തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഒന്നാം പിണറായി സര്‍ക്കാരിലെ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. അതും സിപിഎം പ്രസിദ്ധീകരണമായ ചിന്ത വാരികയിലൂടെത്തന്നെ. സംസ്ഥാനത്ത് ഭരണ യന്ത്രം തുരുമ്പിച്ചെന്നും കാര്‍ഷിക മേഖല മുരടിച്ചെന്നും തോമസ് ഐസക് പറയുന്നു. സംസ്ഥാനം വ്യവസായ സൗഹൃദമല്ല, വ്യവസായ പ്രോത്സാഹന ഏജന്‍സികളുടെ പ്രവര്‍ത്തനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. ജനങ്ങളുടെ പരാതികള്‍ കൂടുന്നു. റെഗുലേറ്ററി വകുപ്പുകള്‍ ജനവിരുദ്ധമാകുന്നു. ചിന്ത വാരികയിലെ ‘പഠന കോണ്‍ഗ്രസുകളും ഭരണ പരിഷ്‌കാരവും: ഒരവലോകനം’ എന്ന ലേഖനത്തിലാണ് ഐസക്കിന്റെ ഈ രൂക്ഷ വിമര്‍ശനം.
കേരളത്തിലെ ഭരണ സംവിധാനത്തിന് നിരവധി പോരായ്മകളുണ്ടെന്നും അതിന്റെ തെളിവുകളിലൊന്നാണ് അനിശ്ചിതമായി നീളുന്ന നിരവധി പദ്ധതികളെന്നും ലേഖനത്തില്‍ ഐസക് തുറന്നടിക്കുന്നു. വന്‍കിട പ്രോജക്ടുകള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് ഭരണ യന്ത്രം പ്രാപ്തമല്ല. സേവന മേഖലയിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ല. വ്യവസായ പ്രോത്സാഹന ഏജന്‍സികളുടെ പ്രവര്‍ത്തനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. റെഗുലേറ്ററി വകുപ്പുകള്‍ പലപ്പോഴും ജനവിരുദ്ധമാകുന്നു.
കാലോചിത പരിഷ്‌കരണങ്ങളില്ലാത്തത് ഭരണ യന്ത്രം തുരുമ്പിച്ചതും ജന സൗഹാര്‍ദവുമല്ലാതാക്കി. ജനങ്ങളുടെ പരാതികള്‍ കൂടുകയാണ്. സമയബന്ധിതമായി വന്‍കിട പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കാര്യക്ഷമതയില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമൂലമായ അഴിച്ചുപണിക്ക് ഇപ്പോഴും പ്രായോഗിക പദ്ധതിയില്ല. ഭിന്നശേഷി, വയോജന സൗഹൃദ സംസ്ഥാനമായി കേരളത്തെ എങ്ങനെ മാറ്റാം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എങ്ങനെ കുറയ്‌ക്കാം എന്നിവയും സജീവമായി ചര്‍ച്ച ചെയ്യപ്പെടണം. കാര്‍ഷിക മേഖല രൂക്ഷമായ മുരടിപ്പിലാണ്. ഉത്പാദനക്ഷമതയും ഉത്പാദനവും ഉയര്‍ത്തുന്നതിനുള്ള പാക്കേജ് ഫലപ്രദമായി നടപ്പാക്കുന്നില്ല. വ്യവസായ സംരംഭകത്വത്തില്‍ കോര്‍പ്പറേറ്റ് മൂലധനത്തെ വേണ്ട വിധം ആകര്‍ഷിക്കാനാകുന്നില്ല. ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഇന്‍ഡക്‌സില്‍ ഇപ്പോഴും സംസ്ഥാനം പിന്നിലാണ്, ഐസക് പറയുന്നു.
സേവനാവകാശ നിയമം, പൗരാവകാശ രേഖ, സോഷ്യല്‍ ഓഡിറ്റ്, പരാതി പരിഹാര സംവിധാനം, നഷ്ടോത്തരവാദിത്തം ഇവിടെയെല്ലാമുള്ള പുരോഗതി അഭിമാനകരമല്ല. റെഗുലേറ്ററി വകുപ്പുകള്‍ ന്യായവും നീതിയും നിയമവുമനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഉറപ്പാക്കണം. പോലീസ് സേനയുടെ പരിഷ്‌കരണമില്ല. കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും മാറ്റേണ്ടതുണ്ട്. 2009ലെ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ നിയമ പരിഷ്‌കാര കമ്മിഷന്‍ റിപ്പോര്‍ട്ടോ ഇപ്പോഴത്തെ ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായുള്ള നിയമ പരിഷ്‌കാര കമ്മിഷന്റെ നിര്‍ദേശങ്ങളോ പ്രാ
യോഗിക രൂപത്തിലേക്കു മാറ്റാനായിട്ടില്ല. കേരളം അതിവേഗം നഗരവത്കരിക്കപ്പെടുമ്പോഴും സര്‍ക്കാരിന്റെ സമീപനങ്ങള്‍ നാട്ടിന്‍പുറത്തെ അനുഭവങ്ങളില്‍ അധിഷ്ഠിതമാണെന്നും ഐസക് വിമര്‍ശിക്കുന്നു.
ഭരണ സംവിധാനത്തിന്റെ ദൗര്‍ബല്യങ്ങളെ ചൂണ്ടിക്കാണിച്ചാണ് സ്വകാര്യവത്കരണ അജന്‍ഡകള്‍ ജനങ്ങളുടെ മനസ്സില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം നടക്കുന്നതെന്ന് തിരിച്ചറിയണം. നിയോ ലിബറല്‍ സര്‍ക്കാര്‍ ഭരണ യന്ത്രത്തിനു ബദലായി ഒരു ജനകീയ ഭരണ യന്ത്രത്തിനു രൂപം നല്കണമെന്ന നിര്‍ദേശവും ലേഖനത്തിലുണ്ട്. പിണറായി സര്‍ക്കാരിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ തോമസ് ഐസക് തന്നെ തുറന്നടിച്ചതിനെതിരേ പാര്‍ട്ടിയില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: