ലക്‌നൗ: വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ജടായു ക്രൂയിസ് അയോദ്ധ്യയിലൊരുങ്ങി. അത്യാധുനിക സൗകര്യങ്ങളോടെയാണ് ക്രൂയിസ് ഒരുങ്ങിയത്. ഒരേ സമയം 70 മുതല്‍ 100 വരെ യാത്രക്കാര്‍ക്ക് ഒന്നിച്ച് യാത്ര ചെയ്യാവുന്നതാണ്. ഭാരതത്തിന്റെ പൈതൃകത്തെ അടയാളപ്പെടുത്തുന്ന യാത്രയാകും ക്രൂയിസ് നല്‍കുക. സരയൂ നദിയുടെ പ്രസന്നതയും പ്രശാന്തതയും അനുഭവിക്കാന്‍ സുവര്‍ണാവസരമൊരുക്കുകയാണ് പുണ്യഭൂമി.
നയാഘട്ടില്‍ നിന്ന് 18 കിലോമീറ്റര്‍ ദൂരമാണ് ക്രൂയിസ് സഞ്ചരിക്കുന്നത്. പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്തതാണ് ക്രൂയിസ്. അയോദ്ധ്യയിലെത്തുന്ന സഞ്ചാരികളുടെ മുഖ്യാകര്‍ഷണമാകും ഇത്. രണ്ട് മണിക്കൂര്‍ യാത്രക്ക് ഒരാള്‍ക്ക് 300 രൂപയാണ്.
സംസ്ഥാന ടൂറിസം, സാംസ്‌കാരിക മന്ത്രി ജയ്‌വീര്‍ സിങ്ങിന്റെ സാന്നിധ്യത്തില്‍ സരയൂവില്‍ നടക്കുന്ന പരിപാടിയിലായിരുന്നു ജടായു ക്രൂയിസ് നാടിന് സമര്‍പ്പിച്ചത്. പുഷ്പക വിമാനം എന്ന് പേരിട്ടിരിക്കുന്ന അള്‍ട്രാ ലക്ഷ്വറി ക്രൂയിസും ഇതിന് പിന്നാലെ പണിപ്പുരയിലാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.











