സൂര്യന് എന്ന എന്ന ഗ്രഹത്തിന്റെ അധീനതയിലാണു വാസ്തുശാസ്ത്രം നിലകൊള്ളുന്നത്. ഭൗമോര്‍ജം, പ്രാപഞ്ചികോര്‍ജം എന്ന രണ്ട് ഊര്‍ജങ്ങളുടെ അടിസ്ഥാനത്തിലാണ് മനുഷ്യന്റെ പ്രാണവായു നിലനില്‍ക്കുന്നത്. പഞ്ചഭൂതങ്ങളും പഞ്ചേന്ദ്രിയങ്ങളും മനുഷ്യനെ ഒന്നുപോലെ സ്വാധീനിക്കുന്നു. ഈ രണ്ടു ഘടകങ്ങളുമില്ലെങ്കില്‍ മനുഷ്യനില്ല. മനുഷ്യന് കാണിക്കുന്ന അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ എല്ലാംതന്നെ നഗ്നനേത്രങ്ങളാല്‍ പ്രകൃതി കാണുന്നു. ആള്‍വാസമില്ലാത്ത കൊടും വനത്തിനുള്ളില്‍ നടക്കുന്ന ക്രൂരമായ പ്രവൃത്തിയായാലും, ആരും കാണാനില്ല എന്ന ബോധ്യത്തോടുകൂടി വിജനമായ സ്ഥലത്ത് ആളൊഴിഞ്ഞ ഗൃഹത്തില്‍ നടത്തുന്ന നരഹത്യയായാലും എല്ലാം പ്രപഞ്ചശക്തി കാണുകയും ഉടനടി അതിനുള്ള ശിക്ഷ നിശ്ചയിക്കുകയും ചെയ്യും. ചില മനുഷ്യര്‍ കരിങ്കല്ലു പോലെ ലോകമുള്ളിടത്തോളം കാലം ജീവിച്ചിരിക്കുമെന്ന അഹങ്കാരത്തോടുകൂടി കാണിക്കുന്ന ദുഷ്പ്രവൃത്തികള്‍ പ്രപഞ്ചനാഥന് കാണുകയും അവയെല്ലാം വിലയിരുത്തി അവനു യുക്തമായ ശിക്ഷ വിധിക്കുകയും ചെയ്യുന്നുണ്ട്. സത്യം ഒന്നാണ്. ജനിച്ചുകഴിഞ്ഞാല്‍ മരണമുണ്ടാകും. അത് എപ്പോഴാണ്, ഏതു സമയത്താണ് എന്നു പറയാന്‍ സാധിക്കുകയില്ല. എന്നാല്‍, പണ്ടത്തെ ഋഷീശ്വരന്മാര് അവരുടെ അതീന്ദ്രിയശക്തികൊണ്ട് അവരുടെ അവസാനസമയം മുന്‍കൂട്ടി കാണുകയും ആ സമയം യോഗനിദ്രയിലാണ്ടു സമാധിസ്ഥരാവുകയും ചെയ്തിരുന്നു.
ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടാണ്. ഒരു ഉറുമ്പിനെപ്പോലും കൊല്ലാന്‍ മടിച്ചിരുന്ന മനുഷ്യര്‍ ഇന്നു പകയുടെ പേരില്‍ മനുഷ്യരൂപം പൂണ്ട കാട്ടാളന്മാരായി മാറി സഹജീവികളെപ്പോലും വെട്ടിനുറുക്കുന്നു. സ്വാര്‍ഥതാല്‍പര്യങ്ങളാണ് ഇതിന്റെ പിന്നില്‍. പണ്ടു കാലത്ത് രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം ചെയ്ത് ശത്രുരാജ്യത്തെ പടയാളികളെ കൊന്നൊടുക്കി സ്വന്തം രാജ്യത്തെ രക്ഷിക്കാറുണ്ട്. ആ പ്രവണത വേറേയാണ്. മാതൃരാജ്യത്തെ സംരക്ഷിക്കുന്നതു ശ്രേഷ്ഠമാണ്. അതൊരുകുറ്റമായി കണക്കാക്കാന്‍ സാധിക്കുകയില്ല. ഒരു മനുഷ്യന് ജനിക്കുമ്പോള്‍ ജാതിയോ മതമോ കൊണ്ടുവരുന്നില്ല. ഭൂമിയില്‍ പിറന്നശേഷമാണ് ഇവ ഉണ്ടാകുന്നത്. ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം, മരണം എന്നീ അഞ്ചവസ്ഥകള്‍ ഒരു മനുഷ്യനുണ്ട്. പ്രകൃതിയുടെ കണക്കനുസരിച്ച് ചിലര്‍ ബാല്യത്തിലേ മരിക്കുന്നു. ചിലര്‍ കൗമാരത്തില്‍ മരിക്കുന്നു. ഇതു കഴിഞ്ഞ ജന്മത്തിന്റെ ബാക്കിപത്രമായിട്ടേ കണക്കാക്കാന്‍ സാധിക്കൂ. മനുഷ്യനായിട്ടു ജനിച്ചുകഴിഞ്ഞാല്‍ അവനവന് അനുഷ്ഠിക്കേണ്ട ധാരാളം കര്‍ത്തവ്യങ്ങളുണ്ട്. മാതാ പിതാ ഗുരു ദൈവം എന്നിവരെ ബഹുമാനപുരസ്സരം ആദരിക്കണം എന്നാണ് എല്ലാ ഗ്രന്ഥങ്ങളിലും പറഞ്ഞിട്ടുള്ളത്. ഈ കലിയുഗത്തില്‍ എത്രപേരാണ് ഇത് അനുഷ്ഠിക്കുന്നത്? എല്ലാപേര്‍ക്കും പെട്ടെന്ന് പണക്കാരാകണം. സ്വയം പ്രയത്നിക്കാതെ, വളഞ്ഞ വഴികളിള്ക്കൂടി പ്രകൃതിക്കുവിരുദ്ധമായി പണം സമ്പാദിച്ചൂ കൂട്ടുന്നു. ചിലര്‍ അവരുടെ തലമുറയ്ക്ക് മാത്രമല്ല, പത്ത് തലമുറയ്ക്കുള്ള സമ്പാദ്യം ഉണ്ടാക്കിക്കഴിഞ്ഞാലും വീണ്ടും ആര്‍ത്തിപൂണ്ട് അതിനു പിന്നാലെ പായുന്നു. അത്തരക്കാര്‍ ഒരു കാര്യം മനസ്സിലാക്കുന്നില്ല. മരണം എന്നുള്ള സത്യം അവരെ എപ്പോഴും പിന്തുടരുന്നു എന്നുള്ളത്. സാധാരണരീതിയില്‍ പഠിച്ച് ഒരു ജോലി സമ്പാദിച്ചശേഷം വിവാഹിതനായി സന്താന സൗഭാഗ്യംനേടുന്നതോടെ ഒരു ഭവനത്തെക്കുറിച്ചു ചിന്തിക്കുവാന്‍ തുടങ്ങുന്നു. പ്രകൃതിക്ക് അനുസരണമായരീതിയില്‍ ഒരു ഭവനം നിര്‍മിച്ച് സന്തോഷത്തോടു കൂടി കുടുംബം നയിച്ച് അവരുടെ മക്കളും മക്കളുടെ മക്കളുമായശേഷം മുത്തച്ഛനായി തന്റെ സമ്പാദ്യമെല്ലാം ബന്ധുക്കള്‍ക്കും പൊതുകാര്യങ്ങള്‍ക്കും ഉപയോഗിക്കത്തക്കരീതിയില്‍ ആക്കിയശേഷം ജീവിതസായാഹ്നത്തില്‍ എത്തുന്ന ഒരു വ്യക്തി, ഭൂമിയില്‍ ജനിച്ച് തന്റേതായ എല്ലാ ജീവിതദൗത്യങ്ങളും പൂര്‍ത്തീകരിച്ച ഒരു വ്യക്തി മരണപ്പെട്ടാല്‍ ആ വ്യക്തിക്ക് പ്രകൃതിയുടെ ദൃഷ്ടിയില് ഉന്നതമായ ഒരു സ്ഥാനമുണ്ടാകും. എന്നാല്‍, എല്ലാ ദുഷ്പ്രവൃത്തികളും ചെയ്ത് മറ്റുള്ളവരുടെ ശാപത്തോടുകൂടി മരിക്കുന്ന ഒരു വ്യക്തി യുടെ അടുത്ത ജന്മം മനുഷ്യജന്മമായിരിക്കില്ല, ദുഷ്ടമൃഗത്തിന്റെ ജന്മമായിരിക്കും ലഭിക്കുന്നത്. ഇതു നിശ്ചയിക്കുന്നതു പ്രകൃതിതന്നെയാണ്. ഹിന്ദുക്കളുടെ കണക്കനുസരിച്ച് ഒരാള്‍ മരിച്ചുകഴിഞ്ഞാല്‍ വിഷ്ണുപദം (അഥവാ ശിവലോകം) പൂകും എന്നാണു വയ്പ്. എന്നാല്‍, സത്യം ഒന്നേയുള്ളൂ. ഒരു വ്യക്തി മരണപ്പെട്ടു കഴിഞ്ഞാല്‍ ഏതു മതത്തില്‍പ്പെട്ട ആളായിരുന്നാലും പ്രപഞ്ചത്തില്‍ ഒരു കണികയായി മാറും. ആത്മാവിനു മരണമില്ല. പ്രായവ്യത്യാസങ്ങളില്ല.
പ്രപഞ്ചനിയമങ്ങള്ക്കനുസരിച്ച് ഓരോരുത്തരും കഴിഞ്ഞകാലങ്ങളില്‍ ചെയ്തിട്ടുള്ള പാപപുണ്യ ഫലങ്ങള്‍ കണക്കിലെടുത്ത് പുനര്ജന്മം കൊടുക്കുമ്പോള്‍ ഏതു രീതിയിലുള്ള ജന്മം നല്‍കണമെന്നു പ്രകൃതി തീരുമാനിക്കും. ചിലര്‍ കരുതുന്നതു പോലെ ഏഴു ജന്മങ്ങള് മനുഷ്യജന്മം തന്നെയായിരിക്കും എന്നു പറയുന്നത് മിഥ്യാധാരണയാണ്. എത്രയോ ജന്മങ്ങള് കഴിഞ്ഞാണ് ഒരു മനുഷ്യജന്മം കിട്ടുന്നത്. മനുഷ്യനു മാത്രമേ എന്തും തിരിച്ചറിയാനും ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള ആറാമിന്ദ്രിയം ദൈവം നല്‍കിയിട്ടുള്ളൂ. എന്നാല്‍, പല മനുഷ്യരും ഈ ആറാമിന്ദ്രിയം ഉപയോഗപ്പെടുത്താതെ മൃഗതുല്യരായി ജീവിതം നയിക്കുന്നു. ഒരു മനുഷ്യന്റെ അമ്പത് ശതമാനം ഈശ്വരാധീനം അവന്റെ നിഷ്കളങ്കഹൃദയത്തി ലാണ് ഉല്‍ഭവിക്കുന്നത്. ബാക്കി അമ്പതു ശതമാനം പ്രാര്ഥനയില്ക്കൂടിയും ഈശ്വരാരാധനയില്ക്കൂടിയും ആര്‍ജിക്കേണ്ടതാണ്. എല്ലാ ദുഷ്പ്രവൃത്തികളും ചെയ്തശേഷം ക്ഷേത്രങ്ങളിലും പള്ളികളിലും അമിതമായ ധനസഹായം നല്കിയതുകൊണ്ട് ഒരാളുടെ പാപഭാരം കുറയുകയില്ല. എന്നാല്‍, സഹജീവികളെ അവനവന്റെ കഴിവിനനുസരിച്ച് സഹായിച്ചിട്ടുള്ള വ്യക്തിക്ക് പ്രകൃതി എന്നും സഹായഹസ്തം നല്കിക്കൊണ്ടിരിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: