കേരളത്തില്‍ ഇപ്പോള്‍ എന്താണ് നടക്കുന്നത്? സാധാരണക്കാരില്‍ സാധാരണക്കാരായ ജനങ്ങള്‍ സ്വസ്ഥവും സമാധാനപരവുമായ ജീവിതത്തിന് നെട്ടോട്ടമോടുമ്പോള്‍ മദ്യത്തിന്റെയും ഗുണ്ടകളുടെയും പിടിയിലേക്ക് അമരുന്ന കേരളത്തില്‍ ഒരു ഭരണം നിലവിലുണ്ടോ എന്ന് ആരെങ്കിലും ശങ്കിച്ചാല്‍ കുറ്റം പറയാന്‍ കഴിയുമോ? കേരളത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രിയാണെന്ന് സ്വയം അവകാശപ്പെടുകയും വീമ്പിളക്കുകയും ഏജന്‍സികളെ കൊണ്ട് പ്രചാരണം നടത്തിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് അറിയുന്നുണ്ടോ? വര്‍ദ്ധിച്ചു വരുന്ന ജനരോഷം മുന്നില്‍ കണ്ട് നാട്ടില്‍ സ്വതന്ത്രമായി പോകാന്‍ കഴിയാത്ത സാഹചര്യത്തിലേക്കാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് എത്തിപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ തന്നെ ആവശ്യത്തിലധികമുള്ള മുഖ്യമന്ത്രിയുടെ സുരക്ഷാ സംവിധാനം വീണ്ടും കൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇപ്പോള്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സിലെ 45 പോലീസുകാരും അഞ്ച് ഇന്‍സ്പെക്ടര്‍മാരുമാണ് മുഖ്യമന്ത്രിയുടെ വസതിയില്‍ കാവലിനുള്ളത്. 15 കമാന്‍ഡോകളും 15 സ്ഥിരം സ്ട്രൈക്കര്‍ ഫോഴ്സും ഇതു കൂടാതെയുണ്ട്. കഴിഞ്ഞദിവസം ക്ലിഫ് ഹൗസിന് ചുറ്റുമുള്ള റോഡുകളിലും ക്ലിഫ് ഹൗസിലും സുരക്ഷയ്ക്കായി 45 പോലീസുകാരെ കൂടി ആംഡ് പോലീസ് ക്യാമ്പില്‍ നിന്ന് നിയോഗിച്ചു. ഇതില്‍ മൂന്ന് എസ് ഐ.മാരും ഉള്‍പ്പെടുന്നു. കൂടാതെ ക്ലിഫ് ഹൗസിന് ചുറ്റുമുള്ള റോഡുകള്‍, നന്ദന്‍കോട് ജംഗ്ഷന്, വൈ.എം.ആര് ജംഗ്ഷന് എന്നിവിടങ്ങളിലും സിറ്റി പോലീസിനെ നിയോഗിച്ചിരിക്കുന്നു. അധികാരത്തിന്റെ മത്ത് അല്ലെങ്കില്‍ അധികാര പ്രമത്തത തലയ്ക്കു പിടിച്ച ഒരു ഭരണാധികാരിയായി മുഖ്യമന്ത്രി പിണറായി വിജയന് മാറിയിരിക്കുന്നു എന്നതാണ് ഈ സുരക്ഷ സംവിധാനങ്ങളുടെ കാതല്‍.
പഴയ രാജാവായ നഹുഷന്റെ കഥ പുരാണത്തില്‍ പറയുന്നുണ്ട്. അധികാരം കൊണ്ട് മത്ത് പിടിച്ച നഹുഷന് അഗസ്ത്യനടക്കമുള്ള ഋഷിമാരെ കൊണ്ട് സ്വന്തം പല്ലക്ക് ചുമപ്പിക്കുകയും പൊക്കക്കുറവ് കാരണം അഗസ്ത്യ മഹര്‍ഷി ഏറ്റിയിരുന്ന ഭാഗത്തെ തണ്ടു താഴ്ന്നതിന് ‘സര്‍പ്പ സര്‍പ്പ’ (വേഗം വേഗം) എന്നുപറഞ്ഞ് അദ്ദേഹത്തെ ചവിട്ടിയതും മുനി ശാപത്താല്‍ നഹുഷന് സര്‍പ്പമായതും പുരാണത്തിലാണെങ്കിലും ഇന്ന് പ്രസക്തമായതും ഓര്‍മിപ്പിക്കുന്നതും മുഖ്യമന്ത്രിയുടെ പെരുമാറ്റ രീതികളാണ്. എല്ലാം ശരിയാക്കും എന്നും ജനങ്ങള്‍ക്കൊപ്പം എന്നും ഒക്കെ പറഞ്ഞിരുന്ന മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര സുരക്ഷ? ആരെയാണ് മുഖ്യമന്ത്രി ഭയപ്പെടുന്നത്? ആരാണ് മുഖ്യമന്ത്രിയെ ഉപദ്രവിക്കാന്‍ വരുന്നത്? നിരവധി വാഹനങ്ങളും കമാന്‍ഡോ സംഘങ്ങളും ഒക്കെയായി ജനങ്ങളെ ഭയപ്പെടുത്തി, ചവുട്ടി വീഴ്ത്തി, മരുന്നു വാങ്ങാന്‍ പോലും അനുവദിക്കാതെ വാഹന ഗതാഗതം തടഞ്ഞും തിരിച്ചുവിട്ടുമൊക്കെ അധികാരത്തിന്റെ രസം തലയ്ക്കു പിടിച്ച പിണറായി കാട്ടിക്കൂട്ടുന്നത് പണ്ട് നഹുഷന് ചെയ്തത് തന്നെയാണ്. പിണറായിയുടെ ഈ പരാക്രമത്തിനിടയിലും കേരളത്തില്‍ എന്തു നടക്കുന്നു എന്നകാര്യം കൂടി പരിശോധിക്കപ്പെടേണ്ടതാണ്.
കഴിഞ്ഞ ആഴ്ച കേരളത്തില്‍ നടന്ന ഏതാനും ചില സംഭവങ്ങളില്‍ കൂടി മാത്രം കേരളത്തിലെ ഭരണത്തിന്റെയും ക്രമസമാധാനത്തിന്റെയും നിയമവാഴ്ചയുടെയും ഒരു വാങ്മയചിത്രം നമുക്ക് ലഭിക്കും. എന്താണ് നിയമസംവിധാനത്തോടും കോടതിയോടുമുള്ള സിപിഎമ്മിന്റെ നിലപാട് എന്നത് വ്യക്തമാക്കുന്നതാണ് ഇടുക്കിയിലെ ശാന്തന്‍പാറയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന്റെ നിര്‍മ്മാണം. റവന്യൂ വകുപ്പിന്റെ അനുവാദമില്ലാതെ, എതിര്‍പ്പില്ലാതെ, രേഖ സമ്പാദിക്കാതെ ശാന്തന്‍പാറയിലും ബൈസണ്‍വാലിയിലും സിപിഎം കെട്ടിടം നിര്‍മ്മിക്കുന്നത് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത് ഹൈക്കോടതിയാണ്. തൃശ്ശൂരിലെ ഒരു പരിസ്ഥിതി സംഘടന നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍മ്മാണപ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയോടും അതുറപ്പാക്കാന്‍ ഇടുക്കി കളക്ടറോടും നിര്‍ദ്ദേശിച്ചത്. എന്നാല്‍ കോടതി ഉത്തരവ് പുല്ലുപോലെ വലിച്ചെറിഞ്ഞ സിപിഎം രാത്രിയിലും കൂടി പണി നടത്തി നിര്‍മ്മാണപ്രവര്‍ത്തനം പൂര്‍ത്തിയാക്കുകയായിരുന്നു. സംഭവം വിവാദമായപ്പോള്‍ ഓഫീസ് നിര്‍മ്മാണം രാത്രിയിലും നടത്തിയത് കോടതിയലക്ഷ്യം അല്ലെന്ന് തെളിയിക്കും എന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസിന്റെ പ്രതികരണം. കോടതിയുടെ ഇടക്കാല ഉത്തരവ് ലംഘിക്കപ്പെട്ടത് ഗൗരവപൂര്‍വ്വമാണ് ഹൈക്കോടതി കണ്ടത്. സി.വി.വര്‍ഗീസിനെതിരെ സ്വമേധയാ കേസെടുത്ത ഡിവിഷന് ബഞ്ച് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ കെട്ടിടം ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശവും നല്കി. നിയമവാഴ്ചയോടും നിയമ സംവിധാനത്തോടും എങ്ങനെയാണ് സിപിഎം പെരുമാറുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇടുക്കിയില്‍ അരങ്ങേറിയത്.
പോലീസ് സംവിധാനത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ ഉദാഹരണവും കഴിഞ്ഞ ദിവസം കേരളം കണ്ടു. തിരുവനന്തപുരം നഗരത്തില്‍ വാഹന പരിശോധന നടത്തുകയായിരുന്ന എസ്. അസിം, എംഅഭിലാഷ് എന്നീ എസ്ഐമാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഹെല്‍മറ്റ് ധരിക്കാതെ വന്ന ഡിവൈഎഫ്ഐ നേതാവ് നിഥിന് പിഴയിട്ടു. താന്‍ ഡിവൈഎഫ്ഐ നേതാവാണെന്നും അത്യാവശ്യത്തിന് പോയതാണെന്നും വിട്ടയക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും പോലീസ് വഴങ്ങിയില്ല. ഇതേ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കം സിപിഎം ജില്ലാ സെക്രട്ടറി വി.എസ് ജോയിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന് ആക്രമണത്തിലാണ് കലാശിച്ചത്. പോലീസുകാരെ വഴിയില്‍ തല്ലുമെന്നും വീട്ടില്‍ കയറി തല്ലുമെന്നുമൊക്കെ ഭീഷണിപ്പെടുത്തി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയിയുടെ നേതൃത്വത്തില്‍ ക്രമസമാധാന പാലനത്തിനും പോലീസ് ഭരണത്തിനും ഒരു പുതിയ ഏട് എഴുതിച്ചേര്‍ക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി പേട്ട പോലീസ് സിപിഎം നേതൃത്വവുമായി അനുകൂലമായ ഇടപെടലിന് വഴങ്ങാത്തതാണ് ഇതിന് കാരണം എന്നാണ് പറയപ്പെടുന്നത്. കേരള പോലീസില്‍ മുഴുവന്‍ ഉദ്യോഗസ്ഥരും സംശുദ്ധരാണെന്നോ മികച്ച ഉദ്യോഗസ്ഥരാണെന്നോ പറയുന്നില്ല. പക്ഷേ, കഴിഞ്ഞ മൂന്നു മാസത്തിനിടെ എത്രതവണ എത്ര പോലീസ് സ്റ്റേഷനുകളില്‍ ഇത്തരത്തില്‍ സിപിഎം-ഡിവൈഎഫ്ഐ നേതാക്കള്‍ കയറി അക്രമം നടത്തി എന്നകാര്യം ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ, അറിഞ്ഞിട്ടുണ്ടോ, എന്തെങ്കിലും നടപടി എടുത്തിട്ടുണ്ടോ? പൂര്‍ണമായും നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് ഹെല്‍മറ്റ് ഇല്ലാതെ പോയ ഡിവൈഎഫ്ഐക്കാരനെ പിഴ അടപ്പിച്ച രണ്ട് എസ്ഐമാരെയും സിറ്റി പോലീസ് കമ്മീഷണര്‍ എച്ച് നാഗരാജു ക്രൈംബ്രാഞ്ചിലേക്ക് സ്ഥലംമാറ്റി. സ്വന്തം ഉദ്യോഗസ്ഥരുടെ അച്ചടക്കം ഉറപ്പാക്കിക്കൊണ്ട് അവര്‍ക്കൊപ്പം ഏതു ഭരണാധികാരിയുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും വഴിവിട്ട നടപടികള്‍ക്കെതിരെ ശക്തമായി നില്‍ക്കുകയും നിലപാട് എടുക്കുകയുമാണ് ഒരു മികച്ച നല്ല പോലീസ് ഓഫീസര്‍ ചെയ്യേണ്ടത്. സിപിഎം നേതാക്കളും രാഷ്ട്രീയനേതൃത്വവും പറയുന്നതിനനുസരിച്ച് അവരുടെ കയ്യിലെ പാവയായി സത്യസന്ധമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസര്‍മാരെ സ്ഥലം മാറ്റുന്ന ഈ സംവിധാനത്തെ കുറിച്ച് മുഖ്യമന്ത്രി എന്തുപറയുന്നു?
കഴിഞ്ഞ ആറേഴു മാസമായി മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമങ്ങളെ കണ്ടിട്ടില്ല. മാധ്യമങ്ങളെ കാണാത്ത മുഖ്യമന്ത്രിയാണെങ്കില്‍ കുഴപ്പമില്ല. മാധ്യമങ്ങളെ കാണുന്ന സ്വഭാവം ഇല്ല എന്നു പറഞ്ഞ് തലയൂരാം. കുറേക്കാലം വൈകുന്നേരം ആറുമണിക്ക് സ്ഥിരം വാര്‍ത്താസമ്മേളനം നടത്തിയിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ മിണ്ടാതായത് ഇത്തരം പ്രശ്നങ്ങള്‍ കൂടി ഉള്ളതുകൊണ്ടല്ലേ? ക്രമസമാധാനത്തിന്റെയും സുരക്ഷയുടെയും ഈ കാര്യങ്ങള്‍ക്കപ്പുറത്ത് അഴിമതിയുടെ കാര്യം കൂടിപറയാതെ പോകാനാവില്ല. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ മുന്‍ സഹകരണ മന്ത്രി എ.സി. മൊയ്തീന് എംഎല്‍എയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിക്കഴിഞ്ഞു. മൊയ്തീന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു എന്നുമാത്രമല്ല, തട്ടിപ്പിലെ പ്രതികളും മറ്റുമായുള്ള മൊയ്തീന്റെ ബന്ധം സ്ഥിരീകരിക്കുന്ന രേഖകളും ലഭിച്ചു കഴിഞ്ഞു. മൊയ്തീന് നടത്തിയ നിയമവിരുദ്ധ ഇടപാടുകളുടെ മുഴുവന്‍ വിവരങ്ങളും ഇ.ഡി സമാഹരിച്ചു എന്നാണ് സൂചന. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ മാത്രമല്ല, കേരളത്തിലുടനീളം സഹകരണ പ്രസ്ഥാനങ്ങളില്‍ നിന്ന് പണം അടിച്ചുമാറ്റി തട്ടിപ്പ് നടത്തി സഹകാരികളെയും പാവപ്പെട്ട കര്‍ഷകരെയും വഴിയാധാരമാക്കിയതില്‍ മന്ത്രി അടക്കമുള്ളവര്‍ക്ക് പങ്കുണ്ട് എന്നുവരുമ്പോള്‍ എന്താണ് മുഖ്യമന്ത്രിക്ക് കേരളത്തോട് പറയാനുള്ളത്?
കഴിഞ്ഞില്ല, കെ.കെ ശൈലജയുടെ ജീവചരിത്രം കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പാഠപുസ്തകം ആക്കിയിരിക്കുന്നു. ലാത്തികള്‍ക്ക് കുഞ്ഞുങ്ങളെ സൃഷ്ടിക്കാന്‍ ആകുമായിരുന്നെങ്കില്‍ താന്‍ പലതവണ പ്രസവിച്ചേനെ എന്നു പറഞ്ഞ കെ.ആര് ഗൗരിയമ്മയുടെ ജീവചരിത്രം സിപിഎം ഒരു സര്‍വകലാശാലയിലും പാഠപുസ്തകമാക്കിയില്ല. ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ അഭിമാനാര്‍ഹമായ നേട്ടം സൃഷ്ടിച്ച കേരളത്തിലെ ഒരു വനിതയും പാഠ്യവിഷയമായില്ല. ഇന്ത്യയുടെ മിസൈല്‍ വനിത എന്നറിയപ്പെടുന്ന ടെസി തോമസ്, പി.ടി ഉഷ എന്നിവരൊന്നും പാഠ്യ വിഷയമായില്ല. ഉന്നത വിദ്യാഭ്യാസരംഗം എങ്ങനെ മലീമസവും അഴിമതിയുടെ താവളവുമായി എന്നതിന്റെ ഉദാഹരണം കൂടിയാണിത്. ഉന്നത വിദ്യാഭ്യാസരംഗത്തെ സുപ്രധാന സ്ഥാപനമായ ഡയറ്റില്‍ നടക്കുന്ന പിന്‍വാതില്‍ നിയമനവും തിരുകിക്കയറ്റലും ഇതിന്റെ മറ്റൊരുദാഹരണമാണ്. കേരളത്തില്‍ ഇന്ന് നടക്കുന്ന ഭരണകൂടത്തിന്റെ അഴിമതിയുടെയും പിടിപ്പുകേടിന്റെയും ഒക്കെ നേര്‍ചിത്രമാണിത്. ഇതൊന്നും അറിയാതെ അധികാരത്തിന്റെ മത്തില്‍ പുളഞ്ഞ് പോലീസുകാരെക്കൊണ്ട് നാട്ടുകാരെ തല്ലിയോടിച്ച് സുരക്ഷാ ഭീഷണിയും ഭീതിയുമായി നടക്കുന്ന പിണറായി വിജയന് ഈ കാര്യങ്ങളില്‍ ഒരു നടപടിയും എടുക്കുന്നില്ല, മിണ്ടുന്നില്ല. നഹുഷന്റെ പുതിയ അവതാരത്തിന് പ്രണാമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: