ഗുരുവായൂര്‍: ഉത്രാടദിനമായ ഇന്നലെ, ഹരിനാമകീര്‍ത്തനങ്ങളുടെ മന്ത്രധ്വനിയില്‍ ശ്രീഗുരുവായൂരപ്പന് തിരുമുല്‍ക്കാഴ്ച്ചയായി ഉത്രാടക്കുലകള്‍ സമര്‍പ്പിച്ച് ഭക്തസഹസ്രങ്ങള്‍ ആത്മസായൂജ്യം നേടി. കാര്‍ഷിക സമൃദ്ധിയുടെ തിരുമുല്‍ക്കാഴ്ച്ചയായി, ആയിരങ്ങള്‍ കുലകള്‍ ഭഗവാന് സമര്‍പ്പിച്ചതോടെ, ദ്വാരാകാധിപനായ ശ്രീകൃഷ്ണന്റെ അകത്തളം സ്വര്ണവര്ണകുലകളുടെ പൊന്നിന് കൂമ്പാരമായി മാറി. കൊമ്പന് ഇന്ദ്രസെന്‍, തങ്കത്തിടമ്പേറ്റിയ കോലമേന്തിയ കാഴ്ച്ചശീവേലിക്ക് കൊമ്പന്മാരായ അനന്തനാരായണനും, വിഷ്ണുവും പറ്റാനകളായി. ശീവേലിക്ക് ശേഷമാണ് ഭഗവാന്റെ സ്വര്‍ണക്കൊടിമരത്തിന് താഴെ ഭക്തര്‍ കാഴ്ച്ചക്കുല സമര്‍പ്പണം നടത്തിയത്. കൊടിമര ചുവട്ടില്‍ അരിമാവണിഞ്ഞ തറയില്‍ നാക്കിലവെച്ച്, നിറഞ്ഞു കത്തുന്ന നിലവിളക്കും, വിഘ്നേശ്വരന് നാളികേരവും വെച്ച് കഴകം ആനന്ദന് കുത്തുവിളക്ക് പിടിച്ചു. മാരാരുടെ ശംഖധ്വനിക്കിടയില്‍ ക്ഷേത്രം മേല്‍ശാന്തി തോട്ടം ശിവകരന് നമ്പൂതിരി ഭഗവാനെ പ്രാര്‍ത്ഥിച്ച് ആദ്യകാഴ്ച്ചക്കുല സമര്‍പ്പിച്ചു. തുടര്‍ന്ന് നിമിഷനേരം കൊണ്ട് കൊടിമരചുവട് കാഴ്ച്ചക്കുലകളുടെ സ്വര്ണഗോപുരമായി മാറി.
ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന്, ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, സി. മനോജ്, ചെങ്ങറ സുരേന്ദ്രന്, വി.ജി. രവീന്ദ്രന്, കെ.ആര്. ഗോപിനാഥ്, മനോജ് ബി. നായര്‍, ക്ഷേത്രം ഡെ. അഡ്മിനിസ്റ്റ്രേറ്റര്‍ പി. മനോജ്കുമാര്‍, കേന്ദ്രമന്ത്രി വി. മുരളീധരന്, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്, ഐ.ജി. പി. വിജയന്, ഗുരുവായൂര്‍ അസി. പോലീസ് കമ്മീഷണര്‍ കെ.ജി. സുരേഷ് എന്നിവരെ കൂടാതെ നൂറുകണക്കിന് ഭക്തജനങ്ങളും കാഴ്ച്ചക്കുല സമര്‍പ്പിച്ചു.
രാത്രി അത്താഴപ്പൂജ കഴിഞ്ഞ് നടയടയ്ക്കുന്നതുവരെ കാഴ്ചക്കുല സമര്‍പ്പണം തുടര്‍ന്നു. പഴക്കുലകളില്‍ ഒരുവിഹിതം ദേവസ്വം കൊമ്പന്മാര്ക്ക് നല്കി. ഒരുവിഹിതം ഇന്ന് ഭക്തര്‍ക്ക് നല്കുന്ന തിരുവോണസദ്യക്ക് പഴപ്രഥമനുമായി നീക്കിവെച്ചു. ബാക്കി വന്ന കുലകള്‍ ലേലംചെയ്തു. തീര്ത്ഥക്കുളത്തിന് വടക്ക് ഭാഗത്തെ അന്നലക്ഷ്മി ഹാളിലും, പത്യേക പന്തലിലുമായി നടക്കുന്ന തിരുവോണ സദ്യയില്‍, പതിനായിരത്തോളം ഭക്തര്‍ക്കാണ് ദേവസ്വം ഓണസദ്യ ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: