ബെംഗളുരു: രാജ്യത്തിന്റെ ആദ്യ സൗരദൗത്യമായ അദിത്യ എൽ 1ന്റെ ആദ്യ ഭ്രമണപഥം ഉയർത്തൽ വിജയകരം. ഭൂമിയുടെ അടുത്ത ഭ്രമണപഥത്തിലേക്കുള്ള ഉയർത്തൽ പ്രക്രിയയയാണ് ഇന്ന് നടന്നത്. വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ നിന്നും ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്കാണ് പേടകത്തെ മാറ്റിയത്. ഇന്ന് രാവിലെ 11.45നാണ് ഭ്രമണപഥം ഉയർത്തൽ പ്രക്രിയ നടന്നത്.
അടുത്ത ഭ്രമണപഥം ഉയർത്തൽ ചൊവ്വാഴ്ച പുലർച്ചെ മൂന്നിന് നടക്കും. അഞ്ചാം ഘട്ടത്തിലാണ് ഭൂമിയുടെ ഭ്രമണപഥം വിട്ട് സൂര്യനും ഭുമിക്കും ഇടയിലുള്ള എൽ1 പോയിൻ്റിലേക്കുള്ള യാത്ര തുടങ്ങുക. 16 ദിവസം ഭൂമിയുടെ ഭ്രമണപഥത്തിലൂടെയുള്ള സഞ്ചാരപാത വിജയകരമായി പൂർത്തിയാക്കിയ ശേഷമായിരിക്കും ആദിത്യ യാത്ര തുടരുന്നത്. 125 ദിവസം സഞ്ചരിച്ചാകും പേടകം ലക്ഷ്യസ്ഥാനത്തെത്തുക. 15 ലക്ഷം കിലോമീറ്റർ അകലെയായുള്ള എൽ1 പോയിന്റാണ് ഉപഗ്രഹത്തിന്റെ ലക്ഷ്യസ്ഥാനം. സൂര്യനെയും കൊറോണയെയും താപനിലയെയും സൗരക്കാറ്റിനെയും കുറിച്ച് പഠിക്കുക എന്നതാണ് ആദിത്യയുടെ പ്രഥമ ലക്ഷ്യം.
അഞ്ച് വർഷത്തോളം പേടകം ഇവിടെയുണ്ടാകും. ഇന്നലെ രാവിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നുമാണ് ഉപഗ്രഹം വിക്ഷേപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: