ന്യൂദല്‍ഹി: ജി 20 ഉച്ചകോടിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 207 ട്രെയിനുകളുടെ സര്‍വീസുകള്‍ റദ്ദാക്കുമെന്ന് നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു. ഈ മാസം ഒന്‍പത്, 10,11 തീയതികളിലാണ് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുക.
അമൃത്സര്‍ ജങ്ഷന് – ന്യൂദല്‍ഹി എക്സ്പ്രസ്, കാണ്‍പൂര്‍ സെന്‍ട്രല്‍-ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ എക്സ്പ്രസ് എന്നിവയുള്‍പ്പെടെ 207 ട്രെയിനുകളുടെ സര്‍വീസുകളാണ് റദ്ദാക്കുക. കൂടാതെ പതിനഞ്ചോളം ട്രെയിനുകളുടെ റൂട്ടില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ആറ് ട്രെയിനുകള്‍ വഴി തിരിച്ചുവിടുകയും ചെയ്യും. ന്യൂദല്‍ഹി സ്റ്റേഷനുകളില്‍ യാത്ര അവസാനിപ്പിക്കേണ്ട 36 ട്രെയിനുകള്‍ ഗാസിയാബാദ്, നിസാമുദീന്‍ സ്റ്റേഷനുകളില്‍ യാത്ര അവസാനിപ്പിക്കും.
ജമ്മു താവി-ന്യൂദല്‍ഹി രാജധാനി, തേജസ് രാജധാനി ഹസ്രത്ത് നിസാമുദ്ദീന്‍, വാരണാസി-ന്യൂദല്‍ഹി തേജസ് രാജധാനി എന്നിവയുള്‍പ്പെടെ 70 ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്. ജി 20 ഉച്ചകോടി നടക്കുന്ന ഒന്‍പത്, 10 തീയതികളില്‍ കനത്ത സുരക്ഷാ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജി 20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ദല്‍ഹി വിമാനത്താവളത്തിലെ 160 ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കും. എട്ടു മുതല്‍ 10 വരെ ദല്‍ഹിയില്‍ നിന്ന് പുറപ്പെടേണ്ട 80 വിമാനങ്ങളും ദല്‍ഹിയിലേക്ക് എത്തിച്ചേരേണ്ട 80 വിമാനങ്ങളുമാണ് റദ്ദാക്കുക. അതേസമയം, വിമാനറദ്ദാക്കല് ജി 20 ഉച്ചകോടി അന്താരാഷ്ട്ര വിമാന സര്‍വീസുകളെ ബാധിക്കില്ല.
റദ്ദാക്കുന്ന 160 വിമാനങ്ങള്‍ ദല്‍ഹി വിമാനത്താവളത്തിലെ സാധാരണസര്വീസുകളുടെ ആറുശതമാനം മാത്രമേ വരികയു ള്ളൂവെന്നും അധികൃതര്‍ അറിയിച്ചു. വിമാനങ്ങള്‍ റദ്ദാക്കുന്നതിന് വിമാനങ്ങളുടെ പാര്‍ക്കിങ്ങുമായി ബന്ധമില്ലെന്നും ദല്‍ഹി വിമാനത്താവളത്തില്‍ വിശാലമായ പാര്‍ക്കിങ് സ്ഥലമുണ്ടെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: