ഒരു കൊടുങ്കാറ്റ് ജനിച്ച ദിവസമാണിന്ന്! അത് ഒരു വില്ലുവണ്ടിയില്‍ കയറി പഴഞ്ചന്‍ വഴികളില്‍ വിപ്ലവം വിതറി പാഞ്ഞു പോയി. ആ കാറ്റിന്റെ ഇരമ്പമാണ് ദുരിതം ചുമന്ന് കാവടി പോലെ പാടത്തും പറമ്പിലും നിന്ന ചെറുമക്കളെ നിവര്‍ന്നു നോക്കാന്‍ പ്രേരിപ്പിച്ചത്. നേടുന്നതുമാത്രമല്ല ഉപേക്ഷിക്കുന്നതും സ്വാതന്ത്ര്യമാണ് എന്നവരെ പഠിപ്പിച്ചതും അതേ ശബ്ദമായിരുന്നു. കല്ലുമാലകള്‍ വലിച്ചെറിഞ്ഞ് പൊതുനിരത്തുകളും ചന്തകളും സ്വന്തമാക്കിയതങ്ങനെയായിരുന്നു.
ചേറില്‍ നിന്നും എഴുന്നേറ്റ് പൊതുവഴികളിലൂടെ വിദ്യാലയങ്ങളിലേക്ക് അവര്‍ നടന്നത് ആ വില്ലുവണ്ടിയെ പിന്‍പറ്റിയാണ്.എരിക്കപ്പെട്ട പള്ളിക്കൂടങ്ങളുടെയൊപ്പം അസമത്വങ്ങള്‍ക്കും ആ കാറ്റ് തീപിടിപ്പിച്ചു. അതിന്റെ ചാരത്തില്‍ നിന്നുമാണ് യഥാര്‍ത്ഥ നവോത്ഥാനമുണ്ടായത്.
വയലുകള്‍ യുദ്ധക്കളമാകുന്നതങ്ങനെയാണ്. ‘മുട്ടിപ്പുല്ലിന്റെ സമര കവിത’ നവോത്ഥാനത്തിന്റെ വിപ്ലവ മുദ്രാവാക്യമാകുന്നതങ്ങനെയാണ്. ‘പഞ്ചമി’യുടെ കൈപിടിച്ചു നിന്ന് ദുരധികാര ധാര്ഷ്ട്യങ്ങള്ക്കു നേരെ ‘എന്റെ കുഞ്ഞുങ്ങളെ പഠിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഈ കാണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് കുരുപ്പിക്കും’ എന്നു പറഞ്ഞതിനപ്പുറമൊരു വിപ്ലവത്താക്കീതും കേരളം ഇതുവരെ കേട്ടിട്ടില്ല.
ജാതി പരിഷ്കരിക്കാനിറങ്ങിവീശിയ കാറ്റല്ല അയ്യങ്കാളി. പുലയന് മനുഷ്യനാണ് എന്നായിരുന്നു ആദ്യം സ്ഥാപിക്കേണ്ടിയിരുന്നത്;പിന്നീടായിരുന്നു അവന്റെ മനുഷ്യാവകാശങ്ങള്‍.’നെല്ലിന് ചുവട്ടില്‍ മുളയ്ക്കും കാട്ടുപുല്ലല്ല സാധുപുലയന്‍’ എന്ന് തെളിയിക്കേണ്ടതുണ്ടായിരുന്നു. അയ്യങ്കാളിയുടെ വിപ്ലവത്തിന്റെ വില്ലുവണ്ടി പാഞ്ഞത് ആ വഴിയിലാണ്.
‘വര്‍ഗ്ഗസമര’ത്തിന്റെ സാമൂഹിക വീക്ഷണങ്ങളാണ് അയ്യങ്കാളിയെ മറച്ചു പിടിച്ച് നവോത്ഥാനത്തിന്റെ മേനി നടിക്കാന്‍ കൊതിച്ചത്. അത് സര്‍വ്വത്ര കീഴാള സമരങ്ങള്‍ക്കും തന്തയാവാന്‍ മത്സരിച്ചു. കാര്‍മണ്ണിലുയിരിട്ട ആശകള്‍ക്കു മേല്‍ അവകാശത്തിന്റെ കൊടികള്‍ നാട്ടി.
അസമത്വത്തിന്റെ കോട്ടകള്‍ തകര്‍ക്കാന്‍ കരുത്തുള്ള ആ കാറ്റ് കേരളത്തെ വീശി വിറപ്പിച്ച് കടന്നുപോയിട്ട് എണ്പത്തിയൊന്നു വര്‍ഷം കഴിഞ്ഞു പോയി. അതിനെ അറിയാനും അംഗീകരിക്കാനും കേരളവും.
ഭ്രാന്താലയത്തെ മനുഷ്യാലയമാക്കാന്‍ പ്രവര്‍ത്തിച്ച ധീരതയ്ക്ക്,തവിട്ടിലും തേടിയ ആ ‘അവിട്ട’ത്തിന് പ്രണാമങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: