Categories: Samskriti

ഞാനെന്നും അന്യനെന്നുമില്ലാതെ ജീവന്മുക്തന്മാര്‍

Published by

വീതഹവ്യോപാഖ്യാനം
വസിഷ്ഠമഹര്‍ഷി പറഞ്ഞു, ‘അന്യോന്യം ഇപ്രകാരം കുശലപ്രശ്‌നം ചെയ്ത് ധന്യരായീടുന്ന ആ താപസ്സസകുമാരന്മാര്‍ കാലംകൊണ്ട് അമലമായ ബോധമാര്‍ന്ന് കൈവല്യം പ്രാപിച്ചു. ചെന്താമരാക്ഷ! സംഗംകൊണ്ടു ബന്ധമുള്ളതായ മനസ്സിന് ബോധമില്ലാതെകണ്ട് സംസാരം കടക്കുവാന്‍ സാധിക്കുകയില്ലെന്ന് ഞാന്‍ തീര്‍ച്ചയായും പറയുന്നു. അസക്തമായി നിര്‍മ്മലമായ ചിത്തം സംസാരത്തില്‍ത്തന്നെ വര്‍ത്തിച്ചാലും മുക്തമാകുന്നുവെന്നോര്‍ത്താലും. ദീര്‍ഘമാകുന്ന തപസ്സോടുകൂടിയാലും സക്തമായുള്ള ചിത്തം ഏറ്റവും ബന്ധമുള്ളതുതന്നെ. ഉള്ളില്‍ സക്തിവിട്ട് ഷള്‍പദവൃത്തിമാനായി വര്‍ത്തിച്ചീടുന്ന മനുഷ്യന്‍ പുറമേ കാര്യങ്ങളെനിത്യവും ചെയ്തീടിലും ചെയ്തീടാതിരിക്കിലും കര്‍ത്താവുമാകയില്ല, ഭോക്താവുമാകയില്ല.’
ശ്രീരാമചന്ദ്രന്‍ അപ്പോള്‍ മുനിയോട് ഇപ്രകാരം ചോദിച്ചു, ‘മനുഷ്യര്‍ക്ക് സംഗം എങ്ങനെയുള്ളതാകുന്നു? ബന്ധമുണ്ടായിത്തീരാന്‍ സംഗതിയെന്താകുന്നു? കൈവല്യം എങ്ങനെ വന്നീടുന്നു? സംഗമില്ലാതെയാക്കീടുന്നതെങ്ങനെ?’ ഇത്തരം ശ്രീരാഘവന്‍ ചോദിച്ചനേരം പ്രീതിയോടെ മുനീശ്വരന്‍ പറഞ്ഞു, ദേഹമേതാണ്, ദേഹിയേതാണ് എന്നോര്‍ത്തീടാതെ ദേഹമാത്രത്തിലുള്ള വിശ്വാസമായീടുന്നു സംഗം. അത് ബന്ധമുണ്ടാകാനുള്ളതായ സംഗതിയായിത്തീരുന്നു. അന്തമില്ലാത്ത ആത്മതത്ത്വത്തിന് സപര്യന്തത്വനിശ്ചയത്തില്‍ ഉള്ളില്‍ ചേര്‍ന്നീടുന്ന സൗഖ്യമുണ്ടാകാനുള്ള ആശയാകുന്നു സംഗം. അത് ബന്ധഹേതുവായിത്തീര്‍ന്നീടുന്നുവെന്ന് ഓര്‍ക്കുക. ഇക്കണ്ടീടും ലോകവും ഞാനായതും സര്‍വവും ആത്മാവുതന്നെയായിരിക്കെ എന്തിനെ ഞാന്‍ കൈക്കൊള്ളുന്നു, എന്തിനെ ത്യജിക്കുന്നു? എപ്പോഴും ഹേയോപാദേയ (ഹേയം=ഉപോക്ഷിക്കത്തക്ക, ഉപാദേയം=സ്വീകരിക്കത്തക്ക) മുക്തനായി വര്‍ത്തിക്കുന്നതും സംഗസ്ഥിതിയല്ല. ജീവന്മുക്തന്മാര്‍ ഈവണ്ണമാണു വര്‍ത്തിക്കുന്നതെന്നോര്‍ക്കുക. ഞാനെന്നും അന്യനെന്നും ഇല്ല, സുഖങ്ങള്‍ വന്നീടില്‍ എന്താണ്, വന്നതില്ലെങ്കില്‍ എന്താണ്? ഇങ്ങനെയോര്‍ത്ത് അസക്തനായി വര്‍ത്തിച്ചുകൊണ്ടീടുന്ന മനുഷ്യനാണു രാമ! മുക്തിഭാക്കായുള്ളവന്‍.
കര്‍മ്മത്യാഗത്തെ ഒട്ടഭിനന്ദിക്കില്ല, കര്‍മ്മത്തെ അനുസരിച്ചീടുകയെന്നുമില്ല. നിത്യവും ഫലത്യാഗിയായി, സമനായി വര്‍ത്തിക്കുന്നവനേവന്‍ അവന്‍ അസക്തന്‍ തന്നെ. കര്‍മ്മങ്ങളൊന്നും വെടിഞ്ഞീടാതെകണ്ടു സര്‍വകര്‍മ്മഫലാദികളെ ചേതസ്സുകൊണ്ടുതന്നെ നന്നായി പരിത്യജിച്ചീടുന്നവന്‍ അസംസക്തനെന്നു സത്തുക്കള്‍ പറയുന്നു. നാനാവിലാസമാര്‍ന്ന ചേഷ്ടകളെല്ലാം ഈ അസംസംഗംകൊണ്ട് നശിച്ചീടും. സംശയമില്ല, ആയതേതും കൈവല്യം പ്രാപിപ്പിക്കും. സുമതേ! ഇങ്ങനെ വന്നീടുന്നത് സംഗത്തിന്റെ ഫലമാണെന്നോര്‍ത്തുകൊള്ളുക. അന്തമില്ലാതെയുള്ള ഭൂതങ്ങള്‍ സമുദ്രത്തില്‍ തിരമാലകളെന്നപോലെ ഉത്ഭവിച്ചുത്ഭവിച്ചു നാശത്തെ പ്രാപിക്കുന്നുണ്ട്. ഇത് സംഗത്തിന്റെ ഫലമാണെന്നു ഓര്‍ത്തീടുക. സംസക്തി വന്ധ്യയെന്നും വന്ദ്യയെന്നും രണ്ടുതരത്തിലുണ്ട്. വന്ധ്യയായതു മൂഢന്മാര്‍ക്കുള്ളതാണ്. വന്ദ്യയായതു തത്ത്വജ്ഞാനികള്‍ക്കുള്ളതുമാണ്. ആത്മതത്ത്വാവബോധഹീനയായി, ശരീരാദിവസ്തുവില്‍നിന്നുള്ളതായ, വീണ്ടും സംസാരമുണ്ടാക്കുന്ന ദൃഢയായുള്ള സക്തി വന്ധ്യയെന്ന് വിദ്വാന്മാര്‍ പറയുന്നു. ആത്മതത്ത്വാവബോധം കാരണം വിവേകജയായി, സത്യഭൂതയായി
പിന്നെ സംസാരമുണ്ടാക്കീടാത്തതായ സക്തി വന്ദ്യയെന്നും പറയപ്പെടുന്നു. ശംഖചക്രാബ്ജഗദാഹസ്തനായ നാരായണനെ പങ്കജവിലോചന! സര്‍വകാലം ചിന്തിക്കുക. വന്ദ്യസംസക്തിയോടും നാനാചേഷ്ടകള്‍കൊണ്ടും മൂന്നു ലോകങ്ങളെയും നാരായണന്‍ പാലിച്ചുകൊണ്ടീടുന്നു.
(തുടരും)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക