തൃശൂര്‍ : കരുവന്നൂര്‍ ബാങ്കിലെ വ്യാജ വായ്പ തട്ടിപ്പിന് പിന്നാലെ തൃശൂര്‍ മൂസ്പെറ്റ് ബാങ്കിലെ വായ്പ തട്ടിപ്പുകളും സിപിഎമ്മിന് തിരിച്ചടിയാകുന്നു. 34.5 കോടി രൂപയുടെ വ്യാജ വായ്പ തട്ടിപ്പുകളാണ് ബാങ്കില്‍ അരങ്ങേറിയിട്ടുള്ളത്.
2013 -18 കാലയളവിലാണ് ഈ തട്ടിപ്പുകള്‍ നടന്നത്. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലത്തായിരുന്നു ഇത്.കരുവന്നൂരിലേതു പോലെ തന്നെ മതിയായ ഈടില്ലാതെ സിപിഎം നേതാക്കളുടെ താല്പര്യപ്രകാരം ബിനാമികള്‍ക്ക് വന്‍ തുകകള്‍ വ്യാജ വായ്പയായി നല്‍കുകയായിരുന്നു.
കഴിഞ്ഞദിവസം കേസില്‍ പ്രതിയായ ബാങ്കിലെ മുന്‍ ഡയറക്ടര്‍മാരിലൊരാള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് ക്രമക്കേടുകള്‍ വീണ്ടും ചര്‍ച്ചയാവുന്നത്. 2013 -18 ല്‍ ബാങ്കിന്റെ ഡയറക്ടര്‍ ആയിരുന്ന നെല്ലിക്കുന്ന് ചേലിയക്കര സി.എസ്. റോയിയാണ് തൊട്ടടുത്ത വീട്ടിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാജ വായ്പകള്‍ വഴി ബാങ്കിന് നഷ്ടമായ 34.5 കോടി രൂപ ആ സമയത്തെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ ആസ്തിയില്‍ നിന്ന് തിരിച്ചു പിടിക്കാന്‍ ഉത്തരവായിരുന്നു. ഇതേത്തുടര്‍ന്ന് റോയിയുടെ മേല്‍ 2.23 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടായിരുന്നത്.
ജപ്തി നടപടിയുണ്ടാകുമെന്ന മാനസിക പ്രയാസത്തിലായിരുന്നു റോയ്. മരണം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. വ്യാജ വായ്പകള്‍ നല്കാന് സിപിഎം നേതാക്കള്‍ ശിപാര്‍ശ ചെയ്തുവെങ്കിലും പണം തിരിച്ചടയ്ക്കാന്‍ നേതാക്കള്‍ ആരും മുന്‍കൈയെടുത്തില്ല.
ഇതോടെയാണ് ബാങ്ക് പ്രതിസന്ധിയിലായത്. കരുവന്നൂര്‍ മാതൃകയില്‍ ഒരേ ആധാരത്തിന്റെ പേരില്‍ പലര്‍ക്കും വന്‍തുകകള്‍ വായ്പ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: