തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അറസ്റ്റ് ചെയ്ത രണ്ട് പ്രതികളേയും ഇന്ന് കോടതിയിൽ ഹാജരാക്കും. മുൻമന്ത്രിയും സിപിഎം നേതാവുമായ എ.സി.മൊയ്തീൻ എംഎൽഎയുടെ ബെനാമിയെന്ന ആരോപണം നേരിടുന്ന സതീഷ് കുമാർ, ഇടനിലക്കാരനായ പി.പി.കിരൺ കുമാർ എന്നിവരെയാണ് കഴിഞ്ഞ ദിവസം ഇഡി അറസ്റ്റ് ചെയ്തത്. നാല് ദിവസത്തോളം തുടർച്ചയായി നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് ഇരുവരേയും അറസ്റ്റ് ചെയ്യുന്നത്.
കൊച്ചിയിലെ പിഎംഎൽഎ കോടതിയിലാണ് ഇരുവരേയും ഇന്ന് ഹാജരാക്കുന്നത്. സതീഷ് കുമാറാണ് കേസിലെ പ്രധാന പ്രതി. വരും ദിവസങ്ങളിൽ കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ഇഡി അറിയിച്ചിട്ടുണ്ട്. ബാങ്കിൽ നിന്ന് 150 കോടിയിലേറെ രൂപ ബിനാമി ലോൺ വഴി തട്ടിയെടുത്തിട്ടുണ്ടെന്നാണ് ഇഡി കണ്ടെത്തിയത്. കിരണ്‍ കുമാര്‍ പല പേരുകളിലായി 14 കോടി രൂപയാണ് തട്ടിയെടുത്തത്. കിരണ്‍ തട്ടിയെടുത്ത ലോണ്‍ തുക ഇടനിലക്കാരനായ സതീഷ് കുമാറിന് കൈമാറി. സിപിഎം പ്രാദേശിക നേതാക്കളുടെ അറിവോടെയാണ് തട്ടിപ്പ് കൂടുതലും നടന്നതെന്നും ഇഡി കണ്ടെത്തി.
കേസില്‍ മുന്‍മന്ത്രി എ.സി.മൊയ്തീന്‍ എംഎല്‍എ ഇന്നലെയും ഹാജരായില്ല. മൊയ്തീന് എതിരെ നിയമനടപടി ശക്തമാക്കാന്‍ ഇ.ഡി. നിയമോപദേശം തേടി. 14നു ഹാജരാകാം എന്നാണു മൊയ്തീന്‍ അറിയിച്ചതെങ്കിലും കുടുതല്‍ സമയം അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് ഇ.ഡി. ഇ.ഡി നോട്ടീസ് നല്‍കി ഇത് രണ്ടാം വട്ടമാണ് എ.സി.മൊയ്തീന്‍ ഹാജരാകാതെ വിട്ടു നില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: