Categories: VicharamArticle

ബഹിരാകാശത്തിന്റെ സാദ്ധ്യതകള്‍

Published by

തൊരു സാങ്കേതികവിദ്യയും ലക്ഷ്യം പൂര്‍ത്തീകരിക്കുന്നത് സാധാരണക്കാരുടെ ജീവിതത്തെ സ്വാധീനിക്കുകയും അതിലൂടെ അവരുടെ ജീവിതസൗകര്യങ്ങള്‍ വികസിക്കുകയും ചെയ്യുമ്പോഴാണ്. ഇക്കാര്യത്തില്‍ വ്യക്തമായ കാഴ്ചപ്പാട് നല്‍കിയത് ഭാരതത്തിന്റെ ബഹിരാകാശ സാങ്കേതികതയുടെ പിതാവായ സാരാഭായ് ആണ്. അറുപതുകളില്‍, നമ്മുടെ ബഹിരാകാശ മേഖല പിച്ചവച്ചു തുടങ്ങിയപ്പോള്‍ത്തന്നെ രാജ്യത്തിന്റെ ബഹിരാകാശ നയം അദ്ദേഹം പ്രഖ്യാപിച്ചു. അത്, ഭാരതത്തിന്റെ എല്ലാ ധാര്‍മിക പാരമ്പര്യവും ഉള്‍ക്കൊണ്ട്, ജനസാമാന്യത്തിന്റെ ജീവിതങ്ങളെ പുരോഗതിയിലേക്ക് നയിക്കുന്ന തരത്തിലായിരുന്നു. ഉടനടി പ്രയോജനം ലഭിക്കാത്ത മേഖലയില്‍ കോടികള്‍ കത്തിച്ചു കളയുന്നതെന്തിന് എന്ന എക്കാലത്തെയും വിമര്‍ശനത്തിന് അദ്ദേഹം മറുപടി പറഞ്ഞത് ഭാവിയിലേക്ക് വിരല്‍ ചൂണ്ടിയായിരുന്നു.
ഇന്ന് ബഹിരാകാശ സൗകര്യങ്ങള്‍ വെള്ളവും വൈദ്യുതിയും പോലെ അത്യന്താപേക്ഷിതമാണ്. വാര്‍ത്താവിനിമയ വിപ്ലവം ലോകത്തെ വിരല്‍ത്തുമ്പില്‍ എത്തിച്ചതിന്റെ പൂര്‍ണ്ണ ക്രെഡിറ്റ്, മുകളില്‍ വട്ടം ചുറ്റുന്ന ആകാശദൂതന്മാര്‍ക്കാണ്. ബംഗാള്‍ ഉള്‍ക്കടലിന്റെ തീരങ്ങളില്‍ സംഹാരതാണ്ഡവമാടുന്ന ചുഴലിക്കൊടുങ്കാറ്റുകള്‍ പണ്ടൊക്കെ അപഹരിച്ചിരുന്നത് ആയിരക്കണക്കിന് മനുഷ്യജീവനുകളാണ്. ഇന്ന് സമുദ്രഗര്‍ഭങ്ങളില്‍ ചുഴലിക്കാറ്റുകള്‍ ജന്മം കൊള്ളുമ്പോള്‍ത്തന്നെ ഉപഗ്രഹങ്ങള്‍ നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു. കൃഷി, മത്സ്യസമ്പത്ത്, സമുദ്രവിഭവങ്ങള്‍, വിദ്യാഭ്യാസം അങ്ങനെയങ്ങനെ മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളെയും വിപ്ലവകരമായി മാറ്റിമറിച്ചുകൊണ്ടാണ് ബഹിരാകാശ സാങ്കേതികത മുന്നേറുന്നത്.
അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ചൈന, ജപ്പാന്‍, ഭാരതം എന്നിവര്‍ക്ക് മാത്രമേ സ്വന്തമായി ഉപഗ്രഹം നിര്‍മ്മിച്ച് വിക്ഷേപിക്കാനുള്ള ശേഷിയുള്ളൂ. ലാകത്തിന്റെ മുക്കിലും മൂലയിലും വരെയുള്ള മനുഷ്യര്‍ക്ക് ഉപഗ്രഹസേവനം അത്യാവശ്യമാണുതാനും. ഇതു തന്നെയാണ് ഈ മേഖലയുടെ സാധ്യതയും. ഏത് രാജ്യം എത്ര കുറഞ്ഞ ചെലവില്‍ വിശ്വസ്തതയോടുകൂടി ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നോ അവരെ തേടി ബിസിനസ്സുകള്‍ വരും.
എത്ര വൈദഗ്ധ്യം നേടിയാലും ഓരോ വിക്ഷേപണവും ശാസ്ത്രജ്ഞര്‍ക്ക് പുതിയതാണ്. നൂറുകണക്കിന് ടണ്‍ ഭാരമുള്ള അതി ഭീമന്‍ റോക്കറ്റ് വിക്ഷേപിക്കുമ്പോള്‍ അതിന്റെ അഗ്രത്തിലുള്ള, ഏതാനും ടണ്‍ മാത്രം ഭാരമുള്ള ഒരു പെലോഡ് മാത്രമാണ് ബഹിരാകാശത്ത് എത്തുക. ബാക്കി എഞ്ചിനുകളും കമ്പ്യൂട്ടറുകളും നൂറുകണക്കിന് കോടിയുടെ സംവിധാനങ്ങളുമെല്ലാം എരിഞ്ഞു തീരും. അടുത്ത വിക്ഷേപണത്തിന് എല്ലാം ആദ്യം മുതല്‍ ഉണ്ടാക്കണം. ഈ വെല്ലുവിളിയാണ് വന്‍ശക്തികള്‍ക്കൊപ്പം ഭാരതം ഏറ്റെടുത്തത്. നമ്മുടെ ശേഷിയും വിശ്വസ്തതയും തെളിയിക്കാന്‍ കേവലം ഉപഗ്രഹവിക്ഷേപണം എന്നതിനപ്പുറം പലതും ചെയ്യേണ്ടതുണ്ട്. അതൊക്കെയാണ് ചാന്ദ്രയാനും മംഗള്‍യാനും ആദിത്യയും ചെയ്യുന്നത്. വിശ്വാസ്യത തെളിയിച്ചതു കൊണ്ടാണ് ഇന്ന് അമേരിക്കയില്‍ നിന്നടക്കമുള്ള ഉപഭോക്താക്കള്‍ നമ്മുടെ വിക്ഷേപണവാഹനങ്ങളുടെ സമയത്തിന് വേണ്ടി വരി നില്‍ക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലും മാര്‍ച്ചിലുമായി വണ്‍ വെബ് എന്ന ബ്രിട്ടീഷ് കമ്പനിയുടെ എഴുപത്തിരണ്ട് ഉപഗ്രഹങ്ങള്‍ അതീവ കൃത്യതയോടെ നമ്മുടെ ബാഹുബലി റോക്കറ്റ് ബഹിരാകാശത്ത് എത്തിച്ചു. ഏതാണ്ട് 650 വിദേശ ഉപഗ്രഹങ്ങള്‍ നാം വിക്ഷേപിച്ചിട്ടുണ്ട്. ഇതെല്ലാം നേടിത്തരുന്നത് ആയിരക്കണക്കിന് കോടി വിദേശനാണ്യമാണ്.
വിക്ഷേപിക്കപ്പെടുന്നവയില്‍ എണ്‍പത് ശതമാനവും അഞ്ഞൂറ് കിലോഗ്രാമില്‍ താഴെ ഭാരമുള്ള ഉപഗ്രഹങ്ങളാണ്. അതുകൊണ്ടുതന്നെ ആ മാര്‍ക്കറ്റ് വളരെ വലുതുമാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് 500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ വേണ്ടി ഇസ്രോ എസ്എസ്എല്‍വി (ചെറു ഉപഗ്രഹ വിക്ഷേപണ പെട്ടകം)വികസിപ്പിച്ചിരിക്കുന്നത്. വലിയ റോക്കറ്റുകളില്‍ നിന്ന് വ്യത്യസ്തമായി ഇത് അതിവേഗം വിക്ഷേപണസജ്ജമാക്കാനും മാസത്തില്‍ നാലും അഞ്ചും വിക്ഷേപണങ്ങള്‍ നടത്താനും ഈ റോക്കറ്റ് കൊണ്ട് കഴിയും. ഇതിനു മാത്രമായി തമിഴ്‌നാട്ടിലെ കുലശേഖര പട്ടണത്ത് പുതിയൊരു വിക്ഷേപണകേന്ദ്രം തയ്യാറായിക്കൊണ്ടിരിക്കുന്നുണ്ട്. ഒന്ന് രണ്ടു വികസന വിക്ഷേപണങ്ങള്‍ കൂടി കഴിഞ്ഞാലേ ഈ റോക്കറ്റ് വ്യാവസായിക വിക്ഷേപണങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയൂ. ഈ കുഞ്ഞന്‍ റോക്കറ്റിന്റെ ആദ്യത്തെ പതിനഞ്ച് വിക്ഷേപണങ്ങള്‍ പൂര്‍ണ്ണമായും ബുക്കിങ് ആയിക്കഴിഞ്ഞു.
നമുക്ക് വിശ്വാസ്യത നേടിത്തരുന്നതില്‍ ഗോളാന്തരദൗത്യങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. അതിനുവേണ്ടി വികസിപ്പിച്ച സാങ്കേതികവിദ്യ സാധാരണ വിക്ഷേപണങ്ങളില്‍ക്കൂടി ഉപയോഗിക്കുമ്പോള്‍, ഉപഗ്രഹ വിക്ഷേപണം കൂടുതല്‍ കാര്യക്ഷമവും വിശ്വസ്തവുമാകും. നമ്മുടെ ആത്യന്തിക ലക്ഷ്യം അത് തന്നെയാണ്. മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ശേഷി ഇപ്പോള്‍ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമേയുള്ളൂ. ഈ ഗണത്തിലേക്ക് ഭാരതവും അതിവേഗം അടുത്തുകൊണ്ടിരിക്കുകയാണ്. 2007ല്‍ ഇതിനായി സമര്‍പ്പിച്ച പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും ഫണ്ട് ലഭ്യമാകാത്തതിനെത്തുടര്‍ന്ന് 2013ല്‍ പദ്ധതി ഏതാണ്ട് ഉപേക്ഷിച്ചു. പിന്നീട് 2017ല്‍ പതിനായിരം കോടിയുടെ പദ്ധതിക്ക് ഫണ്ട് ലഭ്യമാക്കുകയും 2018ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്ന ‘ഗഗന്‍യാന്‍’ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു.
പിന്നീട് വ്യോമസേനയില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട നാല് പൈലറ്റ് ഓഫീസര്‍മാരെ റഷ്യയില്‍ അയച്ച് പരിശീലനം പൂര്‍ത്തിയാക്കി. അവര്‍ ധരിക്കേണ്ട സ്‌പേസ് സ്യൂട്ടുകളുടെ ഡിസൈന്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണം തുടങ്ങി. ഇവിടെ ഏറ്റവും പ്രധാനം വിക്ഷേപിക്കുന്ന റോക്കറ്റിനെ ഹ്യൂമന്‍ റേറ്റ് ചെയ്യുക എന്നതാണ്. അതായത് മനുഷ്യരെ അയക്കുമ്പോള്‍ ഇപ്പോഴുള്ളതിന്റെ മൂന്നോ നാലോ ഇരട്ടി സുരക്ഷ ഒരുക്കണം. വിക്ഷേപണവേളയില്‍ അപകടമുണ്ടായാല്‍ യാത്രികരെ രക്ഷപ്പെടുത്താനുള്ള ക്രൂ എസ്‌കേപ് സിസ്റ്റം ഉണ്ടാകണം. അവര്‍ക്ക് സഞ്ചരിക്കാനുള്ള വാഹനം നിര്‍മ്മിക്കണം, ശൂന്യാകാശത്ത് നിന്ന് മടങ്ങുമ്പോള്‍ വായുതന്മാത്രകളുമായി ഉരസിയുണ്ടാകുന്ന അതിഭീമമായ താപം ചെറുക്കാന്‍ താപപ്രതിരോധ സംവിധാനങ്ങള്‍ പേടകത്തില്‍ ഉണ്ടാകണം, അവസാനം വേഗം കുറക്കാന്‍ ആവശ്യമായ പ്രത്യേക പാരഷൂട്ടുകള്‍ ഉണ്ടാക്കണം. ഇവയെല്ലാം കൃത്യമായി ആവര്‍ത്തിച്ച് പരീക്ഷിച്ച് ഉറപ്പുവരുത്തണം.
2020ലെ കൊവിഡ് മഹാമാരി, വിലപ്പെട്ട രണ്ട് വര്‍ഷങ്ങള്‍ അപഹരിച്ചു. അതുകൊണ്ടുതന്നെ 2022-23 ല്‍ നടപ്പാക്കേണ്ട പദ്ധതി 2024-25 ലേക്ക് നീണ്ടു. ബാഹുബലി റോക്കറ്റിനെ ഹ്യൂമന്‍ റേറ്റ് ചെയ്യുന്ന നടപടി അവസാനഘട്ടത്തിലാണ്. ആളില്ലാതെ രണ്ടു വിക്ഷേപണങ്ങളില്‍ ക്രൂ എസ്‌കേപ്പ് സിസ്റ്റം, അന്തരീക്ഷത്തില്‍ തിരികെ കയറുന്ന ക്യാപ്‌സൂള്‍ റിക്കവറി സിസ്റ്റം എന്നിവ കുറ്റമറ്റ രീതിയില്‍ പരീക്ഷിച്ചതിനു ശേഷമേ യഥാര്‍ത്ഥ ഗഗനചാരികള്‍ യാത്ര പുറപ്പെടുകയുള്ളു. കണക്കുകൂട്ടല്‍ അനുസരിച്ച്, 2024ല്‍ ഭാരതത്തിന്റെ മൂന്ന് ഗഗനചാരികള്‍ ഏഴു ദിവസത്തെ ദൗത്യവുമായി യാത്ര തിരിക്കും. അതോടെ ബഹിരാകാശത്തു മനുഷ്യസാന്നിധ്യമുള്ള നാലാമത്തെ രാജ്യമാകും ഭാരതം. 2030-35 കാലത്ത് സ്വന്തം സ്‌പേസ് സ്‌റ്റേഷന്‍ നിര്‍മ്മിക്കുക എന്നതും ലക്ഷ്യമാണ്. ഗഗന്‍യാന്‍ പേടകത്തെ ഇപ്പോള്‍ മുകളില്‍ വലംവയ്‌ക്കുന്ന അന്താരാഷ്‌ട്ര ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്യാന്‍ വേണ്ടിയുള്ള കരാറുകള്‍ കഴിഞ്ഞ അമേരിക്കന്‍ പര്യടനത്തില്‍ പ്രധാനമന്ത്രി ഒപ്പുവച്ചിരുന്നു. ഇതോടെ നമ്മുടെ ഗഗനചാരികള്‍ക്ക് അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തില്‍ ദീര്‍ഘകാലം താമസിച്ച് ഗവേഷണങ്ങള്‍ നടത്താനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ മാത്രം ചെയ്യാവുന്ന പരീക്ഷണങ്ങള്‍ നടത്താനുള്ള അവസരം നമ്മുടെ ശാസ്ത്ര സാങ്കേതികമേഖലകള്‍ക്ക് നല്‍കുന്ന സാദ്ധ്യതകള്‍ വിലപ്പെട്ടതാണ്. ഇവിടെയെല്ലാം വികസിപ്പിക്കുന്ന സാങ്കേതികവിദ്യകള്‍ നാളെ മാനവരാശിയുടെ സാധാരണ ജീവിതത്തിനു കരുത്തു പകരും.
ഗഗന്‍യാന്‍ പദ്ധതിയുടെ വിജയം, സ്‌പേസ് ടൂറിസത്തിനു വലിയ കുതിപ്പു നല്‍കും. അമേരിക്കയിലേക്കാള്‍ വളരെ കുറഞ്ഞ ചെലവില്‍ ബഹിരാകാശത്തു പോയിവരാനുള്ള പദ്ധതികള്‍ സ്വകാര്യമേഖലയെക്കൂടി സഹകരിപ്പിച്ച് തുടങ്ങാന്‍ പോവുകയാണ്. സ്‌കൈറൂട്ട് പോലുള്ള കമ്പനികള്‍ ഇസ്രോയുടെ സാങ്കേതികസഹകരണത്തോടെ സ്വന്തമായി റോക്കറ്റ് ഗവേഷണം, വിക്ഷേപണം എന്നിവ ആരംഭിച്ചു കഴിഞ്ഞു.
ഇതിനൊക്കെ പുറമെയാണ് ബഹിരാകാശത്തിന്റെ സൈനികസാധ്യതകള്‍. ബഹിരാകാശത്തുനിന്നു ഭൂമിയിലേക്ക് സദാ കണ്ണുനട്ടിരിക്കുന്ന ചാരോപഗ്രഹങ്ങള്‍, രാജ്യ സുരക്ഷക്ക് അതിപ്രധാനമാണ്. നാലു വര്‍ഷം മുമ്പ് നമ്മുടെതന്നെ ഉപയോഗശൂന്യമായ ഒരു ഉപഗ്രഹം, മിസൈല്‍ തൊടുത്ത് നശിപ്പിച്ചപ്പോള്‍ ആ ശേഷി കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഭാരതം. ഇന്ന് ലോകത്തിന്റെ ഏതു കോണിലേയ്‌ക്കും ആണവായുധം തൊടുക്കാനുള്ള ശേഷി നമുക്ക് കൈവന്നതിനു പിന്നില്‍ റോക്കറ്റ് സയന്‍സിന്റെ പങ്ക് വളരെ വലുതാണ്. ശാസ്ത്രീയ ഗവേഷണത്തിലും, വ്യവസായികമേഖലയിലും സൈനികരംഗത്തും ബഹിരാകാശം തുറന്നിടുന്ന സാധ്യതകള്‍ ഉപയോഗിച്ച് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷാ സൗകര്യങ്ങളെ ലോകോത്തരമാക്കുന്നതില്‍ വലിയ പങ്കാണ് ഇസ്രോ നിര്‍വ്വഹിക്കുന്നത്. ഈ മേഖലയ്‌ക്ക് കൂടുതല്‍ ശ്രദ്ധയും നിക്ഷേപവും നല്‍കി, രാജ്യത്തിന്റെ കരുത്തും വിശ്വാസ്യതയും ലോകസമൂഹത്തെ ബോധ്യപ്പെടുത്തി എല്ലാ അര്‍ത്ഥത്തിലും ഭാരതം വിശ്വഗുരുവാകുന്ന കാലം അകലെയല്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by