തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 90 ലക്ഷം രൂപയോളം നിക്ഷേപിച്ച് തട്ടിപ്പിന് ഇരയായ മുന്‍ സിപിഎം പ്രവര്ത്തകന് കൂടിയായ മാപ്രാണം സ്വദേശി ജോഷി സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും വഞ്ചനയില്‍ പ്രതിഷേധിച്ച് തിരുവോണ നാളായ ഇന്ന് വീടിന് മുന്നില്‍ ഉപവാസമിരിക്കുന്നു. രോഗിയായ ജോഷിക്ക് ചികിത്സക്ക് പോലും പണം നല്‍കാതെ വഞ്ചിക്കുകയായിരുന്നു സിപിമ്മിന്റെ നേതൃത്വത്തിലുള്ള ബാങ്ക് ഭരണ സമിതി. 150 കോടിയോളം രൂപയുടെ തട്ടിപ്പില്‍ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ. സി. മൊയ്തീന് നേരിട്ടു പങ്കുണ്ടെന്ന് ഇ ഡി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മൊയ്തീനെ പൂ
ര്‍ണമായി പിന്തുണച്ച് സിപിഎം സംസ്ഥാന നേതൃത്വം രംഗത്തു വന്നതിനു പിന്നാലെയാണ് പാര്‍ട്ടിക്കുവേണ്ടി രാപ്പകല്‍ പ്രവര്‍ത്തിച്ച ഒരു പ്രവര്ത്തകന് തിരുവോണത്തിന് ഉപവാസമിരിക്കുന്നത്.
സിപിമ്മില്‍ പ്രവര്‍ത്തിച്ച് കണക്കറ്റ പോലീസ് മര്‍ദ്ദനങ്ങള്‍ നേരിടേണ്ടി വന്ന തനിക്ക് സിപിഎം ഭരിക്കുന്ന ബാങ്കില്‍ നിന്ന് നേരിടേണ്ടി വന്ന ചതിയുടെ വിശദാംശങ്ങള്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ജോഷി വിവരിക്കുന്നു. 2002 ല്‍ തൃശൂര്‍ ചെവ്വൂരില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് എട്ടു വര്‍ഷത്തോളം ക്രച്ചസിലായിരുന്നു ജോഷിയുടെ ജീവിതം. കോണ്ട്രാക്ടര് ജോലികള്‍ ചെയ്തുണ്ടാക്കിയതും, ഭാര്യയുടെ സ്വര്‍ണം വിറ്റതും, കുടുംബവസ്തു വിറ്റതില്‍ നിന്നും ലഭിച്ചതുമൊക്കെയായി 40 ലക്ഷത്തോളം രൂപ കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചു. ഇതും ചേര്‍ത്ത്, കരുവന്നൂര്‍ ബാങ്കില്‍ ജോഷിയുടെ കുടുംബത്തിന് 90 ലക്ഷത്തില്‍ കൂടുതല്‍ നിക്ഷേപം ഉണ്ടായിരുന്നു. സഹകരണ നിക്ഷേപം നൂറു ശതമാനം സുരക്ഷിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞതിലായിരുന്നു പ്രതീക്ഷയെന്നും ജോഷി പറയുന്നു. പണം തിരിച്ചു കിട്ടാതെ വന്നപ്പോള്‍ നിസ്സഹായാവസ്ഥ പറയാനായി പലതവണ പഴയ സഹപ്രവര്‍ത്തകയായും ഇരിങ്ങാലക്കുട എംഎല്‍എയുമായ മന്ത്രി ആര്. ബിന്ദുവിനെ കാണാന്‍ ശ്രമിച്ചെങ്കിലും ഫോണില്‍ സംസാരിക്കാന്‍ പോലും സാധിച്ചില്ല.
ഇതിനിടെ സ്ട്രോക്ക് വന്ന് ജോഷിയുടെ രോഗാവസ്ഥ കൂടുതല്‍ ഗുരുതരമായി. ആശുപത്രിയില്‍ കിടക്കവേ, 12 ലക്ഷം രൂപ തിരിച്ചു തരാനായി സഹകരണ മന്ത്രി വാസവന് നിര്‍ദേശിച്ചെങ്കിലും അതും കബളിപ്പിക്കലായി. തട്ടിപ്പിനെക്കുറിച്ചു പറയുമ്പോള്‍ പുതു തലമുറയില്‍പ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ വന്ന് വെല്ലുവിളിക്കുന്നതിനെക്കുറിച്ചും ജോഷി പറയുന്നു. 52 വെട്ടുകളില്‍ തീര്‍ക്കാതെ, ഒറ്റ വെട്ടിനു
തീര്‍ക്കാമോ സഖാവേ? അല്പം വേദന കുറയില്ലേ? എനിക്കതിനെങ്കിലും അര്‍ഹതയില്ലേ? എന്നാണ് ഇത്തരം സിപിഎമ്മുകാരോട് ജോഷി ചോദിക്കുന്നത്.
കരുവന്നൂരിലെ മുഴുവന്‍ നിക്ഷേപകര്‍ക്കും വേണ്ടിയാണ് താന്‍ ഇന്ന് ഉപവാസ സമരമിരിക്കുന്നതെന്ന് ജോഷി പറയുന്നു. 21 ശസ്ത്രക്രിയകള്‍ കടന്ന ശരീരം നിരാഹാരം എത്ര കണ്ടു പ്രോത്സാഹിപ്പിക്കും എന്നറിയില്ല. എങ്കിലും തോല്‍ക്കാനൊരു മടി. പണ്ടേ ഉള്ളില്‍ കുറിച്ചൊരു വാചകമുണ്ട്, ‘കൊല്ലാം നിങ്ങള്‍ക്കെന്റെ ശരീരത്തെയീ നിമിഷം, എങ്കിലും തോല്പിക്കാനാവില്ല എന്നിലെ സഖാവിനെയൊരിക്കലും, എന്നെഴുതിയാണ് ജോഷി ഫെയ്സ് ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: