തിരുവനന്തപുരം: കേരളത്തില്‍ തുല്യമായ നീതി എല്ലാവര്ക്കും എല്ലായിടത്തും ലഭ്യമായോയെന്ന് ശ്രീനാരായണ ഗുരു ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. എല്‍ഡിഎഫും യൂഡിഎഫും ഇതിനു വേണ്ടി ശ്രമിക്കുന്നില്ല. സെക്രട്ടേറിയറ്റ് തമ്പുരാന് കോട്ടയായിത്തന്നെ ഇപ്പോഴും നില്‍ക്കുകയാണെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരിയില്‍ ശ്രീനാരായണ ഗുരുദേവന്റെ 169-ാമത് ജയന്തി സമ്മേളന വേദിയില്‍ ജയന്തി സന്ദേശം നല്‍കുകയായിരുന്നു സ്വാമി.
ലോകത്തൊരിടത്തും ഗുരുദേവനെപ്പോലൊരു മഹാത്മാവിനെ കാണാനാവില്ലെന്ന് വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോര്‍ രേഖപ്പെടുത്തിയത് ഗുരുവിനെ നേരില്‍ക്കണ്ട ശേഷമായിരുന്നു. അരുവിപ്പുറം പ്രതിഷ്ഠയെത്തുടര്ന്നായിരുന്നു നാട്ടില്‍ വിവിധ നവോത്ഥാന പ്രസ്ഥാനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഉടലെടുത്തത്.
ഗുരുദേവന് ഇച്ഛിച്ചതും മോഹിച്ചതും ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ മാത്രമല്ല. ക്ഷേത്രത്തിനകത്ത് കയറി പൂജ നടത്താനും ക്ഷേത്രത്തെ ഭരിക്കാനുമുള്ള അധികാരം ലഭിക്കാനുമാണ്. അതിവിടെയുള്ള ജനങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്ന് സ്വാമി സച്ചിദാനന്ദ ചോദിച്ചു. ശബരിമലയും ചോറ്റാനിക്കരയും ഗുരുവായൂരും വൈക്കവും തുടങ്ങി പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ശാന്തിക്കാരെ നിയമിക്കുമ്പോള്‍ അപേക്ഷകര്‍ ബ്രാഹ്മണര്‍ മതിയെന്ന് എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ സര്‍ക്കുലര്‍ നല്‍കും. തുല്യമായ സാമൂഹ്യനീതി കേരളക്കരയ്ക്ക് കൈവന്നോയെന്ന് ചിന്തിക്കണമെന്ന് സ്വാമി പറഞ്ഞു.
ഗുരു നിത്യചൈതന്യയതി സെക്രട്ടേറിയറ്റിനെ കുറിച്ച് പറഞ്ഞത് തമ്പുരാന് കോട്ടയെന്നാണ്. അതിനിപ്പോഴും മാറ്റമൊന്നും വന്നിട്ടില്ല. ശാരദാമഠത്തില്‍ പൂജ ചെയ്ത ദളിത് വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കായി ഗുരുദേവന് രചിച്ചു നല്കിയ ദൈവദശകം പ്രാര്‍ത്ഥന ദേശീയ പ്രാര്‍ത്ഥനയായി അംഗീകരിക്കണമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി മുഹമ്മദ് റിയാസിനെയും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ. ജോയി എംഎല്‍എയും വേദിയില്‍ ഇരുത്തിയായിരുന്നു സ്വാമി സച്ചിദാനന്ദയുടെ രൂക്ഷ വിമര്‍ശനം.
സച്ചിദാനന്ദ സ്വാമി രചിച്ച ശ്രീശാരദാമഠം ചരിത്രം കെ.ജി ബാബുരാജന് നല്കി ഗോകുലം ഗോപാലന് പ്രകാശനം ചെയ്തു. പ്രൊഫ. എം.കെ. സാനുവിന് ശ്രീനാരായണ സാഹിത്യ കുലപതി ബഹുമതി നല്കി ശിവഗിരി മഠം ആദരിച്ചു. ജപയജ്ഞം ശ്രീനാരായണ ധര്‍മ്മസംഘം ട്രഷറര്‍ സ്വാമി ശാരദാനന്ദ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ധര്‍മ്മസംഘംട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും, പ്രൊഫ. എം.കെ. സാനുവും മുഖ്യപ്രഭാഷണങ്ങള്‍ നടത്തി. അടൂര്‍ പ്രകാശ് എംപി, മുനിസിപ്പല്‍ ചെയര്മാന് കെ.എം. ലാജി, മുന്‍ എംഎല്‍എ വര്‍ക്കല കഹാര്‍ തുടങ്ങിവര്‍ പ്രസംഗിച്ചു. വൈകിട്ട് മൂന്നിന് ജയന്തി വിളംബരഘോഷയാത്രയും തുടര്‍ന്ന് ഗുരുദേവറിക്ഷ എഴുന്നള്ളിച്ച് ഗുരുദേവ വിഗ്രഹം വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്രയും നടന്നു.
169-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ശിവഗിരി മഹാസമാധിയില്‍ നിന്നും ആരംഭിച്ച ജയന്തി ഘോഷയാത്രയ്ക്ക് ശ്രീനാരായണ ധര്‍മ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ആരതി ഉഴിയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: