പാലാ: വഞ്ചിപ്പാട്ടിന്റെ ഉപജ്ഞാതാവ് രാമപുരത്ത് വാര്യരെ സര്‍ക്കാരും സാംസ്
കാരിക വകുപ്പും അവഗണിക്കുന്നതായി ആക്ഷേപം. മലയാളി പാടിപ്പതിഞ്ഞ വഞ്ചിപ്പാട്ടിന്റെ ആവേശം ഇന്നും ചോര്‍ന്നുപോയിട്ടില്ല. തലമുറ കൈമാറി വന്ന് പുതുതലമുറവരെ ഗൃഹാതുര സ്മരണകളോടെ ഇന്നും വഞ്ചിപ്പാട്ട് നെഞ്ചിലേറ്റുന്നു. വഞ്ചിപ്പാട്ടിന്റെ ശീലുകള്‍ ഉയരാത്ത ഓണക്കാലവും വള്ളംകളിയും ചിന്തിക്കാനാവില്ല.
മൂന്ന് നൂറ്റാണ്ട് കടന്നുപോയിട്ടും വഞ്ചിപ്പാട്ടിന്റെ ചേലും ചൂരും ആവേശത്തുടിപ്പോടെയും പു
തുമ മങ്ങാതെയും പുതുതലമുറ ഇന്നും നെഞ്ചിലേറ്റുന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ 1703 ല്‍ ആണ് രാമപുരത്ത് വാര്യരുടെ ജനനം. കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ രാമപുരത്ത്, പത്മനാഭന്‍ നമ്പൂതിരിയുടെയും പാ
ര്‍വതി വാരസ്യാരുടെയും മകന്‍. ശങ്കരന്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. കുചേലവൃത്തം വഞ്ചിപ്പാട്ട് എന്ന ഒറ്റ കൃതികൊണ്ടുതന്നെ ജനമനസ്സുകളില്‍ സ്ഥാനം പിടിച്ച കവി. ഭാഷാഷ്ടപദി, നൈഷധം, തിരുവാതിരപ്പാട്ട് തുടങ്ങിയവും രാമപുരത്ത് വാര്യരുടെ പ്രധാന കൃതികളാണ്. ഭക്തകവിയും തത്വജ്ഞാനിയുമായിരുന്നു. അധ്യാപകന്‍, ക്ഷേത്ര കഴകം എന്നീ ജോലികളും നിര്‍വഹിച്ചു.
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മയുടെ ആശ്രിതനായിരുന്നു രാമപുരത്ത് വാര്യര്‍. മഹാരാജാവിന്റെ നിര്‍ദേശ പ്രകാരമാണ് വഞ്ചിപ്പാട്ട് ശീലിലുള്ള കുചേലവൃത്തം കൃതി രചിച്ചതെന്ന് പറയപ്പെടുന്നു. 1753ല്‍ രാമപുരത്തുവച്ച് അന്തരിച്ചു.
രാമപുരത്ത് വാര്യരുടെ വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് അദ്ദേഹത്തിന് ഉചിതമായ സ്മാരകം വേണമെന്ന അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും നാട്ടുകാരുടെയും സാഹിത്യ ലോകത്തിന്റേയും ആവശ്യത്തിനും നൂറ്റാണ്ടിന്റെ പഴക്കമുണ്ട്.
ആര്‍വിഎം ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എയ്ഡഡ് യുപി സ്‌കൂളും സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ കീഴില്‍ രാമപുരത്ത് പ്രവര്‍ത്തിക്കുന്ന ആര്‍വിഎം പബ്ലിക് ലൈബ്രറിയും മാത്രമാണ് കവിയുടെ പേരില്‍ രാമപുരത്തുള്ളതെന്ന് അര്‍വിഎം ട്രസ്റ്റ് പ്രസിഡന്റ് രഘുനാഥ് കുന്നൂര്‍മ, മുന്‍ പ്രസിഡന്റ് നാരായണന്‍ നമ്പൂതിരി കാരനാട്ട്മന എന്നിവര്‍ പറഞ്ഞു. വിദ്യാരംഭത്തിന് ആര്‍വിഎം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാരംഭമാണ് കവിയുടെ സ്മരണ നിലനിര്‍ത്തുന്ന മറ്റൊരു സാംസ്‌കാരിക ധര്‍മ്മം.
സ്‌കൂള്‍ വളപ്പില്‍ രാമപുരത്ത് വാര്യരുടെ തറവാട്ടു വീടിന്റെ തറയിരുന്ന സ്ഥലത്ത് കവിയുടെ പേരില്‍ ഒരു കലാ പഠന ഗവേഷണ കേന്ദ്രം സര്‍ക്കാര്‍ തലത്തില്‍ സ്ഥാപിക്കണമെന്നായിരുന്നു ആര്‍വിഎം ട്രസ്റ്റിന്റെയും സഹൃദയരുടെയും നിരന്തര ആവശ്യം. സര്‍ക്കാരിനും സാംസ്‌കാരിക വകുപ്പിനും രാമപുരം ഗ്രാമപഞ്ചായത്തിനും ഇക്കാര്യം ആവശ്യപ്പെട്ട് നിവേദനം നല്കി പതിറ്റാണ്ടുകളായിട്ടും നടപടി മാത്രമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: