ന്യൂദല്‍ഹി: ശനി, ഞായര്‍ ദിവസങ്ങളിലായി നടക്കുന്ന ജി 20 ഉച്ചകോടിയോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ രാഷ്ട്രത്തലവന്മാര് എത്തുന്നതിനാല്‍ സുരക്ഷാ കാര്യങ്ങളില്‍ ഒട്ടും വിട്ടുവീഴ്ച കാട്ടാനാവില്ലെന്ന് സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കി.
രഹസ്യാന്വേഷണ സംവിധാനങ്ങളും നിരീക്ഷണവുമായി രംഗത്തുണ്ട്.ഭീകരാക്രമണമുണ്ടായാല്‍ നേരിടാന്‍ നഗരത്തിലെ ഹോട്ടലുകളില്‍ തന്നെ പ്രത്യേക ‘ആയുധശാലകള്‍’ സ്ഥാപിച്ചിട്ടുണ്ട്. ഭീകരവിരുദ്ധ നടപടികള്‍ക്കിടെ കമാന്‍ഡോകള്‍ക്ക് ബുള്ളറ്റുകളും മറ്റ് സാമഗ്രികളും തടസമില്ലാതെ ലഭ്യമാക്കാന്‍ ഇതിലൂടെ കഴിയും.
ഹോട്ടലുകളിലെ ആയുധ സംഭരണശാലകളില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്ന്, വയര്‍ലെസ് സെറ്റ് ചാര്‍ജറുകള്‍ എന്നിവയും ഉണ്ടായിരിക്കും.
ഏതാനും മാസങ്ങള്‍ക്കുമുമ്പ് ദല്‍ഹിയില്‍ നടന്ന സുരക്ഷാ തയാറെടുപ്പ് യോഗത്തിലാണ് ഇത്തരം ആയുധപ്പുരകള്‍ സ്ഥാപിക്കാനുള്ള ആശയം ഉയര്‍ന്നത്. നഗരത്തിലെ എല്ലാ ഹോട്ടലുകളുടെയും മേല്‍ക്കൂരയില്‍ സുരക്ഷാ ഏജന്‍സികള്‍ ഡ്രോണ്‍ വിരുദ്ധ സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
രാഷ്ട്രത്തലവന്മാര് ഉള്‍പ്പെടെ സന്ദര്‍ശകരായ വിശിഷ്ട വ്യക്തികള്‍ക്ക് ആതിഥ്യമരുളാന്‍ 16 ഹോട്ടലുകളെങ്കിലും ഉണ്ട്. നൂതന നുഴഞ്ഞുകയറ്റ മുന്നറിയിപ്പ് സംവിധാനങ്ങളും ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റലിജന്‍സ് ബ്യൂറോ, റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ വിദേശ സുരക്ഷാ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.
ഹോട്ടലുകളുടെ ഓരോ നിലയിലും പ്രത്യേകം ജീവനക്കാരെയാകും ഏര്‍പ്പെടുത്തുക. ഒരു നിലയിലെ തൊഴിലാളികള്‍ക്ക് മറ്റൊരു നിലയിലേക്കും പ്രവേശനമുണ്ടാകില്ല. അതിനാല്‍ സുരക്ഷാ ജീവനക്കാര്‍ക്ക് ഇവരെ തിരിച്ചറിയാന്‍ എളുപ്പമാകും. പൊലീസുകാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഹോട്ടലുകളില്‍ മൂന്ന് മുറികള്‍ വീതമുണ്ടാകും.ഇതില്‍ രണ്ടെണ്ണം സുരക്ഷാ കണ്ട്രോള് റൂമുകളാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: