തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. സംസ്ഥാനത്തിന്റെ മധ്യ, തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പെയ്യുന്നത്. നേരത്തെ ഇടുക്കി ജില്ലയിൽ മാത്രമാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ നാല് ജില്ലകളിലായി ഇത് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ 64.5 മുതൽ 115.5 മില്ലീ മീറ്റർവരെ മഴ ലഭിക്കും. വ്യാഴാഴ്ചവരെ ഈ കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
അതേസമയം വടക്ക്- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വരും മണിക്കൂറുകളിൽ പുതിയ ചക്രവാതച്ചുഴി രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നിലവിൽ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതാണ് നിലവിൽ ശക്തമായ മഴയ്ക്ക് കാരണം ആകുന്നത്. വടക്ക് പടിഞ്ഞാറൻ ഉൾക്കടലിൽ ആകും പുതിയ ചക്രവാതച്ചുഴി. ഇത് ന്യൂനമർദ്ദമായി മാറാനാണ് സാദ്ധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ അതി ശക്തമായ മഴയായിരിക്കും സംസ്ഥാനത്ത് ലഭിക്കുക.
ശക്തമായ മഴയും മണ്ണിടിച്ചിലും തുടരുന്നതിനാൽ പത്തനംതിട്ട ഗവിയിലേക്കുള്ള യാത്ര ജില്ലാ കളക്ടർ വിലക്കിയിട്ടുണ്ട്. ഗവി റൂട്ടിൽ രണ്ടിടത്താണ് മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ പ്രദേശത്തേക്ക് കെഎസ്ആർടിസി ബസും സർവീസ് നടത്തില്ല. മലവെള്ളം ഇരച്ചെത്തിയതിനെ തുടർന്ന് ഇന്നലെ തുറന്ന മൂഴിയാർ, മണിയാർ ഡാമുകളുടെ ഷട്ടറുകൾ ഇന്ന് അടച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: