തിരുവനന്തപുരം: ഓണം വരുന്നതിന് മുന്നോടിയായുള്ള ഉത്രാട ദിനമായ തിങ്കളാഴ്ച മാത്രം ബിവറേജസ് ഔട്ടലറ്റുകൾ വഴി മാത്രം വിറ്റത് 116 കോടിയുടെ മദ്യം. കഴിഞ്ഞ വർഷത്തേക്കാള്‍ നാല് കോടിയുടെ അധിക വില്‍പനയാണ് ഉണ്ടായത്.
2022ലെ ഉത്രാടദിനത്തില്‍ 112 കോടിയുടെ മദ്യവിൽപ്പന നടന്നു. തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലുള്ള ബിവറേജസ് ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. 1.06 കോടി രൂപയുടെ മദ്യം ഇവിടെ മാത്രം വിറ്റഴിച്ചു.
ബിവറേജസിന്റെ മുന്‍കരുതലുകള്‍ വില്‍പനയില്‍ പ്രതിഫലിച്ചു
ഓണത്തിന് വളരെ മുൻപേതന്നെ ഓണ വിൽപ്പനയ്‌ക്കുള്ള തയ്യാറെടുപ്പുകൾ ബെവ്‌കോ നടത്തിയിരുന്നു. മദ്യംവാങ്ങാനെത്തുന്നവർക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് വെയർഹൗസ് -ഔട്ട് ലെറ്റ് മാനേജർമാർക്ക് ബെവ്കോ കർശന നിർദ്ദേശം നൽകിയിരുന്നു. ജനപ്രിയ ബ്രാന്‍റുകളടക്കം ആവശ്യമുള്ള മദ്യം വെയർഹൗസിൽ സ്റ്റോക്ക് ചെയ്തിരുന്നു. മദ്യക്കുപ്പികള്‍ ഉപഭോക്താക്കൾ കാണുന്ന രീതിയിൽ പ്രദർശിപ്പിക്കുകയും ചെയ്തു. അതുപോലെ ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാൻ പ്രത്യേക കരുതലും എടുത്തിരുന്നു.
കൊല്ലം ആശ്രാമത്തിലെ ബിവറേജസ് ഔട്ട് ലെറ്റില്‍1.01 കോടി രൂപയുടെ മദ്യം വിറ്റു. ചേർത്തല കോർട്ട് ജംഗ്ഷൻ, പയ്യന്നൂർ, തിരുവനന്തപുരം പവർഹൗസ് റോഡ് എന്നിവിടങ്ങളിലെ ഔട്ട് ലറ്റുകളിലും ഒരു കോടിയിൽ അധികം രൂപയുടെ വിൽപ്പന നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: