ന്യൂദല്‍ഹി: ജി 20 ഉച്ചകോടിക്കെത്തുന്ന രാഷ്ട്രത്തലന്മാരെ സ്വീകരിക്കാന്‍ ദല്‍ഹിയിലെ ഹോട്ടലുകള്‍ ഒരുങ്ങി. ജി 20 രാഷ്ട്രതലവന്മാര്കര്ക്കും അവരെ അനുഗമിക്കുന്ന ഉന്നതഉദ്യോഗസ്ഥര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമായി മുപ്പതിലധികം ഹോട്ടലുകളിലാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. ഇവിടങ്ങളില്‍ പ്രത്യേകസുരക്ഷാക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഐടിസി മൗര്യയിലാണ് താമസിക്കുക. ഹോട്ടലിന്റെ 14-ാം നിലയിലാണ് ബൈഡന് താമസിക്കുക എന്നാണ് സൂചന. ബൈഡന് താമസിക്കുന്ന നിലയില്‍ നിന്ന് താഴേക്കെത്താന്‍ പ്രത്യേക ലിഫ്റ്റും സജ്ജീകരിച്ചിട്ടുണ്ട്. ഹോട്ടലിന്റെ എല്ലാ നിലകളിലും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ ഉണ്ടാകും.
ഈ ഹോട്ടലില്‍ 400 മുറികളാണ് ഉള്ളത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഷാംഗ്രി-ലാ ഹോട്ടലിലാണ് താമസിക്കുക. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് ക്ലാരിഡസ് ഹോട്ടലിലാണ് താമസമൊരുക്കുന്നത്. പ്രധാന ഹോട്ടലുകളിലെല്ലാം പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇവിടങ്ങളില്‍ ഒരു ഡിസിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ക്യാമ്പ് കമാന്‍ഡറായി നിയോഗിച്ചിട്ടുണ്ട്. ജി 20 ഉച്ചകോടി ഒമ്പതിനാണ് തുടങ്ങുന്നതെങ്കിലും അമേരിക്ക, ബ്രിട്ടണ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ദിവസങ്ങള്‍ക്കുമുമ്പ് തന്നെ ദല്‍ഹിയില്‍ എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: