മുംബയ് : ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി മക്കളായ ഇഷ, ആകാശ്, അനന്ത് എന്നിവരെ റിലയന്‍സ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി.
കമ്പനിയുടെ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായി ഇഷ, ആകാശ്, അനന്ത് എന്നിവരുടെ നിയമനത്തിന് അംഗീകാരം നല്‍കുന്നതിന് കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിന് മുന്നോടിയായി റിലയന്‍സിന്റെ ബോര്‍ഡ് യോഗം ചേര്‍ന്നതായി സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗില്‍ കമ്പനി അറിയിച്ചു
കഴിഞ്ഞ വര്‍ഷം, 66 കാരനായ മുകേഷ് അംബാനി മൂത്ത മകന് ആകാശ് അംബാനിയെ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ സ്ഥാപനമായ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെ ചെയര്‍മാനാക്കിയിരുന്നു.ജിയോ ഇന്‍ഫോകോം, ജിയോ പ്ലാറ്റ്ഫോമുകളുടെ ഉപസ്ഥാപനമാണ്.അതില്‍ മെറ്റയ്ക്കും ഗൂഗിളിനും ഓഹരികളുണ്ട്. കമ്പനിയുടെ അധ്യക്ഷ പദവി വഹിക്കുന്നത് ഇപ്പോഴും മുകേഷാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ് ജിയോ പ്ലാറ്റ്ഫോമുകളുടെ മാതൃസ്ഥാപനം.
ആകാശിന്റെ ഇരട്ട സഹോദരി ഇഷ (31) റിലയന്‍സിന്റെ റീട്ടെയില്‍ വിഭാഗത്തിലും ഇളയ സഹോദരന് അനന്ത് ന്യൂ എനര്‍ജി ബിസിനസിലും പ്രവര്‍ത്തിക്കുന്നു.ഓപ്പറേറ്റിംഗ് കമ്പനികളുടെ ബോര്‍ഡില്‍ സഹോദരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആദ്യമായാണ് മാതൃ സ്ഥാപനത്തിന്റെ ബോര്‍ഡില്‍ അവരെ നിയമിക്കുന്നത്.
ഓഹരി കയ്യാളുന്നവരുടെ അംഗീകാരത്തിന് ശേഷം ഇവരുടെ നിയമനം പ്രാബല്യത്തില്‍ വരുമെന്ന് റിലയന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.
മുകേഷ് അംബാനിക്ക് 2029ഏപ്രില്‍ വരെ അഞ്ച് വര്‍ഷത്തെ കാലാവധി കൂടി നല്‍കുന്നതിന് ഓഹരി ഉടമകളുടെ അനുമതി തേടാനുളള നീക്കത്തിലാണ് റിലയന്‍സ്. ഭാര്യ നിത കമ്പനി ബോര്‍ഡില്‍ ഡയറക്ടറായിരുന്നുവെങ്കിലും മക്കള്‍ക്ക് വഴിയൊരുക്കുന്നതിനായി രാജിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: