ബഹിരാകാശ മേഖലയില്‍ കൈവരിച്ച അഭിമാനകരമായ നേട്ടങ്ങളിലൂടെ ഭാരതം ലോകരാജ്യങ്ങളെ അമ്പരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചന്ദ്രയാന്‍ മൂന്നിന്റെ വിജയകരമായ വിക്ഷേപണത്തിനും, ചന്ദ്രനില്‍നിന്നുള്ള വിസ്മയാവഹമായ വിവരങ്ങള്‍ പങ്കുവച്ചുകൊണ്ടിരിക്കുന്നതിനും പിന്നാലെ സ്വന്തം സൗരദൗത്യത്തിനും ഭാരതം തുടക്കം കുറിച്ചിരിക്കുന്നത് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഭാരതത്തിന്റെ പ്രതിച്ഛായ ഏറെ തിളക്കമുള്ളതാക്കിയിരിക്കുന്നു. ഭാരതത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍-1 ശ്രീഹരിക്കോട്ടയില്‍നിന്ന് ആകാശത്തേക്ക് കുതിച്ചുയര്‍ന്നത് ഓരോ ഭാരതീയന്റെയും അഭിമാനം അക്ഷരാര്‍ത്ഥത്തില്‍ വാനോളമുയര്‍ത്തിയിരിക്കുകയാണ്. തദ്ദേശീയമായി നിര്‍മിച്ച പിഎസ്എല്‍വി സി-57 റോക്കറ്റ് പേടകവുമായി കുതിച്ചുയര്‍ന്ന് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഉപഗ്രഹം വേര്‍പെട്ടതോടെ ദൗത്യം വിജയിച്ചതായി ഐഎസ്ആര്‍ഒ പ്രഖ്യാപിക്കുകയായിരുന്നു. നാലുമാസത്തെ യാത്രയിലൂടെ 15 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് പേടകം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുകയും, എല്‍-1 എന്നു പേരുള്ള പോയിന്റില്‍നിന്ന് സൂര്യനെ സുതാര്യമായി വീക്ഷിക്കാനും പഠിക്കാനും കഴിയും.
സൗരദൗത്യം നടത്തുന്ന നാലാമത്തെ രാജ്യമാണ് ഭാരതം എന്നറിയുമ്പോഴാണ് അതിന്റെ മഹത്വം തിരിച്ചറിയാനാവുക. ജപ്പാന്, അമേരിക്ക, യൂറോപ്പ്, ചൈന എന്നിവയാണ് ഇതിനുമുന്‍പ് സോളാര്‍ ദൗത്യത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. ഇതില്‍ അമേരിക്കയും മറ്റും വികസിത രാഷ്ട്രങ്ങളായാണ് കണക്കാക്കപ്പെടുന്നത്. അമേരിക്കന്‍ ബഹിരാകാശ സംഘടനയായ നാസയാണ് ഇക്കാര്യത്തില്‍ മുന്നില്‍നില്‍ക്കുന്നത്. ആദിത്യ എല്‍-1 വിക്ഷേപിക്കാന്‍ കഴിഞ്ഞതോടെ ഭാരതവും ഈ നിലയിലേക്ക് ഉയരുകയാണ്. ചന്ദ്രയാന്‍ മൂന്ന് നല്‍കുന്നത് ഇതുവരെ അജ്ഞാതമായിരുന്ന വിവരങ്ങളാണല്ലോ. അതുപോലെ സൂര്യനെക്കുറിച്ച് ആദിത്യ ദൗത്യത്തിലൂടെ പുതിയ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. നാം ജീവിക്കുന്ന ഗ്രഹമായ ഭൂമിയുള്‍പ്പെടുന്ന സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണ്. കത്തിക്കാളുകയും വെട്ടിത്തിളങ്ങുകയും ചെയ്യുന്ന ഈ ഗ്രഹത്തെക്കുറിച്ച് ഇപ്പോഴും കൂടുതലൊന്നും മനുഷ്യര്‍ക്ക് അറിയില്ല എന്നതാണ് വാസ്തവം. സൂര്യന്റെ ആയുസ്സെത്രയാണ്, അത് എത്ര കാലം കൂടി ഇനി നിലനില്ക്കും, അതിനുശേഷം എന്താണ് സംഭവിക്കുക എന്നീ കാര്യങ്ങളെക്കുറിച്ച് ശാസ്ത്രലോകത്തിന് ചില ധാരണകളൊക്കെയുണ്ടെങ്കിലും അവ പൂര്‍ണമായും ശരിയാണെന്ന് ആരും വിശ്വസിക്കുന്നില്ല. സൂര്യന്റെ ഏറ്റവും അടുത്ത് സഞ്ചരിച്ച് നടത്തുന്ന പഠനങ്ങളിലൂടെ ഇക്കാര്യത്തില്‍ വ്യക്തത വരും. ഭൂമുഖത്തെ ജീവിതം ഇനി എത്ര കാലമുണ്ടാകും എന്നുവരെ അറിയാന്‍ സൂര്യനെക്കുറിച്ചുള്ള പഠനത്തിലൂടെ കഴിയും.
ആദിത്യയുടെ വിക്ഷേപണ വിജയം ഐഎസ്ആര്‍ഒ എന്ന സ്ഥാപനത്തിന്റെ പ്രശസ്തി പതിന്മടങ്ങ് വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിക്കുന്നതിന് പിന്നില്‍ മറ്റൊരു വശം കൂടിയുണ്ട്. മറ്റ് രാജ്യങ്ങളുടെയൊക്കെ സൗരദൗത്യം വളരെ ചെലവേറിയതായിരുന്നു. എന്നാല്‍ അത്രയൊന്നും പണം ചെലവാക്കാതെയാണ് ഭാരതം അഭിമാനകരമായ നേട്ടം കൈപ്പിടിയിലാക്കിയിട്ടുള്ളത്. ഇത് നമ്മുടെ ശാസ്ത്രജ്ഞരുടെ ബുദ്ധിവൈഭവമാണ്. മറ്റൊന്ന് ഇത്തരമൊരു ദൗത്യത്തിന് നമ്മുടെ രാജ്യത്തെ തയ്യാറാക്കുന്ന ഭരണകാലാവസ്ഥ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. ഐഎസ്ആര്‍ഒയുടെ ചാന്ദ്രദൗത്യം വിജയിച്ചപ്പോള്‍ ആ സ്ഥാപനത്തിന്റെ രൂപീകരണത്തില്‍ വലിയ പങ്കൊന്നുമില്ലാതിരുന്ന പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനാണ് ബഹുമതിയെന്ന് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുകയുണ്ടായി. എന്നാല്‍ രാജ്യത്തിന്റെ ബഹിരാകാശ ദൗത്യത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയും, ശാസ്ത്രജ്ഞരെ വിശ്വാസത്തിലെടുക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വളരെ വലുതാണ്. ചിലര്‍ ഇക്കാര്യം തുറന്ന മനസ്സോടെ സമ്മതിക്കാത്തത് രാഷ്ട്രീയ കാരണങ്ങളാലാണ്. 2047 ല്‍ ഭാരതം വന്‍ ശക്തിയാവുമെന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചത്. ചന്ദ്രയാന്‍ ദൗത്യത്തിന്റെയും സൗരദൗത്യത്തിന്റെയും വിജയം കണക്കിലെടുക്കുമ്പോള്‍ രാജ്യം ഈ നിലയിലെത്താന്‍ ഇത്രപോലും കാത്തിരിക്കേണ്ടിവരില്ലെന്നാണ് കരുതേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: