കിളിമാനൂര്‍: ഭക്തിയുടെ മാര്‍ഗം ജീവിതവ്രതമാക്കി നാരായണീയം എന്ന മന്ത്രവുമായി ഭക്തരെ നാരായണീയത്തില്‍ ആറാടിച്ചും ഭക്തിയുടെ മാര്‍ഗത്തില്‍ അന്യരെ സേവിക്കാനുള്ള പ്രചോദനം നല്കിയും നാരായണീയ ഹംസം ഹരിദാസ് ജിയെന്ന വന്ദ്യ വയോധികനായ കെ. ഹരിദാസ് തൊണ്ണൂറ്റിയൊന്നാം വയസിലും ആധ്യാത്മികരംഗത്ത് നിറസാന്നിധ്യമാവുകയാണ്.
നൂറുകണക്കിന് വേദികളില്‍ നിരന്തരം സഞ്ചരിച്ച്, ആധുനിക സംവിധാനമായ വാട്‌സ്ആപ്പിലും യുട്യൂബിലുമായി ആയിരക്കണക്കിന് ഭക്തര്‍ക്ക് നാരായണീയത്തെകുറിച്ച് സംശയലേശമന്യേ ക്ലാസെടുത്തും ഭക്തി മിത്തല്ലെന്ന് ഹിന്ദു സമൂഹത്തെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ബോധ്യപ്പെടുത്തുകയാണ് അദ്ദേഹം. ഹരിദാസ്ജി ഇന്‍സ്റ്റ്യൂട്ട് ഓഫ് നാരായണീയം സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആണ് ഹരിദാസ്ജി നാരായണീയം പഠിപ്പിക്കുന്നത്. ഒരു പറ്റം ശിഷ്യരും ഇദ്ദേഹത്തെ സഹായിക്കാന്‍ സദാ ഒപ്പമുണ്ട്.
സംസ്ഥാനത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് പഠിതാക്കളാണ് ഇദ്ദേഹത്തിന്റെ കീഴില്‍ നാരായണീയം പഠിക്കുന്നത്. നിരവധി ക്ഷേത്രങ്ങളില്‍ സത്സംഗങ്ങളും നടത്തിവരുന്നു. നാരായണീയത്തിന് പുറമെ ഉപനിഷത്ത്, ഭാഗവതം, ഭഗവത്ഗീത, ശ്രീലളിത സഹസ്രനാമം, വിഷ്ണു സഹസ്രനാമം, സംസ്‌കൃതം എന്നിവയും അദ്ദേഹം പഠിപ്പിക്കുന്നുണ്ട്.
തിരുവനന്തപുരം മുട്ടട കേന്ദ്രമാക്കിയാണ് ഇന്‍സ്റ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്. പിടിപി നഗറിലെ ഹൈമാഞ്ജലിയിലാണ് താമസം. 1991 മുതലാണ് ഹരിദാസ് പൂര്‍ണമായി ഈ രംഗത്തേക്ക് കടന്നു വരുന്നതെങ്കിലും ചെറുപ്രായത്തില്‍ അമ്മയാണ് അദ്ദേഹത്തെ ഭക്തിയുടെ മാര്‍ഗത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. ആദ്യ ഗുരു അമ്മയാണ്. എട്ടാമത്തെ വയസില്‍ അമ്മ അദ്ധ്യാത്മ രാമായണം വായിപ്പിച്ചു. പതിനൊന്നാം വയസില്‍ നാലു തവണ അദ്ധ്യാത്മ രാമായണം പാരായണം ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
യുവാവായിരിക്കെ സ്വാമി ചിന്മയാനന്ദനെ കാണുന്നതും പാലക്കാട് വെച്ച് നടന്ന സ്വാമിജിയുടെ ഇരുപത്തിയൊന്നാം ഗീതായജ്ഞം പൂര്‍ണമായി കേട്ടതുമാണ് വഴിത്തിരിവായത്. തുടര്‍ന്ന് 1987കളില്‍ ഹിമാചല്‍പ്രദേശിലെ ആശ്രമത്തില്‍ 45 ദിവസം ചിന്മയാനന്ദ സ്വാമിയുടെ കൂടെ താമസിച്ച് ഗീത പൂര്‍ണമായി പഠിച്ച് മനസിലാകക്കുകയായിരുന്നു അദ്ദേഹം. ഇതിനോടകം നിരവധി സപ്താഹങ്ങളില്‍ യജ്ഞാചാര്യനായി അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 60 ദിവസം നീണ്ടു നില്‍ക്കുന്ന നാരായണീയ ജ്ഞാന യജ്ഞം മൂന്നു പ്രാവശ്യം നടത്തിയിട്ടുണ്ട്.
ആത്മചൈതന്യമാണ് തന്നെ നയിക്കുന്നതെന്ന് അടിയുറച്ച് വിശ്വസിക്കുകയും അതിലൂടെ ഭക്തിയുടെ മാര്‍ഗത്തില്‍ അന്യരെ സേവിക്കാനുള്ള പ്രചോദനം നല്കിയും അന്യനെ സേവിക്കുമ്പള്‍ മാത്രമെ ജീവിതം ധന്യമാകുകയുള്ളു എന്ന് ഉദ്‌ഘോഷിച്ചും ആയിരക്കണക്കിന് ഭക്തര്‍ക്ക് ഭക്തിയുടെ ശരിയായ മാര്‍ഗം പകര്‍ന്ന് നല്‍കുകയുമാണ് ഈ പ്രായത്തിലും ഹരിദാസ് ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: