ന്യൂദല്‍ഹി: അധ്യാപക ദിനത്തിന്റെ പൂര്‍വസന്ധ്യയില്‍ 2023 ലെ ദേശീയ അധ്യാപക പുരസ്‌കാര ജേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയവിനിമയം നടത്തി. കൂടിക്കാഴ്ചയില്‍ 75 പുരസ്‌കാര ജേതാക്കള്‍ പങ്കെടുത്തു.
രാജ്യത്തെ യുവമനസുകളെ പരിപോഷിപ്പിക്കുന്നതില്‍ അധ്യാപകര്‍ നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. മികച്ച അധ്യാപകരുടെ പ്രാധാന്യത്തെക്കുറിച്ചും രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുന്നതില്‍ അവര്‍ക്കു വഹിക്കാന്‍ കഴിയുന്ന പങ്കിനെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. താ?ഴേത്തട്ടില്‍ നിന്നു നേട്ടങ്ങള്‍ കൊയ്തവരുടെ കഥകള്‍ കുട്ടികള്‍ക്കു മനസിലാക്കിക്കൊടുത്ത് അവരെ പ്രചോദിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തിന് അ?ദ്ദേഹം ഊന്നല്‍ നല്‍കി.
നമ്മുടെ പ്രാദേശിക പൈതൃകത്തിലും ചരിത്രത്തിലും അഭിമാനം കൊള്ളുന്നതിനെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, തങ്ങളുടെ പ്രദേശത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയുംകുറിച്ചു പഠിക്കാന്‍ വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കണമെന്ന് അധ്യാപകരോട് അഭ്യര്‍ഥിച്ചു. രാജ്യത്തെ വൈവിധ്യത്തിന്റെ കരുത്ത് ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുടെ സംസ്‌കാരവും വൈവിധ്യവും വിദ്യാലയങ്ങളില്‍ ആഘോഷിക്കാന്‍ അധ്യാപകരോട് അഭ്യര്‍ഥിച്ചു.
അടുത്തിടെ ചന്ദ്രയാന്‍3ന്റെ കാര്യത്തില്‍ നേടിയ വിജയം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, 21ാം നൂറ്റാണ്ടു സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ നൂറ്റാണ്ടായതിനാല്‍ ശാസ്ത്രസാങ്കേതികവിദ്യകളെക്കുറിച്ചു വിദ്യാര്‍ഥികളില്‍ ജിജ്ഞാസ വളര്‍ത്തേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടി. യുവാക്കളെ നൈപുണ്യമുള്ളവരാക്കി അവരെ ഭാവിയിലേക്കു സജ്ജരാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
‘മിഷന്‍ ലൈഫി’നെക്കുറിച്ചു പരാമര്‍ശിക്കവേ, ഉപയോഗശേഷം വലിച്ചെറിയുന്ന സംസ്‌കാരത്തിനു പകരം പുനരുപയോഗത്തിന്റെ സാധ്യതകള്‍ പരിശോധിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു. നിരവധി അധ്യാപകര്‍ വിദ്യാലയങ്ങളിലെ ശുചിത്വ പരിപാടികളെക്കുറിച്ചു പ്രധാനമന്ത്രിയോടു വിശദീകരിച്ചു. ഔദ്യോഗിക ജീവിതത്തിലുടനീളം പഠിക്കാനും കഴിവുകള്‍ മെച്ചപ്പെടുത്താനും ശ്രമിക്കണമെന്നു പ്രധാനമന്ത്രി അധ്യാപകരോടു നിര്‍ദേശിച്ചു.
രാജ്യത്തെ ഏറ്റവും മികച്ച ചില അധ്യാപകരുടെ അതുല്യസംഭാവനകളെ ആഘോഷിക്കുക എന്നതാണു ദേശീയ അധ്യാപക പുരസ്‌കാരത്തിന്റെ ഉദ്ദേശ്യം. പ്രതിബദ്ധതയിലൂടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഒപ്പം, വിദ്യാര്‍ഥികളുടെ ജീവിതം സമ്പന്നമാക്കുകയും ചെയ്ത അധ്യാപകരെ ആദരിക്കുക എന്നതും ദേശീയ അധ്യാപക പുരസ്‌കാരത്തിന്റെ ലക്ഷ്യമാണ്. സ്‌കൂള്‍ വിദ്യാഭ്യാസസാക്ഷരതാ വകുപ്പു തിരഞ്ഞെടുത്ത അധ്യാപകര്‍ക്കു പുറമെ, ഈ വര്‍ഷം ഉന്നത വിദ്യാഭ്യാസ വകുപ്പും നൈപുണ്യ വികസന മന്ത്രാലയവും തിരഞ്ഞെടുത്ത അധ്യാപകരെക്കൂടി ഉള്‍പ്പെടുത്തി പുരസ്‌കാരത്തിന്റെ വ്യാപ്തി വിപുലീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: