തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. വൻകിട പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാൻ ഭരണയന്ത്രം പ്രാപ്തമല്ലെന്നും സേവന മേഖലയെക്കുറിച്ച് ജനങ്ങളുടെ പരാതികൾ കൂടി വരികയാണെന്നും തോമസ് ഐസക് വിമർശിക്കുന്നു. പാർട്ടി പ്രസിദ്ധീകരണമായ ചിന്തയിൽ എഴുതിയ ലേഖനത്തിലാണ് തോമസ് ഐസക്കിന്റെ വിമർശനം.
വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന ഏജൻസികളുടെ പ്രവർത്തനം കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. പദ്ധതികൾ അനിശ്ചിതമായി നീണ്ടുപോകുന്നത് സർക്കാരിന്റെ പോരായ്‌മയാണ്. സേവനമേഖലയിലെ രണ്ടാംതലമുറ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നില്ല. ഭരണ സംവിധാനങ്ങളുടെ പരാജയം സ്വകാര്യവത്കരണമെന്ന ആവശ്യത്തെ ശക്തിപ്പെടുത്തും. ഭരണ നിർവ്വഹണവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം ലേഖനത്തിൽ കുറ്റപ്പെടുത്തി.
റെഗുലേറ്ററി വകുപ്പുകൾ പലപ്പോഴും ജനവിരുദ്ധമാകുന്നു. കാലോചിതമായി നടത്തേണ്ട പരിഷ്കരണങ്ങൾ ഈ രംഗത്ത് ഉണ്ടായിട്ടില്ല എന്നതിന്റെ ഫലമായിട്ടാണ് നമ്മുടെ ഭരണയന്ത്രം തുരുമ്പിച്ചതും വേണ്ടത്ര ജന സൗഹാർദ്ദപരമല്ലാത്തതുമായ അവസ്ഥ ഉണ്ടായിട്ടുള്ളത്’’– അദ്ദേഹം പറഞ്ഞു. പോലീസിനെതിയെും വിമർശനം ഉന്നയിച്ച അദ്ദേഹം കാലഹരണപ്പെട്ട ചട്ടങ്ങൾ മാറ്റുന്നില്ലെന്നും ആരോപിച്ചു.
കാർഷിക മേഖലയിലെ വളർച്ച രൂക്ഷമായ മുരടിപ്പിൽ തുടരുകയാണ്. പ്രതികൂലമായ കമ്പോള സ്ഥിതിയാണ് അതിന്റെ അടിസ്ഥാന കാരണം. ഇതിനെ മറികടക്കത്തക്കരീതിയിൽ ഉൽപാദനക്ഷമതയും ഉൽപാദനവും ഉയർത്തുന്നതിനുള്ള പാക്കേജ് ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്നില്ലെന്നും ഐസക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: