അഗര്‍ത്തല : ത്രിപുരയില്‍ കമ്മ്യൂണിസ്റ്റുകാരുടെ യാത്ര അവസാനിച്ചുവെന്നും അതാണ് ബിജെപി ആഘോഷിക്കുന്നതെന്നും അമിത് ഷാ. ത്രിപുരയില്‍ രണ്ട് നിയോജകമണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും വിജയം കുറിച്ച ശേഷം സംസാരിക്കുകയായിരുന്നു അമിത് ഷാ.
ത്രിപുരയിലെ മുസ്ലിം ഭൂരിപക്ഷമണ്ഡലമായ ബൊക്സാനഗറില്‍ പ്രതിപക്ഷമുന്നണിയായ ഇന്ത്യ നിര്‍ത്തിയ സിപിഎം സ്ഥാനാര്‍ത്ഥിയെ നിഷ്പ്രഭമാക്കുന്ന വിജയമായിരുന്നു ബിജെപി നേടിയത്. അതുപോലെ ധന്പൂര് എന്ന ഗോത്രമേഖലയിലും ബിജെപി സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു.
ത്രിപുരയിലെ ബൊക്സാനഗര്‍ നിയോജകമണ്ഡലം മുസ്ലിം ഭൂരിപക്ഷമണ്ഡലമാണ്. ഇവിടെയാണ് വെള്ളിയാഴ്ച വോട്ടെണ്ണിയപ്പോള്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി തഫാജ്ജല്‍ ഹൊസൈന്‍ വിജയിച്ചത്. തഫാജ്ജല്‍ ഹൊസൈന്‍ 34,146 വോട്ടുകള്‍ ഇവിടെ നേടിയപ്പോള്‍ സിപിഎമ്മിന്റെ മിസാന്‍ ഹൊസൈന്‍ ലഭിച്ചത് 3909 വോട്ടുകള്‍ മാത്രം.
ഇവിടെ സിപിഎം എംഎല്‍എ സംസുള്‍ ഹഖ് കഴിഞ്ഞ തവണ ജയിച്ച മണ്ഡലമാണ്. അദ്ദേഹം ഇക്കഴിഞ്ഞ ജൂലായില്‍ ഹൃദ്രോഗം ബാധിച്ച് മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മുസ്ലിം ഭൂരിപക്ഷപ്രദേശമായ ബൊക്സാനഗര്‍ ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ്. ഇവിടെ 55 ശതമാനത്തില്‍ അധികം മുസ്ലിങ്ങളാണ്. സിപിഎമ്മിന്റെ കോട്ടയുമാണ്. ഇതാണ് ബിജെപി തകര്‍ത്തത്. മുസ്ലിം വോട്ടര്‍മാരുടെ അകമഴിഞ്ഞ പിന്തുണയിലാണ് ബിജെപി ഇവിടെ ജയിച്ചത്. ബിജെപിയുടെ തഫജ്ജല്‍ ഹൊസൈന്‍ ആകെ പോള്‍ ചെയ്ത വോട്ടുകളുടെ 37.76 ശതമാനം പിടിച്ചു. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് എംഎല്‍എയായ സംസുള്‍ ഹഖ് 50.34 ശതമാനം വോട്ട് നേടിയിരുന്നു. എന്നാല്‍ ഇക്കുറി സിപിഎം സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 7.42 ശതമാനം മാത്രം. സിപിഎമ്മിന്റെ തകര്‍ച്ചയുടെ തെളിവാണിത്.
ധന്പൂരില് ബിജെപിയുടെ ബിന്ദു ദേബ് നാഥ് 18871 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സിപിഎമ്മിന്റെ കൗശികിന് ആകെ ലഭിച്ചത് 11,146 വോട്ടുകള്‍ മാത്രം. ദേബ് നാഥ് ആകെ 30,017 വോട്ടുകള്‍ ലഭിച്ചു. ഇത് ബിജെപി മണ്ഡലമായിരുന്നു. ഇവിടെ എംഎല്‍എയായി ജയിച്ച പ്രതിമ ഭൗമിക് പിന്നീട് കേന്ദ്രമന്ത്രിയായപ്പോഴാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ധന്പൂര് ഒരു ഗോത്രവര്ഗ്ഗമേഖലയാണ്. ഇവിടെ ഗോത്രവര്‍ഗ്ഗക്കാര്‍ ബിജെപിയെ പിന്തുണച്ചു.
നരേന്ദ്രമോദിയുടെ കീഴില്‍ ത്രിപുരയെ അഭിവൃദ്ധിയിലേക്ക് നയിക്കുമെന്ന ബിജെപിയുടെ വാഗ്ദാനത്തില്‍ ഇവിടുത്തെ ജനങ്ങള്‍ വിശ്വസിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു. “ഈ വിജയം നരേന്ദ്രമോദിയുടെ കൈകള്‍ക്ക് കരുത്ത് പകരുന്നു”- അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: