നെയ്യാര്‍ഡാം: ഒരുകാലത്ത് കേരളക്കരയുടെ തന്നെ അഭിമാന വിനോദസഞ്ചാര കേന്ദ്രമായിരുന്നു കള്ളിക്കാട് പഞ്ചായത്തിലെ നെയ്യാര്‍ഡാം. പശ്ചിമഘട്ട മലനിരകളിലെ അഗസ്ത്യാര്‍കൂടത്തിന്റെ താഴ്വാരം നയന മനോഹാരിതയുടെ കേദാരമാണ്. അതോടോപ്പം പ്രകൃതിദത്തമായ ഒട്ടനേകം വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കൂടി നിലവില്‍ വന്നതോടെ സഞ്ചാരികളുടെയും, സിനിമാക്കാരുടെയും പറുദീസയായി മാറിയ ഇവിടം ഇന്ന് ശാപമോക്ഷം തേടുകയാണ്. പാര്‍ക്കിലെ പ്രതിമകള്‍ ചായമിളകി കരിപിടിച്ച് അടര്‍ന്നുവീണ നിലയിലാണ്. കാടുകയറിയ കുട്ടികളുടെ പാര്‍ക്ക്, സിംഹമില്ലാ സഫാരി പാര്‍ക്ക്, ബോട്ടുകള്‍ കൃത്യമായി എത്താത്ത ബോട്ട് സര്‍വീസ്… ഓണക്കാലത്ത് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നെയ്യാര്‍ഡാമിന്റെ അവസ്ഥയാണിത്. ഓണം വാരാഘോഷം തുടങ്ങുന്നതിനു മുന്നോടിയായി, മിനുക്കുപണികള്‍ മാത്രമേ നടത്തിയിട്ടുള്ളൂ. നെയ്യാര്‍ഡാമിന്റെ സൗന്ദര്യവത്കരണത്തിനായി വര്‍ഷാവര്‍ഷം ലക്ഷങ്ങള്‍ ചെലവിടുന്നതായാണ് കണക്കെങ്കിലും ഇതൊന്നും ഫലത്തിലെത്തുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. വര്‍ഷങ്ങളായി സഞ്ചാരികളെ ആകര്‍ഷിച്ചിരുന്ന ഉദ്യാനവും കുട്ടികളുടെ പാര്‍ക്കും സൈക്കിള്‍ പാര്‍ക്കും മ്യൂസിക് ഫൗണ്ടനുമൊക്കെ ഈ ഓണക്കാലത്ത് ഓര്‍മകളില്‍ മാത്രമാണ്.
പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഇവിടത്തെ വികസനം കാലാകാലങ്ങളായി നാട്ടുകാര്‍ ആവശ്യപ്പെട്ടുവരികയാണ്. ടൂറിസം ഡെസ്റ്റിനേഷന്‍ പദ്ധതി പ്രകാരം 35 കോടി രൂപയാണ് നെയ്യാര്‍ ഡാം വികസനത്തിനായി അനുവദിച്ചതായി പ്രഖ്യാപിച്ചത്. മലമ്പുഴ മാതൃകയില്‍ ഉദ്യാനം, റോപ്പ്വേ, അക്വേറിയം, പാര്‍ക്കിങ് സൗകര്യങ്ങള്‍, റോഡ് വികസനം, നാട്ടുകാര്‍ക്ക് തൊഴിലവസരം എന്നിങ്ങനെയായിരുന്നു പ്രഖ്യാപനങ്ങള്‍. ഇറിഗേഷന്‍ വനം ടൂറിസം വകുപ്പുകള്‍ ഒരുമിച്ച് പദ്ധതി നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. തുടക്കത്തില്‍ ചില പ്രവൃത്തികള്‍ തുടങ്ങിയെങ്കിലും പ്രഖ്യാപിച്ച പദ്ധതികളൊന്നും തന്നെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ടൂറിസം വകുപ്പും വനം വകുപ്പും പുതിയ ബോട്ടും ഫ്ലോട്ടിങ് ബോട്ട് ജെട്ടിയും തയാറാക്കിയെങ്കിലും ഇപ്പോള്‍ ഇതില്‍ ചിലത് പ്രവര്‍ത്തിക്കുന്നില്ല.
ടൂറിസം വികസനത്തിന് മൂന്നരക്കോടി, ഇക്കോ ടൂറിസത്തിന് 86 ലക്ഷം, നെയ്യാര്‍ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ക്ക് 1.4 കോടി, മറ്റ് ടൂറിസ്റ്റ് സങ്കേതങ്ങളുമായി ബന്ധിപ്പിക്കാന്‍ 11 കോടി ചെലവഴിച്ച് റോഡ് നിര്‍മാണം എന്നിവയാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ പ്രഖ്യാപിച്ച ടൂറിസം ഡെസ്റ്റിനേഷന്‍ പദ്ധതിയെപ്പറ്റി ആര്‍ക്കും അറിയില്ലെന്ന സ്ഥിതിയായി. എന്നാല്‍, പദ്ധതിയുടെ പേരില്‍ ചെലവഴിച്ച ലക്ഷക്കണക്കിന് രൂപ പാഴായ വഴി ഇപ്പോള്‍ വ്യക്തമല്ല.
മരക്കുന്നത്തെ നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കു പോലെ മാന്‍ പാര്‍ക്കും വിസ്മൃതിയിലേക്കെന്നാണ് നാട്ടുകാര്‍ പറയുന്നത്. നെയ്യാര്‍ഡാം മരക്കുന്നത്തെ കാട്ടില്‍ 1994ലാണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ സഫാരിപാര്‍ക്ക് തുടങ്ങുന്നത്. നെയ്യാറ്റിന്‍കര താലൂക്കിലും തമിഴ്നാട്ടിലെ മുണ്ടന്‍തുറൈ ടൈഗര്‍ റിസര്‍വിലുമായാണ് നെയ്യാര്‍ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. 128 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഈ സ്ഥലം 1958ല്‍ ആണ് വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത്. പാര്‍ക്കിലെ സിംഹങ്ങളുടെ സംരക്ഷണം വനംവകുപ്പിന് ബാധ്യതയായി മാറിയതോടെ ചെലവ് ചുരുക്കലിന്റെ പേരില്‍ സിംഹങ്ങളുടെ എണ്ണം കുറയ്ക്കാന്‍ ആണ് സിംഹങ്ങളെ വന്ധ്യംകരിക്കാന്‍ തീരുമാനിച്ചു. ഇതിനെതിരെ പ്രതിഷേധം ശക്തമായെങ്കിലും ആണ് സിംഹങ്ങളെ 2005 ല്‍ വന്ധ്യംകരിച്ചു. തുടര്‍ന്ന് അസുഖം ബാധിച്ചും മറ്റും സിംഹങ്ങള്‍ ചത്തൊടുങ്ങാന്‍ തുടങ്ങി. അവസാനമുണ്ടാായിരുന്ന പെണ്‍സിംഹവും വിട പറഞ്ഞു. അധികൃതരുടെ അനാസ്ഥകാരണം നെയ്യാര്‍ഡാമിലെ വന്യജീവി കാഴ്ചകള്‍ അസ്തമിക്കുകയാണ്.
നെയ്യാര്‍ഡാമില്‍ സഞ്ചാരികള്‍ എത്തുന്നത് ഇവിടുത്തെ ചീങ്കണ്ണി, മാന്‍ പാര്‍ക്കുകള്‍, കോട്ടൂര്‍ ആന സഫാരി പാര്‍ക്ക് എന്നിവ കാണാനാണ്. ലയണ്‍ സഫാരി പാര്‍ക്ക് എന്നാണ് പേരെങ്കിലും ഇപ്പോള്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ പിടികൂടി ചികിത്സിക്കാനുള്ള കേന്ദ്രമാക്കി മാറ്റാനാണ് വനം വകുപ്പിന്റെ ശ്രമമെന്നും ആക്ഷേപമുണ്ട്. സിംഹങ്ങളുടെ വന്ധ്യംകരണത്തിന് ശേഷം ഇപ്പോള്‍ മാനുകളേയും വേര്‍തിരിക്കുന്ന രീതി ചില ഉദ്യോഗസ്ഥര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതായാണ് നാട്ടുകാരുടെ ആരോപണം.
പുള്ളിമാനുകളുടെ പുനരധിവാസ കേന്ദ്രം വ്ലാവെട്ടിയില്‍ ആരംഭിച്ചത് ഈ ജീവികളുടെ വംശനാശം തടയുന്നതിനും വനത്തിലെ ആവാസ വ്യവസ്ഥ നിലനിര്‍ത്തുന്നതിനും വേണ്ടിയാണ്. മാന്‍ പാര്‍ക്ക് സ്ഥാപിച്ച ശേഷം 2005ല്‍ വന്‍തുക മുടക്കി വന്ധ്യംകരണം നടത്തിയിരുന്നു. ഇതില്‍ പല മാനുകളും ചത്തുപോയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവയെ വേര്‍തിരിച്ച് വന്ധീകരിക്കുന്നുവെന്ന അഭ്യൂഹം നിലനില്‍ക്കുകയാണ്. മാന്‍പാര്‍ക്ക് ഇല്ലാതായാല്‍ ഇവിടെ പണിയെടുക്കുന്ന വനവാസികളുടെ തൊഴിലും നഷ്ടമാകും. വന്ധ്യംകരണം മൂലം ഇല്ലാതായ മരക്കുന്നം സിംഹസഫാരി പാര്‍ക്കിന്റെ അവസ്ഥയാണ് മാന്‍ പാര്‍ക്കിനും ഉണ്ടാകാന്‍ പോകുന്നതെന്ന് നാട്ടുകാരും മൃഗസ്നേഹികളും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: