തൃശൂര്‍ : നാടെങ്ങും ഓണാഘോഷത്തിന്റെ ലഹരിയില്‍ അമരുമ്പോള്‍ ജവഹര്‍ ബാലഭവനിലെ ജീവനക്കാര്‍ പട്ടിണിയില്‍. അഞ്ചുമാസമായി അവര്‍ക്ക് ശമ്പളം കിട്ടിയിട്ട്. തിരുവോണനാളില്‍ ബാലഭവന് മുന്നില്‍ പട്ടിണി സമരം നടത്തുമെന്ന് ബാലഭവന് ജീവനക്കാര്‍ പറഞ്ഞു.
മൂന്നുവര്‍ഷമായി ജവഹര്‍ ബാലഭവന് ഭരണസമിതിയില്ല. തിരുവനന്തപുരത്തുള്ള ഐ എഫ് എസ് ഉദ്യോഗസ്ഥയാണ് ഡയറക്ടര്‍. വല്ലപ്പോഴും മാത്രം ബാലഭവനില്‍ എത്തുന്ന ഇവര്‍ക്ക് ജീവനക്കാരുടെ പ്രശ്നമോ ബാലഭവന് നേരിടുന്ന പ്രശ്നമോ അറിയില്ല. ആരോട് പരാതി പറയണമെന്നറിയാതെ വലയുകയാണ് ജീവനക്കാര്‍ .
നിരവധിതവണ സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടും ഒരു ഫലവുമില്ല. 11 ജീവനക്കാരാണ് ഇവിടെയുള്ളത്.
ചിത്രകലയും നൃത്തവും സംഗീത ഉപകരണങ്ങളും പരിശീലിക്കാനായി വിദ്യാര്‍ഥികള്‍ കൂടുതലായി എത്തുന്നുണ്ട് ഇപ്പോള്‍. അതുകൊണ്ടുതന്നെ വരുമാനവും വര്‍ദ്ധിച്ചു. താല്‍ക്കാലിക ജീവനക്കാര്‍ക്ക് ഈ ഫണ്ടില്‍ നിന്ന് ശമ്പളം നല്‍കുന്നുണ്ട്. എന്നാല്‍ സ്ഥിരം ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല.
5 ലക്ഷത്തോളം രൂപയാണ് ഒരു മാസത്തെ ശമ്പളത്തിന് വേണ്ടത്. ഇത് നല്കാന് സര്‍ക്കാര്‍ തയ്യാറായാല്‍ പ്രശ്നം പരിഹരിക്കപ്പെടും.
പലവട്ടം തൃശ്ശൂരിലെ മൂന്ന് മന്ത്രിമാരെയും സമീപിച്ചെങ്കിലും കൈമലര്‍ത്തുകയായിരുന്നുവെന്ന് ജീവനക്കാരുടെ പ്രതിനിധികള്‍ പറഞ്ഞു. ഭരണസമിതിയെ തീരുമാനിക്കുന്നതില്‍ സിപിഎമ്മിനുള്ളില്‍ ഉടലെടുത്ത തര്‍ക്കമാണ് നടപടി അനന്തമായി നീളാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: