ന്യൂദൽഹി: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1ന്റെ രണ്ടാം ഭ്രമണപഥം ഉയർത്തലും വിജയകരമായി പൂർത്തിയാക്കി. ഐഎസ്ആർഒ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് പുലർച്ചെ 2.45 നായിരുന്നു ഭ്രമണപഥം ഉയർത്തൽ നടന്നത്. നിലവിൽ ഭൂമിയിൽ നിന്നും കുറഞ്ഞ അകലം 282 കിമി, കൂടിയ ദൂരം 40,225 കി.മി ദൂരത്തുമുള്ള ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ആദിത്യ.
ശനിയാഴ്ചയാണ് ആദിത്യ എൽ1 വിക്ഷേപിച്ചത്. ഉപഗ്രഹത്തിന്റെ ആദ്യ ഭ്രമണപഥം ഉയർത്തൽ ഞായറാഴ്ച വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഈ മാസം 10നാണ് മൂന്നാം ഭ്രമണപഥം ഉയർത്തൽ. 16 ദിവസത്തോളം ആദിത്യ ഭൂമിയുടെ ഭ്രമണപഥത്തിൽ തന്നെ തുടരും. ബെംഗളുരു, മൗറീഷ്യസ്, പോർട്ട്‌ബ്ലെയർ എന്നിവിടങ്ങളിലെ ഇസ്രോ/ഇസ്ട്രാക് കേന്ദ്രങ്ങളിൽ നിന്നാണ് ഭ്രമണപഥം ഉയർത്തൽ പ്രക്രിയ നിയന്ത്രിച്ചത്.
125 ദിവസം സഞ്ചരിച്ചാണ് ആദിത്യ സൂര്യനും ഭൂമിക്കും ഇടയിലുള്ള ലക്ഷ്യസ്ഥാനമായ എൽ വൺ പോയിന്റിന് ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തുന്നത്. ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന മേഖലയാണ് ലഗ്രാഞ്ച് പോയിന്റ് 1. ഇതിനിടയിൽ അഞ്ച് തവണ ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയർത്തും. ബംഗളൂരുവിലെ ഇസ്ട്രാക്കിന്റെ ഗ്രൗണ്ട് സ്റ്റേഷനിൽ നിന്നാണ് ഉപഗ്രഹത്തെ നിയന്ത്രിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: