കൊച്ചി: മോന്സന് മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ മുന്‍ ഡിഐജി എസ്. സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കേസിലെ ഏഴാം പ്രതിയാണ് ഇവര്‍. നാലാം പ്രതിയായ സുരേന്ദ്രനെ കേസില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കളമശേരിയിലെ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഭര്‍ത്താവിനൊപ്പം ഇന്നലെ ഉച്ചയ്ക്കാണ് ഇവര്‍ ഹാജരായത്. ചോദ്യം ചെയ്യല്‍ വൈകിട്ട് 4.30 വരെ നീണ്ടു. ഇവര്‍ നേരത്തെ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. കേസിലെ ആറാം പ്രതി കിളിമാനൂര്‍ സ്വദേശി സന്തോഷ് ചോദ്യം ചെയ്യലിന് ഇന്നലെ ഹാജരായില്ല. മോന്സന്
വ്യാജ പുരാവസ്തുക്കള്‍ എത്തിച്ചു നല്കിയ സന്തോഷിന് തട്ടിപ്പിനെക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍.
ഇയാള്‍ക്ക് വീണ്ടും നോട്ടീസ് അയയ്ക്കും. മോന്‍സന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ബിന്ദുലേഖയുടെ അക്കൗണ്ടിലേക്ക് പണം അയച്ചതിന്റെ രേഖകള്‍ നിരത്തിയായിരുന്നു ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിനോട് സഹകരിച്ചെങ്കിലും മോന്‍സണിന്റെ കൈകളിലേക്ക് എത്തിയ പണം എവിടേക്ക് പോയെന്നതും മറ്റും തനിക്ക് അറിയില്ലെന്ന മറുപടിയാണ് ഇവര്‍ നല്‍കിയത്. ചില ചോദ്യങ്ങള്‍ക്ക് കരച്ചിലായിരുന്നു മറുപടി. മോന്‍സണിന്റെ കലൂരിലെ വീട്ടില്‍ ബിന്ദുലേഖ പല തവണ എത്തിയതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ഇരുവരും തമ്മില്‍ നടത്തിയ ഫോണ്‍വിളികളുടെ രേഖകളും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യലിനിടെ കാണിച്ചു.
പുരാവസ്തു തട്ടിപ്പുകള്‍ നടത്തിയ കാലത്ത് ബിന്ദുലേഖ മോന്സണ് മാവുങ്കലിന്റെ സെക്രട്ടറിക്ക് സമാനമായ ജീവനക്കാരിയായിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. ഭര്‍ത്താവ് എസ്. സുരേന്ദ്രന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. തനിക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്ന് അതിസമ്പന്നരെയടക്കം അനായാസം വിശ്വസിപ്പിക്കാന്‍ മോന്സണ് ഇതിലൂടെ കഴിഞ്ഞിരുന്നു.
കേസില്‍ എസ്. സുരേന്ദ്രനെ ചോദ്യം ചെയ്യുമ്പോള്‍ ഭാര്യയുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് ക്രൈം ബ്രാഞ്ചിന് ചില സംശയങ്ങളുണ്ടായിരുന്നു. ഇത് തെളിയിക്കുന്ന രേഖകള്‍ ലഭിച്ചതോടെയാണ് ഇവരെ പ്രതിചേര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: