വാഷിങ്ടണ്‍: എക്സില്‍ വോയ്സ്, വീഡിയോ കോള്‍ സൗകര്യം അവതരിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഇലോണ്‍ മസ്ക്. ഐഒഎസ്, ആന്‍ഡ്രോയിഡ്, മാക്, വിന്‍ഡോസ് പ്ലാറ്റ്ഫോമുകളില്‍ ഈ സൗകര്യം ലഭ്യമാകുമെന്നാണ് മസ്ക് നല്കുന്ന വിവരം. ഫോണ്‍ നമ്പര്‍ ഇല്ലാതെ തന്നെ ലോകത്തെവിടെയുമുള്ള ആളുകളുമായി സംസാരിക്കാന്‍ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പറയുന്നു.
നേരത്തെ എക്സ് സിഇഒ ലിന്‍ഡ യക്കരിനോയും സിഎന്‍ബിസിയ്ക്ക് നല്കിയ അഭിമുഖത്തില്‍ എക്സില്‍ വീഡിയോ, വോയ്സ് കോള്‍ സൗകര്യം അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു. എക്സിലെ ഡിസൈനറായ ആന്‍ഡ്രിയെ കോണ്‍വേ പുതിയ വീഡിയോ ഓപ്ഷന്റെ ചിത്രങ്ങളും പങ്കുവച്ചിരുന്നു. എക്സിന്റെ ഡിഎം മെനുവിലെ മുകളില്‍ വലത് ഭാഗത്താണ് കോളിങ് ഓപ്ഷന് നല്‍കിയിട്ടുള്ളത്.
നിലവില്‍ സ്പേസസ് എന്ന ഫീച്ചറിലൂടെ ഒരു കൂട്ടം ആളുകള്‍ക്ക് ഒന്നിച്ചിരുന്ന് സംസാരിക്കാനാവുന്ന ഫീച്ചര്‍ എക്സില്‍ ഉണ്ട്. എന്നാല്‍ രണ്ട് പേര് തമ്മില്‍ സംസാരിക്കാന്‍ ഇതില്‍ സാധിക്കില്ല.പഴയ ട്വിറ്ററിന്റെ തനത് സ്വഭാവത്തില്‍ നിന്ന് മാറി ഒരു എവരിതിങ് ആപ്പ് ആയി എക്സിനെ പരിവര്‍ത്തനം ചെയ്യാനാണ് മസ്കും കൂട്ടരും ശ്രമിക്കുന്നത്. എക്സിന്റെ പ്രധാന എതിരാളികളായ ബ്ലൂസ്കൈ, ത്രെഡ്സ് പോലുള്ള പ്ലാറ്റ്ഫോമുകളില്‍ കോള്‍ സൗകര്യം ഇല്ല.
എന്നാല്‍ കോള്‍ സൗകര്യം എക്സ് പ്രീമിയം ഉപഭോക്താക്കള്‍ക്ക് മാത്രമായി പിരിമിതപ്പെടുത്തുമോ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ചിലപ്പോള്‍ കോള്‍ സൗകര്യം എല്ലാവര്ക്കും ലഭ്യമാക്കി സ്പാം കോള്‍ പ്രൊട്ടക്ഷന്‍ ഉള്‍പ്പടെയുള്ള അധിക സൗകര്യങ്ങള്‍ പ്രീമിയം ഉപഭോക്താക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: