ചെന്നൈ: സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്ന തമിഴ്നാട് കായിക മന്ത്രിയും ഡി എം കെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം വിവാദമായിരിക്കെ എരിതീയില്‍ എണ്ണ പകര്‍ന്ന് മറ്റൊരു ഡി എം കെ നേതാവ് എ രാജ. സനാതന ധര്‍മ്മത്തെ എച്ച്ഐവിയും കുഷ്ഠരോഗവുമായി തുലനം ചെയ്തുകൊണ്ടാണ് രാജ രംഗത്തെത്തിയത്.
ബുധനാഴ്ച ചെന്നൈയില്‍ ദ്രാവിഡര്‍ കഴകം സംഘടിപ്പിച്ച വിശ്വകര്‍മ യോജനയ്ക്കെതിരായ പ്രതിഷേധ യോഗത്തില്‍ സംസാരിക്കവെ, മലേറിയ, ഡെങ്കിപ്പനി, കൊറോണ എന്നിവ പോലെ സനാതന ധര്‍മ്മം തുടച്ചുനീക്കണമെന്ന് ഉദയനിധി പറഞ്ഞത് കുറഞ്ഞുപോയി. മലമ്പനിക്കും ഡെങ്കിപ്പനിക്കും സാമൂഹിക അവഹേളനമില്ലെന്ന് മനസിലാക്കണമെന്നും രാജ പറഞ്ഞു.
വെറുപ്പോടെ കാണുന്നത് പണ്ട് കുഷ്ഠരോഗവും സമീപകാലത്ത് എച്ച്ഐവിയുമാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം, സനാതന ധര്‍മ്മം ഒരു രോഗമാണ്. അത് എച്ച്ഐവിയും കുഷ്ഠരോഗവും പോലെ സാമൂഹ്യമായ അപമാനമുണ്ടാക്കുന്നു- രാജ പറഞ്ഞു.
സനാതന ധര്‍മ്മത്തെ പിന്തുണച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ മുമ്പ് രാജ രംഗത്തെത്തിയിരുന്നു. ‘അദ്ദേഹം സനാതന ധര്‍മ്മം പിന്തുടര്ന്നിരുന്നെങ്കില്, അദ്ദേഹം വിദേശത്തേക്ക് പോകരുതായിരുന്നു, കാരണം ഒരു ‘നല്ല’ ഹിന്ദു കടല്‍ കടക്കാന്‍ പാടില്ല,- രാജ പറഞ്ഞു.
സനാതന ധര്‍മ്മത്തെയും വര്‍ണാശ്രമത്തെയും കുറിച്ചുള്ള സംവാദത്തിന് മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും രാജ വീണ്ടും തന്റെ വെല്ലുവിളി ആവര്‍ത്തിച്ചു. ‘എം കെ സ്റ്റാലിന്റെ അനുമതിയോടെയാണ് ഞാന്‍ ഇത് പറയുന്നത്. നിങ്ങള്‍ ദല്‍ഹിയില്‍ ഒരു കോടി ജനങ്ങളെ സംഘടിപ്പിക്കുന്നു. നിങ്ങളുടെ ശങ്കരാചാര്യരെ കൊണ്ടുവരിക. നിങ്ങളുടെ പക്കലുള്ള എല്ലാ കാര്യങ്ങളുമായി സംവാദത്തിനായി അവിടെ വരൂ . വില്ലും അമ്പും അരിവാളും. അംബേദ്കറും പെരിയാറും എഴുതിയ പുസ്തകങ്ങളുമായി ഞാന്‍ അവിടെ വരും. നമുക്ക് ചര്‍ച്ച ചെയ്യാം,” രാജ പറഞ്ഞു.
വിസികെ സ്ഥാപകന്‍ തോല് തിരുമാവളവന്, തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ എസ് അഴഗിരി, എംഡിഎംകെ അധ്യക്ഷന്‍ വൈകോ, സിപിഎം, സിപിഐ നേതാക്കള്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. വിശ്വകര്‍മ യോജനയിലൂടെ സനാതന ധര്‍മ്മത്തെ പിന്തുണയ്ക്കുകയും വര്‍ണാശ്രമം പ്രോത്സാഹിപ്പിക്കുകയും ചെയ്തതിന് നേതാക്കള്‍ ബിജെപിയെ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: