Categories: KeralaNews

കര്‍ഷകര്‍ക്കു നെല്ല് വില നല്‍കണമെന്ന ഉത്തരവു സര്‍ക്കാരും സപ്ലൈകോയും പാലിക്കാത്തത് കോടതിയലക്ഷ്യം: ഹൈക്കോടതി

Published by

കൊച്ചി: നെല്ലു സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്കു നല്‍കാനുള്ള തുക ഒരാഴ്ചയ്‌ക്കകം നല്‍കണമെന്ന ഉത്തരവു സര്‍ക്കാരും സപ്ലൈകോയും പാലിക്കാത്തത് പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. സപ്തം. 25 നകം ഉത്തരവു നടപ്പാക്കിയില്ലെങ്കില്‍ കൃഷി വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയിയും സപ്‌ളൈകോ എംഡി ഡോ. ശ്രീറാം വെങ്കിട്ടരാമനും നേരിട്ട് ഹാജരാകണമെന്നും ജസ്റ്റീസ് പി.വി. കുഞ്ഞുകൃഷ്ണന്‍ ഉത്തരവിട്ടു.
ഒരാഴ്ചയ്‌ക്കകം പണം നല്‍കണമെന്ന ആഗസ്ത് 24 ലെ ഉത്തരവു പാലിച്ചില്ലെന്നാരോപിച്ച് പാലക്കാട് കൊല്ലങ്കോട് സ്വദേശി പി.എ. സദാശിവന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതി ഈ ഉത്തരവിട്ടത്. അതേസമയം തുക നല്‍കണമെന്ന ഉത്തരവ് സര്‍ക്കാരും സപ്ളൈകോയും പാലിക്കാത്തതില്‍ ജസ്റ്റീസ് രാജാ വിജയരാഘവന്‍ അതൃപ്തി രേഖപ്പെടുത്തി. പണം നല്‍കണമെന്ന ഉത്തരവില്‍ വീഴ്ചവരുത്തിയതു അനുവദിക്കാനാവില്ലെന്നും സിംഗിള്‍ബെഞ്ച് അഭിപ്രായപ്പെട്ടു. നെല്ലു സംഭരിച്ച വകയില്‍ സര്‍ക്കാര്‍ നല്‍കാനുള്ള തുക ലഭിക്കാന്‍ ഒരുകൂട്ടം കര്‍ഷകര്‍ നല്‍കിയ ഹര്‍ജികളിലാണ് ഈ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തിയത്.

കര്‍ഷകര്‍ക്കു പണം കൊടുക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും സപ്തം. 11 ന് ഇക്കാര്യത്തില്‍ പോസിറ്റീവായ മറുപടി നല്‍കാമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്ന് ഈ ഹര്‍ജികള്‍ സപ്തം. 11 നു പരിഗണിക്കാന്‍ മാറ്റി. പാലക്കാട് ചിറ്റൂര്‍ സ്വദേശിയായ സി.കെ. രമേഷ്, പാലക്കാട് നെന്മേനി പാടശേഖര നെല്ലുല്‍പാദക സമിതി, പാലക്കാട് മാത്തൂര്‍ സ്വദേശിയായ ജി. ശിവരാജന്‍, ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങര സ്വദേശിയായ പാപ്പച്ചന്‍ ഉള്‍പ്പെടെ 26 കര്‍ഷകര്‍ എന്നിവരുടെ ഹര്‍ജികളാണ് ജസ്റ്റീസ് രാജ വിജയരാഘവന്റെ ബെഞ്ച് പരിഗണിച്ചത്. 2.74 ലക്ഷം രൂപ ലഭിക്കാനുള്ളതില്‍ 70,000 രൂപ മാത്രമാണ് ലഭിച്ചതെന്ന് ശിവാനന്ദനും 1.42 ലക്ഷം രൂപ കിട്ടാനുള്ളതില്‍ ഒരു രൂപ പോലും ലഭിച്ചില്ലെന്ന് സി.കെ. രമേഷും 8.46 ലക്ഷം രൂപ ലഭിക്കാനുള്ളതില്‍ 2.45 ലക്ഷം രൂപയാണ് ലഭിച്ചതെന്ന് ശിവരാജനും കോടതിയില്‍ അറിയിച്ചു. ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങര സ്വദേശി പാപ്പച്ചനുള്‍പ്പെടെയുള്ള മറ്റു ഹര്‍ജിക്കാര്‍ തങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ രണ്ടര ലക്ഷം രൂപ വരെ ലഭിക്കാനുണ്ടെന്നും വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക