വലപ്പാട്: ആ പതിനഞ്ച് വീടുകളിലേക്കും തിരുവോണത്തപ്പൻ തിരുമധുരവുമായി കടന്നുചെന്നു. അകത്തളങ്ങളിൽ സന്തോഷത്തിന്റെ പൂവിളിയുയർന്നു. സമത്വത്തിന്റെയും സഹോദര്യത്തിന്റെയും ഈ പൊന്നോണക്കാലത്ത് തിരുപഴഞ്ചേരി കോളനിയിൽ, സ്നേഹത്തിന്റെയും ചേർത്തുപിടിക്കലിന്റെയും പുതുഗാഥ രചിക്കുകയാണ് മണപ്പുറം ഫൗണ്ടേഷൻ.
മണപ്പുറം ഗ്രൂപ്പ് ഉപ കമ്പനിയായ ആശിർവാദ് മൈക്രോ ഫിനാൻസിന്റെ സഹകരണത്തോടെ പൂർത്തീകരിച്ച പതിനഞ്ച് സ്നേഹഭവനങ്ങളുടെ ഗൃഹപ്രവേശന ചടങ്ങ് കോളനിയിൽ സംഘടിപ്പിച്ചു. ചടങ്ങിന്റെ ഉത്ഘാടനം റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ നിയമപരമായ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി തിരുവോണത്തിനു മുൻപ് വീടുകൾ നിർമ്മിച്ചു നൽകാൻ കഴിഞ്ഞതിലുള്ള സന്തോഷം മന്ത്രി പങ്കുവെച്ചു. “വല്ലാത്തൊരു അനുഭവമാണിത്. ഈ വീടുകളുടെ ശിലാസ്ഥാപന കർമത്തിനും ഗൃഹപ്രവേശന ചടങ്ങിനും പങ്കെടുക്കാനായത് ഏറെ സന്തോഷം നൽകുന്നു. ജനോപകാരപ്രദമായ പദ്ധതികൾ ആവിഷ്കരിക്കാൻ മണപ്പുറം ഫൗണ്ടേഷനും നടപ്പിലാക്കുന്നതിനായി എം എൽ എ അടക്കമുള്ള ജനപ്രതിനിധികളും സർവ്വ സഹായവുമായി ഭരണ നേതൃത്വവും ഉള്ളപ്പോൾ നമുക്ക് അപ്രാപ്യമായതൊന്നുമില്ല”. മന്ത്രി പറഞ്ഞു. ഗൃഹ പ്രവേശന ചടങ്ങിൽ മന്ത്രി മുൻകൈയെടുത്തു പാലു കാച്ചി കോളനിവാസികൾക്കായി നൽകി.
സി സി മുകുന്ദൻ എം എൽ എ അധ്യക്ഷത വഹിച്ചു. കോളനി നിവാസികൾക്കായി മൂന്നു മാസ്സ് ലൈറ്റ് നൽകുമെന്ന് അദ്ദേഹം ചടങ്ങിൽ പ്രഖ്യാപിച്ചു. മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീ വി പി നന്ദകുമാർ, ജില്ലാ കളക്ടർ കൃഷ്ണ തേജ ഐ എ എസ് എന്നിവർ മുഖ്യാഥിതികളായിരുന്നു. വി പി നന്ദകുമാറിന്റെ മാതാവ് സരോജിനി പത്മനാഭന്റെ സ്മരണാർത്ഥം തിരുപഴഞ്ചേരി കോളനിയിൽ നടപ്പിലാക്കുന്ന സ്വപ്ന പദ്ധതിയായ സായൂജ്യത്തിലുൾപ്പെടുത്തിയാണ് വീടുകൾ നിർമിച്ചുനൽകിയത്. “പാവങ്ങളെ സഹായിക്കുന്ന അമ്മയുടെ ശീലമത്രയും കണ്ടാണ് ഞാൻ വളർന്നത്. മനുഷ്യസ്നേഹത്തോളം വലുതൊന്നുമില്ലെന്നു പഠിപ്പിച്ചതും അമ്മതന്നെ. ആ അമ്മയുടെ പേരിൽ, തിരുപഴഞ്ചേരി കോളനിയിൽ കഴിയുന്നത്ര സഹായമെത്തിക്കാൻ സാധിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട് “. വി പി നന്ദകുമാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: