തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ എംപി പി.കെ. ബിജുവിനെയും സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് മുന്‍ അംഗം സി.കെ. ചന്ദ്രനെയും ചോദ്യം ചെയ്യാന്‍ ഇ ഡി തീരുമാനം. കഴിഞ്ഞദിവസം അറസ്റ്റിലായ സതീഷ്കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്.
പി.കെ. ബിജുവിന് അഞ്ചു കോടി രൂപ കൈമാറി എന്നാണ് സതീഷ്കുമാറിന്റെ വെളിപ്പെടുത്തല്‍. രണ്ടുകോടി രൂപ കൈമാറിയത് സംബന്ധിച്ച് ഓഡിയോ സന്ദേശം തെളിവായി ലഭിച്ചിട്ടുണ്ട്. മൂന്നു കോടി രൂപ കൈമാറിയതിന് സാക്ഷികള്‍ ഉണ്ടെന്നും ഇ ഡി പറയുന്നു. 11 ന് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ തുടര്‍ ദിവസങ്ങളില്‍ പി.കെ. ബിജുവിനെ വിളിപ്പിക്കുമെന്നാണ് ഇ ഡി വൃത്തങ്ങള്‍ നല്കുന്ന വിവരം. അതിനിടെ, തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ എന്ന് കരുതുന്ന കണ്ണൂരിലെ മുതിര്‍ന്ന നേതാവിനെയും വിളിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്. ഈ നേതാവിനും വലിയ തുക സതീഷ്കുമാര്‍ കൈമാറിയിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് തട്ടിയെടുത്ത തുക കൂടുതല്‍ സിപിഎം നേതാക്കള്‍ക്ക് ലഭിച്ചതായ വെളിപ്പെടുത്തല്‍ പുറത്തുവരുന്നതിനെ തുടര്‍ന്ന് പാര്‍ട്ടി കടുത്ത പ്രതിരോധത്തിലായിട്ടുണ്ട്. പണം കൈമാറിയതിന് പുറമേ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും സതീഷ്കുമാര്‍ ഇടപെട്ടതിന്റെ തെളിവുകളും ശേഖരിച്ചിട്ടുണ്ട്. എ.സി. മൊയ്തീന് വേണ്ടിയും പി.കെ. ബിജുവിന് വേണ്ടിയും ഇയാള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു.
വന്‍ തോതില്‍ പണവും ചെലവഴിച്ചിരുന്നു. ഇതു കൂടാതെ തൃശ്ശൂര്‍ ജില്ലയിലെ പത്തോളം സഹ. ബാങ്കുകളില്‍ സതീഷ്കുമാര്‍ അവിഹിതമായി ഇടപെട്ടതായും തെളിവ് ലഭിച്ചിട്ടുണ്ട്. സിപിഎം ഭരണത്തിലുള്ള ബാങ്കുകളാണിവ. ഇവിടെ നിന്നും കമ്മിഷന് വ്യവസ്ഥയില്‍ വായ്പകള്‍ ശരിയാക്കി കൊടുക്കുക, ജപ്തി നടപടി നേരിടുന്ന വായ്പകള്‍ ഏറ്റെടുത്ത് ആ ഭൂമി ചുളുവിലയ്ക്ക് സ്വന്തമാക്കുക തുടങ്ങിയ പരിപാടികളും സതീഷ്കുമാര്‍ നടത്തിയിരുന്നതായാണ് വിവരം.
സതീഷ്കുമാറിന്റെ നോമിനിയായി എത്തുന്നവര്‍ക്ക് ബാങ്കുകളില്‍ നിന്ന് വളരെ പെട്ടെന്ന് വായ്പകള്‍ ലഭിച്ചിരുന്നു. 10% കമ്മിഷന് ആണ് സതീഷ്കുമാര്‍ ഇതിന് ഈടാക്കിയിരുന്നത്. ഈ കമ്മിഷന്റെ ഒരു വിഹിതം നേതാക്കള്‍ക്കും കൃത്യമായി എത്തിയിരുന്നു. മതിയായ പരിശോധനകളോ രേഖകളോ ഇല്ലാതെയാണ് പല വായ്പകളും നല്‍കിയിട്ടുള്ളത്. ഭൂമി പരിശോധന, നിയമപരമായ ബാധ്യതകള്‍ ഉണ്ടോ എന്ന പരിശോധന തുടങ്ങിയവയൊക്കെ സതീഷ്കുമാറിന്റെ നോമിനിയായി എത്തുന്ന വായ്പക്കാര്‍ക്ക് ഒഴിവാക്കി നല്‍കുമായിരുന്നു. ഇത്തരം ഇടപാടുകള്‍ നടന്ന ജില്ലയിലെ 10 സഹ. ബാങ്കുകള്‍ നിരീക്ഷണത്തിലാണ്. ഈ ബാങ്കുകളുടെ കണക്കുകള്‍ പരിശോധിക്കുമെന്ന് ഇ ഡി അറിയിച്ചു. ഇ ഡി അന്വേഷണം മുറുകുന്നതോടെ പ്രതിരോധിക്കാന്‍ പോലുമാകാതെ സിപിഎം നേതാക്കള്‍ മൗനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: