സ്വര്‍ണമുഖീ തീരത്തെ ശ്രീകാളഹസ്തിയില്‍ മഹാദേവന് ശ്വസിക്കുന്ന ശിവലിംഗമാണ്. ഗര്ഭഗൃഹത്തില് എപ്പോഴും കാറ്റേറ്റപോലെ മിഴിചിമ്മിത്തുറക്കുന്ന ഒരു ദീപമുണ്ട്. ഇത് ഭഗവാന്റെ ശ്വാസോച്ഛാസത്താലാണെന്ന് കരുതപ്പെടുന്നു. മുക്തിദായകനായ ഭഗവാന്റെ വായുസാന്നിധ്യം. പഞ്ചഭൂത ക്ഷേത്രങ്ങളില്‍ നാലും തമിഴ്നാട്ടിലാണ്. ശ്രീകാളഹസ്തിയാകട്ടെ ആന്ധ്രയിലും.
ഗര്ഭഗൃഹത്തില് പടിഞ്ഞാറോട്ട് ദര്‍ശനമായാണ് വായുലിംഗ പ്രതിഷ്ഠ. ശിവലിംഗശിലക്കു മുകള്‍ഭാഗത്ത് അഗ്നിനാളങ്ങള്‍ പോലെയുള്ള ശിഖരങ്ങള്‍ കാണാം. നവഗ്രഹചിഹ്നങ്ങളുള്ള സര്‍പ്പകവചം ലിംഗത്തിനെ കാക്കുന്നു. സ്വയംഭൂവായ ഈ ശിലാലിംഗത്തില്‍ ഇരുപ്പത്തിയേഴ് നക്ഷത്രപംക്തികളെ പ്രതിനിധീകരിക്കുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങള്‍ കൊത്തിയിട്ടുണ്ട്. ശിവലിംഗത്തില്‍ ആരും സ്പര്‍ശിക്കാറില്ല. അഭിഷേകങ്ങളെല്ലാം അടുത്തുള്ള അഭിഷേകമൂര്‍ത്തിക്കാണ്. ഇതോടൊപ്പം ഒരു ആനയുടെയും ചുവട്ടിലായി ചിലന്തിയുടെയും പിറകുവശായി സര്‍പ്പത്തിന്റെയും രൂപങ്ങളുമുണ്ട്. ശ്രീ(ചിലന്തി) കാള(സര്‍പ്പം) ഹസ്തി (ആന) എന്നീ ജീവികള്‍ ഇവിടെ ശിവഭഗവാനെ പൂജിക്കുകയും മോക്ഷം നേടുകയും ചെയ്തുവെന്നാണ് ഐതീഹ്യം. ചിലന്തി ശിവലിംഗത്തെ സംരക്ഷിക്കാന്‍ വല കൊണ്ട് മൂടുകയും സര്‍പ്പം ശിവലിംഗത്തിന് മുകളില്‍ രത്നം സ്ഥാപിക്കുകയും ആന ശിവലിംഗത്തെ ജലം കൊണ്ട് അഭിഷേകം നടത്തുകയും ചെയ്തുവത്രേ. ഇവ മൂന്നിന്റെയും പേര് ഒരുമിച്ചു ചേര്‍ത്താണ് ശ്രീകാളഹസ്തി എന്ന പേരുവന്നത്.
ക്ഷേത്രത്തിനു ചുറ്റും നവഗ്രഹങ്ങളും സര്പ്പബിംബങ്ങളുമുണ്ട്. ശ്രീകോവിലിനു പുറത്താണ് സ്വര്‍ണ്ണമുഖീനദിയൂടെ ആഴങ്ങളില്‍ നിന്നും ലഭിച്ച പാതാളഗണപതിയുടെ വിഗ്രഹം. ദര്‍ശനത്തിന് പടവുകള്‍ ഇറങ്ങിപ്പോകണം. പ്രധാന അങ്കണത്തിലെ വലിയ പേരാലിന് ചില്ലകളില്‍ സന്താനലബ്ധിക്കായുള്ള ഊഞ്ഞാല് സേവയുടെ നേര്‍സാക്ഷ്യങ്ങളായി നിറയെ ഊഞ്ഞാല് കെട്ടുകളാണ്.
പാര്‍വതിദേവി ജ്ഞാനപ്രസുനാംബിക എന്നാണ് അറിയപ്പെടുന്നത്. സുവര്‍ണ്ണ വസ്ത്രമായ ‘ബംഗാരു പാവാട’യണിഞ്ഞ് പ്രസൂനാംബിക അനുഗ്രഹം ചൊരിയുന്നു. സതിയുടെ അംശമായ ജലന്ധരയാണ് ദേവിയെന്നതിനാല്‍ കാളഹസ്തി 108 ശക്തി പീഠങ്ങളില്‍ ഒന്നാണ്. പാതാള ഗണപതി, ദക്ഷിണാമൂര്‍ത്തി, നടരാജമൂര്‍ത്തി, കാശിവിശ്വനാഥന്, സൂര്യനാരായണന്, സുബ്രഹ്മണ്യന് തുടങ്ങിയവരുടെ ക്ഷേത്രവും ഇവിടെയുണ്ട്. മലമുകളില്‍ ഭക്തകണ്ണപ്പ ക്ഷേത്രവും ഉണ്ട്.
ശനിദശയിലും ശനി, രാഹു, കേതു എന്നിവയുടെ അപഹാരകാലത്തും ശ്രീകാളഹസ്തി ദര്‍ശനം ദോഷശമനമുണ്ടാക്കും. സൂര്യ-ചന്ദ്ര ഗ്രഹണ സമയങ്ങളിലും നടതുറന്നിരിക്കുമെന്നത് ശ്രീകാളഹസ്തിയുടെ പ്രത്യേകതയാണ്.
ഉത്സവം
പത്തു ദിവസത്തെ ബ്രഹ്മോത്സവമാണ് പ്രധാന ഉത്സവം. ഉത്സവത്തിന്റെ അഞ്ചാം ദിവസം മഹാശിവരാത്രിയായിരിക്കണം എന്നാണ് നിബന്ധന. മഹാശിവരാത്രിനാളില്‍ നടക്കുന്ന ഗിരിപ്രദക്ഷിണമാണ് ക്ഷേത്രത്തിലെ ഏറ്റവും വലിയ ആഘോഷം. ദേവിക്ക് നവരാത്രിനാളിലാണ് ഉത്സവം. ഇതും പത്തുദിവസത്തെ ഉത്സവമാണ്. ‘അമ്മവരി’ ഉത്സവം എന്നാണ് ഇത് അറിയപ്പെടുന്നത്.ക്ഷേത്രം
രണ്ടു മലകള്‍ക്കിടയിലാണ് ശ്രീകാളഹസ്തി നഗരം. ഒരു ഭാഗത്ത് സ്വര്‍ണ്ണമുഖി നദിയൊഴുകുന്നു. കൈലാസഗിരി എന്നു വിളിക്കുന്ന മലയുടെ അടിവാരത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മഹാമേരുപര്‍വതത്തിന്റെ ഭാഗമായിരുന്നു കാളഹസ്തിയിലുള്ള മലകള്‍ എന്നാണ് പുരാവൃത്തം. ആദിശേഷനും, വായുഭഗവാനും തമ്മിലുള്ള മത്സരത്തില്‍ മഹാമേരുവിന്റെ മൂന്നു കഷണങ്ങള്‍ പല സ്ഥലത്തായി നിലംപതിച്ചു. അവയിലൊന്ന് ശ്രീകാളഹസ്തിയിലും മറ്റൊന്ന് തിരുച്ചിറപ്പള്ളിയിലും മൂന്നാമത്തേത് ശ്രീലങ്കയിലെ ട്രിങ്കോമാലിയിലും വീണു എന്നാണ് വിശ്വാസം.
എത്തിച്ചേരാനുള്ള വഴി
ട്രെയിനില്‍ പോകുന്നവര്‍ റെനിഗുണ്ട സ്റ്റേഷനിലിറങ്ങണം. സമീപത്തുള്ള ബസ് ഡിപ്പോയില്‍ നിന്ന് ബസ് കിട്ടും. ഓട്ടോ, ടാക്സി എന്നിവയും സുലഭം. ചെന്നൈയും തിരുപ്പതിയുമാണ് അടുത്തുള്ള എയര്‍പോര്‍ട്ടുകള്‍. തിരുപ്പതിയില്‍ നിന്ന് 37 കിലോമീറ്റര്‍ അരികിലാണ് ശ്രീകാളഹസ്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: