പാലക്കാട്: ഭാരതമാതാവിനെ ഒന്നായി കാണുവാനുള്ള സങ്കല്‍പത്തില്‍നിന്നും വ്യതിചലിച്ചാല്‍ രാഷ്‌ട്രത്തെ രക്ഷിക്കാന്‍ കഴിയില്ലെന്ന് അഖിലഭാരതീയ സീമാജാഗരണ്‍ പ്രമുഖ് എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. സൂര്യരശ്മി കണ്‍വെന്‍ഷന്‍ സെന്ററില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച രക്ഷാബന്ധന മഹോത്സവത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആശയപരമായ എന്ത് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും ഭാരതത്തെ ഒന്നായി കാണാന്‍ കഴിയണം. ആ ഒരു വൈകാരികത ഇല്ലാതാകുമ്പോഴാണ് രാഷ്‌ട്രം ദുര്‍ബലമാകുന്നത്. രാഷ്‌ട്രത്തിന്റെ ഐക്യം, കര്‍മം, സമൂഹവുമായുള്ള ഇടപെടലുകള്‍, പാരമ്പര്യം എന്നിവ സംബന്ധിച്ച് പുതു തലമുറയില്‍ വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കണം. കുടുംബത്തില്‍ ആദ്യം ഈ ബന്ധം ഉണ്ടാക്കണം. പിന്നീട് സമൂഹത്തിലേക്കും, അതുവഴി രാജ്യത്തിലേക്കും. കൂട്ടുകുടുംബ വ്യവസ്ഥ തകര്‍ന്നതാണ് വൈകാരിക മനോഭാവം ഇല്ലാതായതിനു കാരണം. സ്വാര്‍ത്ഥതക്ക് വഴിമാറുമ്പോള്‍ ഏകഭാവനയെന്ന സങ്കല്‍പം ഇല്ലാതാകും. പരസ്പര ബന്ധമില്ലെങ്കില്‍ രാഷ്‌ട്രമെന്ന കാഴ്ചപ്പാടുതന്നെ ഇല്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞു.
ധര്‍മമെന്ന സങ്കല്‍പമാണ് രാഷ്‌ട്രത്തിന്റെ ഐക്യമെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ ചിന്മയമിഷന്‍ അധിപതി സ്വാമി അശേഷാനന്ദ പറഞ്ഞു. സ്‌നേഹവും ഐക്യവും ഊട്ടിയുറപ്പിച്ച് ആരും അന്യരല്ലെന്ന ചിന്ത ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞെങ്കിലേ സുരക്ഷിത്വ ബോധം ഉണ്ടാകൂ. പരസ്പര ബഹുമാനം എല്ലാവരോടും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പരസ്പര വിശ്വാസത്തിലൂടെ മാത്രമെ ഇത് സംരക്ഷിക്കുവാന്‍ കഴിയൂ. മതത്തിനപ്പുറം രാജ്യം ഒന്നാണെന്ന ചിന്ത എല്ലാ വിഭാഗത്തില്‍പ്പെട്ടവരും ഉണ്ടാക്കിയെടുക്കണം. മതമല്ല രാജ്യമെന്ന് നാം ഓര്‍ക്കേണ്ടതുണ്ട്. അക്രമത്തിലൂടെ ഒരു രാജ്യവും വെട്ടിപ്പിടിക്കാന്‍ കഴിയില്ലെന്നും അത് ശാശ്വതമല്ലെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍, ജില്ലാ സംഘചാലക് എം. അരവിന്ദാക്ഷന്‍, വിഭാഗ് സമാജിക സമരസത പ്രമുഖ് യു. ശബരി, ജില്ലാ സമ്പര്‍ക്ക പ്രമുഖ് ശ്യാമപ്രസാദ് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: