സപ്ലൈകോ വഴി സംഭരിച്ച നെല്ലിന്റെ പണം നെല്‍കര്‍ഷകര്‍ക്ക് നല്‍കാത്തതില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നതോടെ നുണപ്രചാരണവുമായി പ്രതിരോധത്തിനിറങ്ങിയ ഇടതുമുന്നണി സര്‍ക്കാരിന്റെ കാപട്യം പുറത്തായിരിക്കുന്നു. കളമശ്ശേരിയില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച കാര്‍ഷികോത്സവം പരിപാടിയില്‍ സിനിമാതാരം ജയസൂര്യ ഉയര്‍ത്തിയ വിമര്‍ശനം സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്നു. തിരുവോണ ദിവസം വീട്ടില്‍നിന്ന് ഭക്ഷണം കഴിക്കാനാവാതെ സമരം ചെയ്യേണ്ടിവന്ന നെല്‍കര്‍ഷകരുടെ ഗതികേടിനെക്കുറിച്ചാണ് ജയസൂര്യ പറഞ്ഞത്. അപ്രതീക്ഷിതമായ ഈ വിമര്‍ശനത്തില്‍ വെട്ടിലായ മന്ത്രിമാര്‍ക്ക് മറുപടിയൊന്നും പറയാനുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് സംസ്ഥാനത്തിന്റെ വിഹിതം നെല്‍കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും, കേന്ദ്രവിഹിതമാണ് ഇനി ലഭിക്കാനുള്ളതെന്നും വ്യവസായമന്ത്രി പി. രാജീവ് പറയുകയുണ്ടായി. പിന്നീട് കൃഷിമന്ത്രി പി. പ്രസാദും ഇത് ഏറ്റുപിടിച്ചു. തങ്ങളുടെ ദുര്‍ഭരണത്തിനും കര്‍ഷകദ്രോഹത്തിനും കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുകയെന്ന തന്ത്രമായിരുന്നു ഇത്. ഇതും ഇപ്പോള്‍ പൊളിഞ്ഞിരിക്കുകയാണ്. കര്‍ഷകരില്‍നിന്ന് നെല്ല് സംഭരിച്ച വകയില്‍ കേരളത്തിന് പണം നല്കാന് ബാക്കിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണിത്. കേന്ദ്രസര്‍ക്കാരിന്റെ വികേന്ദ്രീകൃത സംഭരണ സംവിധാനമായ ഡിസിപി പദ്ധതി പ്രകാരം കേരളത്തില്‍ നെല്ല് സംഭരിച്ചതിന്റെ ബില്ലുകള്‍ തീര്‍പ്പാക്കാന്‍ ബാക്കിയില്ലെന്നും, മുഴുവന്‍ ബില്ലുകളും തീര്‍പ്പാക്കിയിട്ടുണ്ടെന്നും കേന്ദ്ര ഭക്ഷ്യപൊതുവിതരണ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്. ഇതോടെ കള്ളപ്രചാരണമാണ് ഇക്കാര്യത്തില്‍ സംസ്ഥാന മന്ത്രിമാര്‍ നടത്തിയതെന്ന് വ്യക്തമായിരിക്കുന്നു.
നെല്ല് സംഭരിച്ചതിന്റെ വകയില്‍ കേന്ദ്രസര്‍ക്കാര്‍ 400 കോടി രൂപ നല്‍കാനുണ്ടെന്നായിരുന്നു സംസ്ഥാന മന്ത്രിമാര്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ഇത് ഏത് കാലത്തേതാണെന്നും, ബില്ല് സമര്‍പ്പിച്ചത് എന്നാണെന്നും, എത്ര കാലമായുള്ള കുടിശികയാണുള്ളതെന്നും പറയാന്‍ ഈ മന്ത്രിമാര്‍ക്കു കഴിയുന്നില്ല. നിലവില്‍ കേരളം സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളൊന്നും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നും, സംസ്ഥാനം ക്ലെയിം ചെയ്താല്‍ ഉടന്‍ പണം അനുവദിക്കുമെന്നും കേന്ദ്രം അറിയിച്ചിരിക്കെ തങ്ങളുന്നയിച്ച ആരോപണത്തിന് മറുപടി നല്‍കാനുള്ള ബാധ്യത മന്ത്രിമാര്‍ക്കുണ്ട്. എന്നാല്‍ അവര്‍ അതു ചെയ്യില്ല. കാരണം കേന്ദ്രസര്‍ക്കാരിനെതിരെ നുണപ്രചാരണമാണ് നടത്തുന്നതെന്ന് ഏറ്റവും നന്നായി ബോധ്യമുള്ളത് ഇവര്‍ക്കുതന്നെയാണ്. മുഖ്യമന്ത്രിയും ധനമന്ത്രിയും മറ്റ് മന്ത്രിമാരും ഉന്നയിക്കു ന്ന നിന്ദ്യമായ ഇത്തരം ആരോപണങ്ങള്‍ വസ്തുതാവിരുദ്ധം മാത്രമല്ല, കല്ലുവച്ച നുണകളായിരുന്നിട്ടും ഫെഡറല്‍ സംവിധാനത്തെ മാനിച്ച് യഥാസമയം ഇതിനെ തുറന്നുകാണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവാത്ത സ്ഥിതിവിശേഷം മുതലെടുക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നത്. ബുദ്ധിപരമായ സത്യസന്ധതയോ രാഷ്ട്രീയ സദാചാരമോ തൊട്ടുതെറിക്കാത്ത ഇടതു മന്ത്രിമാര്‍ ദുഷ്പ്രചാരണം നടത്തുന്നത് സ്വന്തം മിടുക്കായി കാണുന്നവരാണ്. കള്ളങ്ങള്‍ പൊൡയുന്നതുവരെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്നത് നേട്ടമായി കരുതുന്നവരാണ് ഇക്കൂട്ടര്‍.
നുണപ്രചാരണം സര്‍ക്കാരിന്റെ നയമാക്കിയിട്ടുള്ള ഭരണമാണ് ഏഴ് വര്‍ഷമായി കേരളത്തില്‍ നടക്കുന്നത്. അഴിമതികളും അക്രമസംഭവങ്ങളും കൊലപാതകങ്ങളും ലൈംഗികപീഡനങ്ങളും നിരന്തരം നടക്കുമ്പോള്‍ നുണകള്‍കൊണ്ടാണ് പ്രതിരോധിക്കുന്നത്. വിദഗ്ധമായി നുണ പറയുന്നതില്‍ മന്ത്രിമാര്‍ തമ്മില്‍ ഒരു മത്സരം നടക്കുന്നതുപോലെയാണ്. മുഖ്യമന്ത്രി കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ്. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവഗണിക്കുകയാണെന്നും, സംസ്ഥാനത്തിന്റെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കു കാരണം കേന്ദ്രസര്‍ക്കാരാണെന്നും അധികാരമേറ്റ നാള് മുതല്‍ ഈ മന്ത്രി യാതൊരു ലജ്ജയുമില്ലാതെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. കേന്ദ്രവിഹിതം വെട്ടിക്കുറച്ചെന്ന ധനമന്ത്രിയുടെ ആരോപണം പച്ചക്കള്ളമാണെന്ന് ഈ മന്ത്രിതന്നെ നിയമസഭയില്‍ നല്കിയ മറുപടിയിലെ കണക്കുകള്‍ ഉദ്ധരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് അടുത്തിടെ തെളിയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കാനുള്ള മാന്യത ധനമന്ത്രി കാണിച്ചില്ല. കോണ്‍ഗ്രസ് നേതൃത്വം നല്കിയ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ലഭിച്ചതിനേക്കാള്‍ അഞ്ചിരട്ടി ഗ്രാന്റും നികുതിയും നരേന്ദ്ര മോദി നേതൃത്വം നല്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നാണ് രേഖകള്‍ കാണിക്കുന്നത്. ഇത് മറച്ചുപിടിച്ചുകൊണ്ടാണ് ധനമന്ത്രി ബാലഗോപാല്‍ കേന്ദ്രവിരോധം പ്രസംഗിക്കുന്നത്. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചെന്ന ധനമന്ത്രിയുടെ കള്ളപ്രചാരണവും ബിജെപി കണക്കുകള്‍ നിരത്തി തെറ്റാണെന്ന് തെളിയിച്ചിരുന്നു. എന്നാല്‍ ദുര്‍ഭരണത്തിന് മറയിടാനുള്ള നുണപ്രചാരണത്തില്‍നിന്ന് പിന്നോട്ടില്ലെന്നാണ് ഇടതു മന്ത്രിമാരുടെ ചെയ്തികളില്‍നിന്ന് വ്യക്തമാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: