉദ്യോഗസ്ഥരാരും തിരിഞ്ഞുനോക്കിയില്ല. കാലങ്ങളായി പലതരത്തിലുള്ള അനധികൃത നിര്‍മാണം നടത്തി നിര്‍മിച്ച സ്ഥാപനത്തിന്റെ ഉദ്ഘാടനം വാഴൂര്‍ സോമന് എംഎല്‍എ ആണ് നിര്‍വഹിച്ചത്. നിലവില്‍ ഇവിടെ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പുഴ കാണാന്‍ കയറി നില്‍ക്കുന്നതിനാണ് നിര്‍മാണം നടത്തുന്നത്. ഓര്‍ഡിനറി സിനിമയിലെ പാട്ടുസീന്‍ ചിത്രീകരിച്ച മേഖലയാണിവിടം. ഇതിന്റെ ടൂറിസം സാധ്യത മുന്നില്‍ കണ്ടാണ് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത്. അതേസമയം സംഭവം പരിശോധിച്ച് ആവശ്യമായ നടപടി എടുക്കുമെന്ന് പീരുമേട് തഹസില്‍ദാര്‍ ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: