ന്യൂദല്‍ഹി: ജി 20 ഉച്ചകോടിക്കായി ദല്‍ഹി ഒരുങ്ങുന്നു. സപ്തംബര്‍ ഒമ്പത്, 10 തീയതികളില്‍ ദല്‍ഹിയിലെ ഭാരത് മണ്ഡപമാണ് ഉച്ചകോടിക്ക് വേദിയാകുന്നത്. ആദ്യമായാണ് ജി 20 ഉച്ചകോടിയുടെ അധ്യക്ഷപദവി ഇന്ത്യ വഹിക്കുന്നതും ഉച്ചകോടിക്ക് ആതിഥ്യമരുളുന്നതും.
ഇത്രയധികം രാഷ്ട്രത്തലവന്മാരും അന്താരാഷ്ട്ര സംഘടനാ പ്രതിനിധികളും ഒന്നിച്ച് ഇന്ത്യയിലെത്തുന്ന സാഹചര്യവും ആദ്യമാണ്. അതിഥികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളാണ് രാജ്യതലസ്ഥാനത്ത്. യാത്രാതാമസസൗകര്യങ്ങള്ക്കെല്ലാം ഇതിനകംതന്നെ ക്രമീകരണങ്ങളായിട്ടുണ്ട്.
നഗരവും തന്ത്രപ്രധാനമേഖലകളുമെല്ലാം കനത്ത സുരക്ഷാവലയത്തിലായിക്കഴിഞ്ഞു. ദല്‍ഹി പോലീസിന് പുറമെ, എസ്പിജി, സിആര്‍പിഎഫ്, അര്‍ധ സൈനിക വിഭാഗങ്ങളെയാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്.
ഉച്ചകോടിക്ക് മുന്നോടിയായി ദല്‍ഹിയില്‍ 15 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സപ്തംബര്‍ 12 വരെ ദല്‍ഹി നോ ഫ്ളൈ സോണും ആയിരിക്കും. ആളില്ലാ വിമാനങ്ങള്‍, പാരാഗ്ലൈഡിങ്, മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റ്, ഹോട്ട് എയര്‍ ബലൂണ്‍, പാരാ ജംപിങ് തുടങ്ങിയവ നിരോധിച്ചു.
എട്ട്, ഒമ്പത്, 10 തീയതികളില്‍ മന്ത്രാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ അടക്കമുള്ള മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. സുപ്രീംകോടതിയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റേസ്റ്റാറന്റുകള്, മാളുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയവ ഈ ദിവസങ്ങളില്‍ അടച്ചിടും. കടകള്‍ ഉള്‍പ്പെടെ അടച്ചിടുന്ന സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു ശമ്പളത്തോടു കൂടിയ അവധി നല്‍കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഈ ദിവസങ്ങളില്‍ ന്യൂദല്‍ഹി ജില്ല നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ അംഗീകൃത വാഹനങ്ങള്‍ക്കും അടിയന്തര സേവനങ്ങള്‍ക്കുള്ള വാഹനങ്ങള്‍ക്കും മാത്രമേ നിരത്തിലിറങ്ങാന്‍ അനുമതിയുള്ളൂ. നിയന്ത്രണങ്ങളോടെ മെട്രോ സര്‍വിസ് നടത്തും. ദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള 150ലധികം ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കും.
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി.കെ. മിശ്ര അധ്യക്ഷതയില്‍ ജി 20 ഏകോപന സമിതിയുടെ യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. ലോജിസ്റ്റിക്, പ്രോട്ടോക്കോള്‍, സുരക്ഷ, മാധ്യമങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച ഒരുക്കങ്ങള്‍ അദ്ദേഹം വിലയിരുത്തി.
ജി 20 സെക്രട്ടേറിയറ്റിലെയും വിദേശകാര്യ, ആഭ്യന്തര, സാംസ്കാരിക, വിവര – പ്രക്ഷേപണ മന്ത്രാലയങ്ങളിലെയും ടെലികോം വകുപ്പിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്. ഭാരത് മണ്ഡപത്തില്‍ ജനാധിപത്യത്തിന്റെ മാതാവായ ഇന്ത്യയുടെ സംസ്കാരത്തെ വിളിച്ചോതുന്ന പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇവിടെ നടരാജ പ്രതിമസ്ഥാപിക്കുന്നതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: