മുന്‍പൊരിക്കലും സംഭവിക്കാത്തവിധം വലിയ തോതില്‍ ശ്രദ്ധേയനായിക്കൊണ്ടിരിക്കുകയാണ് ഗണപതി ഭഗവാന് ഇന്ന്. അതിനുള്ള നിമിത്തം: നിന്ദ്യവും നികൃഷ്ഠവുമായ രീതിയിലുള്ള ഒരു ഗണപതി പരാമര്‍ശം നമ്മുടെ നിയമസഭാ സ്പീക്കറില്‍ നിന്നും. ദുരുദ്ദേശ്യത്താലുള്ള മതനിന്ദയാണ് ഉണ്ടായതെങ്കിലും ഗണനായകന് ആണ് ശ്രദ്ധാകേന്ദ്രമായിരിക്കുന്നത് എന്നത് സന്തോഷദായകം തന്നെ. കാരണം’മിത്തു’ മൊഴി കര്‍ത്താവിന്റെ മനസ്സില്‍ വരാത്ത, എന്നാല്‍ വിവരമുള്ളവരുടെ ചിന്തയില്‍ മുറ്റിനില്ക്കുന്ന സത്യങ്ങള്‍ സാധാരണക്കാരുമായി പങ്കുവെയ്ക്കുവാനും ഗണപതി ദേവതാ സങ്കല്പത്തിന്റെ അര്‍ത്ഥതലങ്ങളെ ആഴത്തില്‍ വിചിന്തനം ചെയ്യാനുമുള്ള ഒരു സുവര്‍ണ്ണാവസരമായി തീര്‍ന്നിരിക്കയാണ് പ്രകൃത നിമിത്തം. ഹൈന്ദവ സംസ്കൃതിയെപറ്റി, അതിലെ ദേവതാ സങ്കല്‍പ്പങ്ങളെപറ്റി അല്പമെങ്കിലും അവഗാഹമുള്ളവര്‍ തക്ക മറുപടിയുമായിട്ട് മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നു. മുഴങ്ങിക്കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളും ഇരമ്പിക്കൊണ്ടിരിക്കുന്ന അപലപന സ്വരങ്ങളും ഒരു വശത്തുണ്ടെങ്കിലും മറുവശത്ത് മിത്തെന്ന് പറഞ്ഞതിനെ സത്യവല്‍ക്കരിക്കുന്ന അറിവുകളുടേയും ആന്തരാര്‍ത്ഥങ്ങളുടേയും ഒരു പ്രവാഹം തന്നെ അണ പൊട്ടിയിട്ടുണ്ട്.
വാസ്തവത്തില്‍ ഹിന്ദു ധര്‍മ്മം അല്ലെങ്കില്‍ ആര്‍ഷധര്‍മ്മം ദേവതാ സങ്കല്പ്പത്തിന് ഇതിഹാസങ്ങളിലൂടെയും പുരാണങ്ങളിലൂടെയും പരമ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. മൂലം വേദങ്ങള്‍തന്നെയാണ്. വേദങ്ങളില്‍ ഉള്ള നിഗൂഢ തത്വങ്ങളുടെ ഉപബൃമ്ഹണമാണല്ലോ അല്ലെങ്കില്‍ വിശദീകരണം ആണല്ലോ ഇതിഹാസ പുരാണങ്ങള്‍. വിവിധ ഉപാസനകളും വിഗ്രഹാരാധനയുമൊക്കെ ഹിന്ദുധര്‍മ്മത്തിന്റെ ഭാഗം തന്നെയാണ്. ഇതര മതങ്ങള്‍ക്ക്, പ്രത്യേകിച്ച് സെമിറ്റിക് മതങ്ങള്‍ക്ക് അവകാശപ്പെടാന്‍ സാധിക്കാത്ത പല സവിഷേതകളും ഹിന്ദു ധര്‍മ്മത്തിലുണ്ട്. പ്രകൃതി പ്രതിഭാസങ്ങളെ ആരാധിക്കാന്‍ അവയുടെ പിന്നിലുള്ള അദൃഷ്ട ശക്തി സ്രോതസ്സിനെ വിഭാവനം ചെയ്യുവാനും അതിലൂടെ ആത്യന്തിക ജീവിത ലക്ഷ്യമെന്തെന്ന് അടയാളപ്പെടുത്താനും ആ ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി ആജീവനാന്തം പ്രയത്നിക്കുവാനും ഒക്കെയുള്ള പ്രചോദനം നമ്മുടെ പൂര്‍വ്വ സൂരികള്‍ വേണ്ടവണ്ണം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പഠിക്കാനും മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും മിക്കവരും മിനക്കെടാറില്ല. എന്നിരിക്കിലും ജിജ്ഞാസുക്കളായിട്ടുള്ള ചിലരെങ്കിലും ഈ വിഷയത്തെപ്പറ്റി ചിന്തിക്കാനും കൂടുതല്‍ പഠിക്കാനും മുതിര്‍ന്നിട്ടുണ്ട്. ന്യൂനപക്ഷമെങ്കിലും അവര്‍ ഇപ്പോഴും ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഭാരതീയ സംസ്കൃതിയുടെ ആഴവും പരപ്പും അറിഞ്ഞവര്‍ വിദേശീയരടക്കം അനവധിയുണ്ട്. അവര്‍ കേവലം അറിവു നേടിയവര്‍ മാത്രമല്ല, ആ അറിവനെ ആനുഭൂതികമായിട്ട് സാക്ഷാത്ക്കരിച്ചവരുമാണ്. അവര്‍ പങ്കിടുന്ന ഉള്‍വെളിച്ചം ഈദൃശ വിഷയങ്ങളെപ്പറ്റി സയുക്തികവും ശാസ്ത്രീയവുമായിട്ടുള്ള ജ്ഞാനശകലങ്ങളാണ് വിതറുന്നത്.
സനാതന ധര്‍മ്മത്തെപറ്റി ഉപരിപ്ലവമായി മാത്രം ചില കാര്യങ്ങള്‍ കേട്ടോ വായിച്ചറിഞ്ഞോ അല്ലെങ്കില്‍ തല്‍പ്പരകക്ഷികളുടെ ദുര്‍വ്യാഖ്യാനങ്ങളുടെ സ്വാധീന വലയത്തില്‍പ്പെട്ടോ ചില സംശയങ്ങള്‍ മനസ്സില്‍ പേറി ചിലര്‍ നടക്കാറുണ്ട്. ഉദാഹരണത്തിന് ഹിന്ദുക്കള്‍ ബഹുദൈവ വിശ്വാസികളോ? വിഗ്രഹാരാധകരോ? കല്ലിനേയും മണ്ണിനേയും മരത്തേയും ലോഹത്തേയും ഒക്കെ പൂജിക്കുന്നവരോ? അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും നിമഗ്നരായവരോ? ഇങ്ങനെ കുറേ സംശയങ്ങള്‍, ചോദ്യങ്ങള്‍. എന്നാല്‍ വിവരമുള്ളവും വിഷയത്തില്‍ അഭിജ്ഞരുമായ വിശ്വാസികളുടെ ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും കേവലം അന്ധവിശ്വാസമെന്ന് പറഞ്ഞ് തള്ളുന്നത് അല്ലെങ്കില്‍ അവമതിക്കുന്നത് വിവേകമോ? ഒരിക്കലുമല്ല. മറിച്ച് അല്പമെങ്കിലും വിവേകമുള്ളവര്‍, ആത്മാര്‍ത്ഥതയുള്ളവര്‍ സ്വന്തം സംശയങ്ങള്‍ക്ക് സമാധാനം കണ്ടെത്താന്‍ ശ്രമിക്കും. അങ്ങനെ സംശയ നിവാരണം നേടുന്നവര്‍ക്ക് ക്രമേണ ശരിയായ ഉത്തരം ലഭിക്കുകയും ചെയ്യും. ഈ വിധത്തില്‍ അന്വേഷണത്ത്വരയോടെ മുന്നോട്ടു പോകുന്നവര്‍ക്ക് ക്രമേണ അവരുടെ എല്ലാ സംശയങ്ങള്‍ക്കും ശാസ്ത്രീയമായ, യുക്തിസഹമായ ഉത്തരങ്ങള്‍ ലഭിക്കുകയും ചെയ്യും. അപ്പോഴാണ് ഹിന്ദു ധര്‍മ്മത്തിന്റെ മഹത്ത്വവും അതുല്യതയും എല്ലാം കുറച്ചെങ്കിലും ബോധ്യപ്പെടുക. എന്നാല്‍ ലേശം പോലും അന്വേഷണ കുതുകികളല്ലാത്ത, പൊതുവേദികളില്‍ നിന്ന് കേവല വാചാടോപം മാത്രം നടത്തുന്നവരോട് ഒന്നും പറയാനില്ല. കാരണം അവര്‍ക്ക് സത്യമറിയാന്‍ താല്‍പ്പര്യമില്ല. വിവരമില്ലാത്തവരുടെ കൈയടി മാത്രം കിട്ടിയാല്‍ മതി!
പ്രകൃത വിഷയം ഗണപതി ദേവതാ സങ്കല്പമാണല്ലോ. ആദ്യമായി, ഒരു സംഗതി നാം മനസ്സിലാക്കേണ്ടത് നമ്മുടെ പൗരാണികര്‍ ദേവതാ സങ്കല്പങ്ങളില് സംവിധാനം ചെയ്തിരിക്കുന്ന നാമരൂപങ്ങളാണ്. മുമ്പ് സൂചിപ്പിച്ചതുപോലെ ഇവയെല്ലാം നമ്മുടെ അടിസ്ഥാന പ്രമാണ ഗ്രന്ഥമായ ചതുര്‍വേദങ്ങളിലെ തത്വങ്ങളുടെ ആവിഷ്ക്കാരമാണ്. ഗഹനങ്ങളായ തത്വങ്ങളെ ചില രൂപ നാമ സങ്കല്പങ്ങളിലൂടെ ഉപാസകരുടെ സൗകര്യത്തിന് വേണ്ടിയിട്ട് സംവിധാനം ചെയ്യപ്പെട്ടവയാണ്. അതില്‍ സങ്കേതങ്ങളുണ്ട്;പ്രതീകാത്മകതയുണ്ട്. ഇതൊക്കെ മനസ്സിലാക്കി ഉള്‍ക്കൊണ്ട് വേണം സാധകരെന്ന നിലയില്‍ നാം മുന്നോട്ട് പോകേണ്ടത്. മേല്‍ സൂചിപ്പിച്ച പ്രതീകാത്മകതയെ നമുക്ക് സുപരിചിതമായ ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. നമ്മളേവരും വന്ദിക്കുന്ന, ആദരിക്കുന്ന ദേശീയ പതാക ത്രിവര്‍ണ്ണ പതാക. സ്ഥൂല ദൃഷ്ടിയില് എന്താണിത്? ഒരു കീറത്തുണി മാത്രം. എന്നാല്‍ നാം അതിനെ കാണുന്നത് ഒരിക്കലുമങ്ങനെ അല്ലല്ലോ, ആയിരിക്കുകയുമരുത്. കാരണം അത് ദേശീയ പതാകയാണ്. ദേശവാസികളുടെ ആദരം അര്‍ഹിക്കുന്നതാണ്. അത് നമ്മുടെ ദേശത്തെ, രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നു. അതായത് നമ്മുടെ രാഷ്ട്രത്തിന്റെ പ്രതീകമാണ് ദേശീയ പതാക. അപ്പോള്‍ നാം ആദരിക്കുന്നത് കീറത്തുണിയെയല്ല, രാഷ്ട്രത്തെയാണ്. ഇത്തരം പ്രതീകാത്മകമായ ആവിഷ്ക്കാരങ്ങളാണ് നമ്മുടെ ദേവതാ സങ്കല്പങ്ങളില് അടങ്ങിയിരിക്കുന്നത്.
വീണ്ടും നമുക്ക് ഗണപതിയിലേക്ക് മടങ്ങാം: ആനയുടെ തല, രണ്ടു വലിയ ചെവി, തുമ്പിക്കൈ, കുടവയറ്, ഒറ്റക്കൊമ്പ്, മുമ്പില്‍ കുറേ മധുര പലഹാരങ്ങള്‍, സമീപത്തൊരു മൂഷികനും. ഇത്തരത്തിലുള്ള വിചിത്രമായ ഒരു ചിത്രമാണ് സ്ഥൂല ദൃഷ്ടിയില് നാം കാണുന്നത്. ദേവതാ സങ്കല്‍പ്പത്തില്‍ ഈ രൂപത്തെ ഹിന്ദുക്കള്‍ ആരാധിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഈ വിഷയത്തില്‍ അനഭിജ്ഞനായ ഒരു വിദേശിക്ക് ഹിന്ദു ധര്‍മ്മത്തെ പറ്റി, അതിന്റെ ആരാധനാ മൂര്‍ത്തികളെ പറ്റി ഒരവമതി ഉണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ അതേ വ്യക്തിതന്നെ ഇതിന്റെ പിന്നിലുള്ള പ്രതീകാത്മകതയെപ്പറ്റി കൂടുതല്‍ അറിയുമ്പോഴാണ് നമ്മുടെ ഋഷീശ്വരന്മാരുടെ സര്‍ഗാത്മകമായ സംവിധാന ശേഷിയെപറ്റി മതിപ്പുണ്ടാവുക. മതിപ്പ് മാത്രമല്ല ആദരവോടും ഭക്തിയോടും കൂടിയായിരിക്കും പിന്നീടവര്‍ ആ രൂപത്തെ കാണുക. ഒരു കാര്യം ഈ വിഷയത്തില്‍ പൊതുമായി മനസ്സിലാക്കേണ്ടത് എല്ലാ ദേവതാ സങ്കല്‍പ്പങ്ങളും സാര്‍ത്ഥകങ്ങളാണ്, പ്രതീകാത്മകമായി അര്‍ത്ഥസമ്പുഷ്ടങ്ങളാണ് എന്നതാണ്. അല്പം കൂടി വിശദമായി വിചാരം ചെയ്യാം. ദേവതാ സങ്കല്പങ്ങളെല്ലാം തന്നെ ഉപാസകന് വേണ്ടി, അവന്റെ ഉപാസനക്കു വേണ്ടിയുള്ള ഉപാധികളാണ്. ഉപാസനയുടെ ലക്ഷ്യം മനസ്സിന്റെ ഏകാഗ്രത നേടലും, ആ ഏകാഗ്രതയിലൂടെ ആന്തരിക സംശുദ്ധീകരണം ആര്‍ജിച്ച് മനസ്സിനെ ആത്മജ്ഞാനത്തിന് പാത്രമാക്കുക എന്നതാണ്. ഇനി, എന്തിനീ ആത്മജ്ഞാനം? നമ്മുടെ വേദങ്ങളും പ്രത്യേകിച്ച് അവയിലുള്ള ഉപനിഷത്തുക്കളും ഗീതയുള്‍പ്പെടെയുള്ള മറ്റ് ഇതിഹാസപുരാണാദികളെല്ലാം തന്നെ മനുഷ്യന്റെ ജീവിത ലക്ഷ്യമെന്തെന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്. സെമിറ്റിക്ക് മതങ്ങളുടേതു പോലുള്ള മരണാനന്തര സ്വര്‍ഗ്ഗപ്രാപ്തിയല്ല, മറിച്ച് ജീവിച്ചിരിക്കുമ്പോള്‍ തന്നെ നേടേണ്ട ഒരു അവസ്ഥാ വിശേഷമാണ്. മനുഷ്യരാശി മുഴുവന്‍, എന്തിന്, സകല ജീവജാലങ്ങളും നേടുന്നത് ഈ അവസ്ഥാ പ്രാപ്തിക്കു വേണ്ടിയിട്ടാണ്: ശാശ്വതമായ സുഖം, ശാന്തി, സമാധാനം, സ്വശരീര വിയോഗത്താലുണ്ടാവുന്ന മരണത്തെ പോലും സഹര്‍ഷം സ്വാഗതം ചെയ്യുന്ന ആത്മസാക്ഷാത്ക്കാരാവസ്ഥ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ നമ്മുടെ ഓരോരുത്തരുടേയും ഉള്ളില്‍ കുടികൊള്ളുന്ന ഈശ്വര ചൈതന്യത്തെ സ്വസ്വരൂപമായുള്ള സാക്ഷാത്ക്കാരം. ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് നാം ഓരോരുത്തരും ആത്യന്തിക ലക്ഷ്യ സാധ്യത്തിന് വേണ്ടി മുന്നേറേണ്ടത്.
(നാളെ: സനാതന ധര്‍മ്മം യുക്തിഭദ്രം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: