ബെംഗളൂരു: ചന്ദ്രോപരിതലത്തില്‍ വിഹരിക്കുന്ന പ്രജ്ഞാന് റോവറിന്റെ വീഡിയോ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. യാത്രയ്ക്കു സുരക്ഷിത മാര്‍ഗം കണ്ടെത്താന്‍ നിന്ന നില്പ്പില് കറങ്ങുന്ന റോവറിന്റെ വീഡിയോ അത്ഭുതകരമാണ്.
ലാന്‍ഡര്‍ ഇമേജര്‍ ക്യാമറയെടുത്ത വീഡിയോ കണ്ടിട്ട്, അമ്പിളിയമ്മാവന്റെ മുറ്റത്ത്, ഓടിക്കളിക്കുന്ന കുട്ടിയും (റോവര്‍) വാത്സല്യത്തോടെ അത് നോക്കി നില്ക്കുന്ന അമ്മയെയും (ലാന്‍ഡര്‍) പോലെയാണ് തോന്നിയത്. അങ്ങനെയല്ലേ.. ഐഎസ്ആര്‍ഒ എക്സില്‍(ട്വിറ്ററില്‍) കുറിച്ചു.
ഉച്ചയ്ക്ക് 1.27ന് പുറത്തുവിട്ട വീഡിയോ ലക്ഷങ്ങളാണ് നാലു മണിക്കുള്ളില്ത്തന്നെ കണ്ടത്. ചന്ദ്രന്റെ ഉപരിതലത്തിലെയും മണ്ണിനടിയിലെയും താപനില കണ്ടെത്തിയ റോവര്‍ ചന്ദ്രന്റെ തെക്കേ ധ്രുവത്തില്‍ ഓക്സിജന്റെയും സള്‍ഫറിന്റെയും സാന്നിധ്യം കണ്ടെത്തിയതായി ഐഎസ്ആര്‍ഒ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ആഗസ്ത് 23ന് ചന്ദ്രോപരിതലത്തിലിറങ്ങിയ റോവര്‍ തന്റെ ആയുസ്സിന്റെ പാതി പിന്നിട്ടു. ഒരു ചാന്ദ്ര ദിവസം (ഭൂമിയിലെ 14 ദിവസം) മാത്രമാണ് പ്രജ്ഞാന്റെ ആയുസ്സ്. ചന്ദ്രനിലെ പകല്‍ മാറി ഇരുള് വീഴുന്നതോടെ സോളാര്‍ പാനലുകള്‍ പ്രവര്‍ത്തനരഹിതമാകും.
ഊര്‍ജ്ജമില്ലാതെ പ്രജ്ഞാന് നിലയ്ക്കുമെന്നാണ് ഐഎസ്ആര്‍ഒ പറയുന്നത്. രാത്രിയില്‍ ചന്ദ്രനില്‍ അതിശൈത്യമാണ്, മൈനസ് 100 ഡിഗ്രി സെല്‍ഷ്യസിലും കുറവ്. ഈ തണുപ്പില്‍ ഇതിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കില്ല. നാവിഗേഷന്‍ ക്യാമറയ്ക്ക് 125 ഗ്രാം മാത്രം. കുറഞ്ഞ താപനിലയും ഉയര്‍ന്ന തോതിലെ വികിരണങ്ങളും ഇത് താങ്ങില്ലെന്നാണ് അനുമാനം.
Chandrayaan-3 Mission:
The rover was rotated in search of a safe route. The rotation was captured by a Lander Imager Camera.It feels as though a child is playfully frolicking in the yards of Chandamama, while the mother watches affectionately.
Isn't it?🙂 pic.twitter.com/w5FwFZzDMp— ISRO (@isro) August 31, 2023
എന്നാല്‍ സാധാരണ ക്യാമറയെക്കാള്‍ കരുത്തുള്ള ഇവയ്ക്ക് 50 മെഗാറാഡ് വരെ വികിരണവും മൈനസ് 200 ഡിഗ്രി വരെയുള്ള തണുപ്പും താങ്ങാമെന്നും രാത്രി മാറി പകലുദിച്ചാല്, ഇവയെല്ലാം വീണ്ടും പ്രവര്‍ത്തനക്ഷമമാകുമെന്നും ക്യാമറ വികസിപ്പിച്ച ഐഎസ്ആര്‍ഒ റോവറിന്റെ മുന്‍ പ്രോജക്ട് മാനേജര്‍ പി. സെല്‍വരാജ് പറഞ്ഞു.
കഴിഞ്ഞ ദിവസം യാത്രാപഥത്തിലെ വലിയ ഗര്‍ത്തം കണ്ട് റോവര്‍ വഴിമാറി സഞ്ചരിച്ചിരുന്നു. ചന്ദ്രോപരിതലത്തിലിരിക്കുന്ന ലാന്‍ഡറിന്റെ വളരെ വ്യക്തമായ ചിത്രങ്ങളും കഴിഞ്ഞ ദിവസം പ്രജ്ഞാന് പുറത്തുവിട്ടിരുന്നു. റോവറിലെ നാവിഗേഷന്‍ ക്യാമറ ഉപയോഗിച്ചാണ് ഇതെടുത്തത്. അതിനിടെ, വിക്രം ലാന്‍ഡറിലെ റംഭ (റേഡിയോ അനാട്ടമി ഓഫ് മൂണ്‍ ബൗണ്ട് ഹൈപ്പര്‍ സെന്‍സിറ്റീവ് അയണോസ്ഫിയര്‍ ആന്‍ഡ് അറ്റ്മോസ്ഫിയര്‍ ലാങ് മുയിര്‍ പ്രോബ്) എന്ന ഉപകരണത്താല്‍ ചന്ദ്രോപരിതലത്തിലെ പ്ലാസ്മയെപ്പറ്റിയുള്ള ആദ്യ പഠനം പൂര്‍ത്തിയാക്കി.
ഇതിന്റെ അളവുമെടുത്തു. റേഡിയോ തരംഗം വഴിയുള്ള വാര്‍ത്താവിനിമയത്തെ പലപ്പോഴും ചന്ദ്രോപരിതലത്തിലെ പ്ലാസ്മയുണ്ടാക്കുന്ന ശബ്ദം ബാധിക്കാറുണ്ട്. പുതിയ കണ്ടെത്തല്‍ വഴി ഇതു തടയാനാകുമെന്നും റേഡിയോ തരംഗം വഴിയുള്ള ആശയ വിനിമയം സുഗമമാക്കാന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: