പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യുകെ പ്രധാനമന്ത്രി ഋഷി സുനക്. ജി20 അദ്ധ്യക്ഷ പദവി സ്ഥാനം അർഹിക്കുന്ന കരങ്ങളിലാണ് ലഭിച്ചത്. ശരിയായ രാജ്യം അതിന്റെ ശരിയായ സമയത്താണ് ജി20 അദ്ധ്യക്ഷ പദവി വഹിക്കുന്നത്. ഇന്ത്യയുടെ വൈവിധ്യവും അസാധാരണ വിജയവും ആഘോഷിക്കപ്പെടുന്നിടമാകും പ്രഗതി മൈതാനിലെ ഭാരത് മണ്ഡപം. ലോകം എണ്ണമറ്റ വെല്ലുവിളികൾ നേരിടുന്ന സമയത്താണ് രാജ്യം ജി20 അദ്ധ്യക്ഷ പദവി ഏറ്റെടുത്തതെന്നും ഋഷി സുനക് വ്യക്തമാക്കി.
യുകെയും ഇന്ത്യയും തമ്മിലുള്ള ബന്ധം വർത്തമാനകാലത്തെ നിർവചിക്കുന്നതിലുപരി, ഇരു രാജ്യങ്ങളുടെയും ഭാവിയെ നിർവചിക്കുമെന്ന് ഋഷി സുനക് കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ അർത്ഥവത്തായ നേതൃത്വത്തിന് അഭിനന്ദനമറിയിക്കുന്നതായും യുകെ പ്രധാനമന്ത്രി സൂചിപ്പിച്ചു. ആഗോള തലത്തിൽ പോലും ഇന്ത്യയുടെ വളർച്ച ചർച്ച ചെയ്യപ്പെടുന്നു. ആഗോള സമ്പദ് വ്യവസ്ഥയെ സ്ഥിരപ്പെടുത്തുന്നത് മുതൽ കാലാവസ്ഥാ വ്യതിയാനം കൈകാര്യം ചെയ്യുന്നത് വരെയുള്ള ലോകം നേരിടുന്ന വെല്ലുവിളികളെ നേരിടാൻ ജി20 അദ്ധ്യക്ഷപദവിയിലൂടെ ഇന്ത്യയ്ക്ക് കഴിയുന്നു. ഭാരതവുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഋഷി സുനക് വ്യക്തമാക്കി. രാജ്യം ജി20 ഉച്ചകോടിക്കായി തയ്യാറെടുക്കുന്ന വേളയിലാണ് യുകെ പ്രധാനമന്ത്രിയുടെ പരാമർശം.
സെപ്റ്റംബർ 9,10 തീയതികളിലായാണ് ജി20-യുടെ 18-ാമത് യോഗം ചേരുന്നത്. ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിലാണ് യോഗം സംഘടിപ്പിക്കുന്നത്. 20 അംഗരാജ്യങ്ങളടക്കം 40 രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും പ്രതിനിധികളും പങ്കെടുക്കും. നൈജീരിയൻ വിദേശകാര്യ മന്ത്രി ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിൽ എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: